ന്യൂഡല്‍ഹി: ഡിവോഴ്സ് നേടിയിട്ടും പരസ്പര വിദ്വേഷം മാറാത്ത ദമ്പതികളോട് മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ നിര്‍ദേശിച്ച് കോടതി. 41 വര്‍ഷത്തിനിടയില്‍ 60 കേസുകളാണ് ദമ്പതികള്‍ പരസ്പരം കുറ്റമാരോപിച്ച് കോടതിയില്‍ ഫയല്‍ ചെയ്തത്.
ദമ്പതികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഒരുമിച്ച് ജീവിച്ച 30 വര്‍ഷത്തിനിടയിലും വേര്‍പിരിഞ്ഞതിന് ശേഷമുള്ള 11 വര്‍ഷത്തിനിടയിലുമായാണ് ദമ്പതികള്‍ ഇത്രയധികം കേസുകളുമായി കോടതിയെ സമീപിച്ചത്. കണക്കുകള്‍ കണ്ട കോടതി മധ്യസ്ഥ ചര്‍ച്ചകളിലൂടെ തര്‍ക്കത്തിന് രമ്യമായ പരിഹാരം കാണാന്‍ അഭിഭാഷകരോട് നിര്‍ദേശിക്കുകയും ഇക്കാലയളവില്‍ കോടതിയിലേക്ക് വരരുതെന്ന് ദമ്പതികള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.
”എന്ത് ചെയ്യാനാണ്. ചില ആളുകള്‍ക്ക് വഴക്ക് പിടിക്കാന്‍ വലിയ ഇഷ്ടമാണ്. അവര്‍ക്കെപ്പോഴും കോടതി കയറിയിറങ്ങണം. കോടതി കണ്ടില്ലെങ്കില്‍ അവര്‍ക്ക് ഉറക്കം വരില്ല”. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.