ചെറിയ കുട്ടികള്‍ക്ക് ടീച്ചര്‍മാരും സാറന്മാരും എന്തിനാണ് ഇത്രയധികം എഴുതാനും പഠിക്കാനും തരുന്നത്? ഇത് പ്രധാനമന്ത്രിയോട് ആറുവയസുകാരി ചോദിക്കുന്ന ചോദ്യമാണ്. കാശ്മീരി പെണ്‍കുട്ടിയുടേതാണ് പരാതി.
ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആറുവയസുകാരി പഠനഭാരം കൂടുതലാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്. അതീവഗൗരവത്തിലാണ് കുഞ്ഞിന്റെ വാക്കുകള്‍. പ്രധാനമന്ത്രിയ്ക്ക് വന്ദനം പറഞ്ഞും താനൊരു ആറു വയസ്സുകാരി പെണ്‍കുട്ടിയാണെന്ന് പരിചയപ്പെടുത്തിയുമാണ് സംസാരം ആരംഭിക്കുന്നത്.
വീഡിയോ വൈറലായതോടെ, ജമ്മു കാശ്മീര്‍ ലഫ്റ്റനന്റ് ജനറല്‍ മനോജ് സിന്‍ഹ നിഷ്‌കളങ്കമായ പരാതിയില്‍ പ്രതികരിച്ച് രംഗത്തെത്തി. കുഞ്ഞിന്റെ വീഡിയോ ഷെയര്‍ ചെയ്തതിനോടൊപ്പം കുട്ടികളുടെ പഠനഭാരം കുറയ്ക്കാനുള്ള പദ്ധതി 48 മണിക്കൂറിനുള്ളില്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് അദ്ദേഹം നിര്‍ദേശം നല്‍കി.
Modi saab ko is baat par zaroor gaur farmana chahiye😂 pic.twitter.com/uFjvFGUisI
— Namrata Wakhloo (@NamrataWakhloo) May 29, 2021
കുട്ടിയുടെ വാക്കുകള്‍;
‘സൂം ക്ലാസ്സുകളെ കുറിച്ച് ഞാന്‍ അങ്ങയോട് പറയാം. ആറ് വയസ് പ്രായമുള്ളവര്‍, അതായത് ചെറിയ കുട്ടികള്‍- അവര്‍ക്കെന്തിനാണ് ടീച്ചര്‍മാരും സാറന്മാരും ഇത്രയും പഠിക്കാനും എഴുതാനും തരുന്നത്? എനിക്ക് രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ക്ലാസ് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തീരുന്നത്.
ഇംഗ്ലീഷ്, കണക്ക്, പിന്നെ ഉറുദു, ഇ.വി.എസ്. പിന്നെ കമ്പ്യൂട്ടറും. ആറിലും ഏഴിലും പഠിക്കുന്ന വലിയ കുട്ടികള്‍ക്കാണ് ഇത്രയധികം പണി കൊടുക്കേണ്ടത്.’ തുടര്‍ന്ന് ഒരു നെടുവീര്‍പ്പ്. ‘എന്തു ചെയ്യാനാ, കുഴപ്പമില്ല, ഗുഡ് ബൈ മോദി സാബ്’