28.3 C
Kottayam
Saturday, April 27, 2024

ഫോണിലൂടെ കടമായി വാങ്ങിയ ലോട്ടറിക്ക് 6 കോടി സമ്മാനം,പണം പോലും ലഭിയ്ക്കാത്ത ടിക്കറ്റ് വീട്ടിലെത്തിച്ച് വനിതാ ഏജന്റ്

Must read

ആലുവ: സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ സമ്മര്‍ ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 6 കോടി രൂപ ലഭിച്ചതു ഫോണിലൂടെ കടമായി വാങ്ങിയ ടിക്കറ്റിന്. കീഴ്മാടില്‍ ചെടിച്ചട്ടി കമ്പനി ജോലിക്കാരനായ ചക്കംകുളങ്ങര പാലച്ചുവട്ടില്‍ പി.കെ. ചന്ദ്രനെ ഭാഗ്യദേവത അങ്ങോട്ട് അന്വേഷിച്ചെത്തുകയായിരുന്നു.

ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു മുന്‍പില്‍ ലോട്ടറി വില്‍ക്കുന്ന സ്മിജ കെ. മോഹനാണ് സമ്മനാര്‍ഹമായ ടിക്കറ്റ് നല്‍കിയത്. നറുക്കെടുപ്പു ദിവസമായ ഞായറാഴ്ച ഉച്ചയായിട്ടും വിറ്റുപോകാതെ സ്മിജയുടെ പക്കല്‍ ബാക്കിയായ 12 ടിക്കറ്റുകളില്‍ ഒന്നിനാണ് ഒന്നാം സമ്മാനം. സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന പലരെയും വിളിച്ചു സ്മിജ ടിക്കറ്റ് വേണോ എന്നു തിരക്കിയിരുന്നു. അക്കൂട്ടത്തിലാണു ചന്ദ്രനെയും വിളിച്ചത്. കൈവശമുള്ള ടിക്കറ്റുകളുടെ നമ്പറുകള്‍ സ്മിജ പറഞ്ഞപ്പോള്‍ അതില്‍ നിന്ന് എസ്ഡി 316142 നമ്പര്‍ ടിക്കറ്റ് എടുത്തു മാറ്റിവയ്ക്കാന്‍ ചന്ദ്രന്‍ പറഞ്ഞു. ടിക്കറ്റ് വിലയായ 200 രൂപ പിറ്റേന്നു തരാമെന്നും പറഞ്ഞു.

സ്മിജ ടിക്കറ്റ് മാറ്റിവച്ച ശേഷം അതിന്റെ ഫോട്ടോ ചന്ദ്രനു വാട്‌സാപ്പില്‍ അയച്ചു കൊടുത്തു. ഞായറാഴ്ച ഉച്ച കഴിഞ്ഞു ഫലം വന്നപ്പോഴാണ് ഒന്നാം സമ്മാനം ചന്ദ്രന്റെ ടിക്കറ്റിനാണെന്ന് അറിഞ്ഞത്. 6 കോടി രൂപ അടിച്ച ടിക്കറ്റ് അപ്പോള്‍ സ്മിജയുടെ പക്കല്‍ തന്നെയായിരുന്നു. പിന്നീട് അവരും ഭര്‍ത്താവ് രാജേശ്വരനും കൂടി അതു ചന്ദ്രന്റെ വീട്ടില്‍ എത്തിച്ചുകൊടുത്തു.

ചന്ദ്രന്‍ ടിക്കറ്റ് ഇന്നലെ എസ്ബിഐ കീഴ്മാട് ശാഖയില്‍ ഏല്‍പിച്ചു. നികുതി കഴിഞ്ഞു ചന്ദ്രനു 4 കോടി 20 ലക്ഷം രൂപ ലഭിക്കും. കടബാധ്യതകളും മറ്റും തീര്‍ത്തു ബാക്കി തുകകൊണ്ടു സ്വസ്ഥമായി ജീവിക്കാനാണു ചന്ദ്രന്‍ ഉദ്ദേശിക്കുന്നത്. 15 വര്‍ഷമായി സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണു ചന്ദ്രന്‍.

ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന കാക്കനാട് സര്‍ക്കാര്‍ പ്രസില്‍ താല്‍ക്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭര്‍ത്താവ് രാജേശ്വരനും. ജോലി നഷ്ടപ്പെട്ടപ്പോഴാണു ചുണങ്ങംവേലിയില്‍ റോഡരികില്‍ ലോട്ടറി തട്ട് ഇട്ടത്.

ലൈഫ് പദ്ധതിയില്‍ പട്ടിമറ്റം വലമ്പൂരില്‍ ലഭിച്ച വീട്ടിലാണു താമസം. ഇവരുടെ മൂത്ത മകന്‍ ജഗന്‍ (12) തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന രോഗത്തിനു ചികിത്സയിലാണ്. രണ്ടാമത്തെ മകന്‍ ലുഖൈദിനു (രണ്ടര) രക്താര്‍ബുദം വന്നു മാറി. പട്ടിമറ്റത്തെ ഒരു കടയില്‍ നിന്നു ടിക്കറ്റ് എടുത്താണു സ്മിജ വില്‍ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week