ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ എല്ലാ മലയാളികളെയും തിരിച്ചെത്തിച്ചു. 50 മലയാളികളാണ് ഇന്ന് ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് വ്യോമസേനയുടെ സി17 വിമാനത്തിലാണ് എല്ലാവരെയും മടക്കിക്കൊണ്ടുവന്നത്. ഗാസിയാബാദിൽ ഹിന്റോൺ വ്യോമസേനാത്താവളത്തിലാണ് വിമാനം ലാൻഡ് ചെയ്തത്.
അഫ്ഗാനിസ്ഥാനിൽ നിന്ന് 107 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 168 പേർ സി17 വിമാനത്തിലുണ്ടായിരുന്നു. എംപിമാർ അടക്കമുള്ള അഫ്ഗാൻ പൗരൻമാരും വിമാനത്തിലുണ്ടെന്നാണ് റിപ്പോർട്ട്. കാബൂളിൽ നിന്ന് പുറപ്പെട്ട വിമാനം ഇറാന്റെ വ്യോമപാത വഴിയാണ് ഗാസിയാബാദിൽ എത്തിയത്.
അഫ്ഗാനിൽ നിന്ന് ഞായറാഴ്ച മാത്രം 390 പേരെ രാജ്യത്തെത്തിച്ചു. 222 പേരുമായി രണ്ട് എയർ ഇന്ത്യ വിമാനം ഞായറാഴ്ച രാവിലെ എത്തിയിരുന്നു. തജിക്കിസ്ഥാനില്‍ നിന്നും ഖത്തറില്‍ നിന്നുമാണ് വിമാനമെത്തിയത്. യുഎസ് വിമാനങ്ങളില്‍ ദോഹയില്‍ എത്തിയ 135 പേരും ഇന്ത്യയിലെത്തി. ഇന്ത്യക്കാര്‍ക്കൊപ്പം രണ്ട് നേപ്പാള്‍ പൗരന്മാരെയും തിരിച്ചെത്തിച്ചു. രക്ഷാദൗത്യം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചിട്ടുണ്ട്.