25.1 C
Kottayam
Thursday, May 9, 2024

പണമിടപാട് സ്ഥാപനത്തില്‍ 45.5 ലക്ഷത്തിന്റെ തിരിമറി; വനിതാ ജീവനക്കാര്‍ അറസ്റ്റില്‍

Must read

പത്തനംതിട്ട: സീതത്തോട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്ന കേസില്‍ വനിതാ ജീവനക്കാര്‍ പോലീസ്പിടിയില്‍. സ്ഥാപനത്തിന്റെ മാനേജരായിരുന്ന കൊച്ചുകോയിക്കല്‍ പുതുപ്പറമ്പില്‍ രമ്യ (32), മറ്റൊരു ജീവനക്കാരി സീതത്തോട് മണികണ്ഠന്‍കാലാ കല്ലോണ്‍വീട്ടില്‍ ഭുവനമോള്‍ ടി.ബി. (32) എന്നിവരെയാണ് ചിറ്റാര്‍ പോലീസ് അറസ്റ്റുചെയ്തത്. കൊച്ചുകോയിക്കല്‍ മാറമ്പുടത്തില്‍ വീട്ടില്‍ റോയിയുടെ ഉടമസ്ഥതയിലുള്ള മാറമ്പുടത്തില്‍ ഫിനാന്‍സിലാണ് ക്രമക്കേടുകള്‍ നടന്നത്.

റോയി കുറെക്കാലം വിദേശത്തായിരുന്നു. ഈസമയത്താണ് ജീവനക്കാര്‍ സാമ്പത്തികതിരിമറി നടത്തിയത്. 45.5 ലക്ഷം രൂപയുടെ തിരിമറിയാണ് കണ്ടെത്തിയിട്ടുള്ളത്. സ്ഥാപനത്തില്‍ ആളുകള്‍ പണയംവെച്ച സ്വര്‍ണ ഉരുപ്പടികളുടെ വിവരങ്ങള്‍ റെക്കോഡുകളില്‍ രേഖപ്പെടുത്തിയശേഷം ഇവ മറ്റ് സ്ഥാപനങ്ങളില്‍ കൊണ്ടുപോയി പണയംവെച്ച് പണമെടുക്കുകയാണ് ജീവനക്കാര്‍ ചെയ്തത്. ആളുകള്‍ പണയംവെയ്ക്കുന്ന സ്വര്‍ണാഭരണങ്ങളുടെ തൂക്കത്തിലും വിലയിലും തിരിമറി കാട്ടിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സ്ഥാപനയുടമ അടുത്തിടെ തിരികെയെത്തി നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകള്‍ കണ്ടെത്തിയത്. സ്വര്‍ണയുരുപ്പടികള്‍ ചിലര്‍ തിരികെയെടുക്കാനെത്തിയെങ്കിലും പണയം സ്വീകരിച്ചതിന്റെ യാതൊരു രേഖയും സ്ഥാപനത്തിലില്ലായിരുന്നു. ഇത്തരത്തിലുള്ള ചില സംഭവങ്ങളില്‍, സ്ഥാപനയുടമ ആളുകള്‍ക്ക് പണം നല്‍കി ഒത്തുതീര്‍പ്പുണ്ടാക്കി.

സ്ഥാപനത്തിന്റെ മറവില്‍ ജീവനക്കാര്‍ സമാന്തര പണമിടപാട് നടത്തുകയും ചെയ്തിരുന്നു. ചില വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമൊക്കെ പണം കടം വാങ്ങിയശേഷം ഉയര്‍ന്ന പലിശയ്ക്ക് മറിച്ചുനല്‍കി. കൂടുതല്‍ തട്ടിപ്പുകള്‍ കണ്ടെത്തിയതോടെ സ്ഥാപനയുടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതിനിടെ, രമ്യ കോടതിയില്‍ കീഴടങ്ങിയതിനെത്തുടര്‍ന്ന് ഇവരെ റിമാന്‍ഡുചെയ്തു. ജയിലില്‍നിന്ന് പോലീസ് കസ്റ്റഡിയില്‍വാങ്ങിയ പ്രതിയെ വെള്ളിയാഴ്ച സീതത്തോട്ടിലെത്തിച്ച് തെളിവെടുത്തു. സീതത്തോട്ടിലെ ഒരു ഷെഡ്യൂള്‍ഡ് ബാങ്കില്‍നിന്ന് സ്വര്‍ണാഭരണങ്ങളില്‍ ചിലത് കണ്ടെടുത്തു. മറ്റൊരു ജീവനക്കാരിയായ ഭുവനമോളെ വെള്ളിയാഴ്ചയാണ് പോലീസ് അറസ്റ്റുചെയ്തത്. ചിറ്റാര്‍ എസ്.ഐ. സണ്ണിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week