ഏത് നേരവും മൊബൈല്‍ ഫോണില്‍; കലിപൂണ്ട പിതാവ് 15കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു

വിശാഖപട്ടണം: പതിനഞ്ചുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. വിശാഖപട്ടണം സ്വദേശിയായ 42കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മകള്‍ ഏത് സമയവും മൊബൈല്‍ ഫോണില്‍ സമയം ചിലവഴിക്കുന്നതില്‍ കലിപൂണ്ടാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി. പലതവണ ഇയാള്‍ മകളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

പിതാവിന്റെ പീഡനം കാരണം പെണ്‍കുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇതോടെ അധ്യാപിക കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം കുട്ടി പുറത്തുപറയുന്നത്. തുടര്‍ന്ന് അധ്യാപിക പിതാവിനെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി. സംഭവത്തില്‍ ഇയാള്‍ സ്‌കൂളില്‍വെച്ച് ക്ഷമ ചോദിച്ചെങ്കിലും അധ്യാപിക വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പ്രതിയുടെ ഭാര്യ അസുഖബാധിതയായി ചികിത്സയിലാണെന്നും ഇവര്‍ ചികിത്സയ്ക്കായി സ്വന്തം വീട്ടിലേക്ക് പോയതോടെയാണ് പ്രതി മകളെ ഉപദ്രവിക്കാന്‍ തുടങ്ങിയതെന്നും പോലീസ് പറഞ്ഞു.

രണ്ടു വര്‍ഷം മുമ്പ് പ്രതിയുടെ വൃക്ക മാറ്റിവെച്ചിരുന്നു. ഭാര്യയാണ് വൃക്ക നല്‍കിയത്. ഇതോടെ അസുഖബാധിതയായ ഇവര്‍ ചികിത്സയ്ക്കായി സ്വന്തം വീട്ടിലേക്ക് പോയി. ഭര്‍ത്താവിനെ പരിചരിക്കാനും വീട്ടിലെ കാര്യങ്ങള്‍ നോക്കാനും മകളെ ഏല്‍പ്പിച്ചാണ് ഇവര്‍ സ്വന്തം വീട്ടിലേക്ക് പോയത്. എന്നാല്‍ മകള്‍ അധിക സമയവും മൊബൈല്‍ ഫോണില്‍ സമയം ചിലവഴിക്കുന്നത് പിതാവിനെ ചൊടിപ്പിച്ചു.

ഇതിലുള്ള ദേഷ്യം കൊണ്ടാണ് മാസങ്ങള്‍ക്ക് മുമ്പ് മകളെ ആദ്യമായി പീഡിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി. പിന്നീട് പലതവണ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. ഇതോടെ പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News