27.1 C
Kottayam
Monday, May 6, 2024

ഒരിടത്ത് പോസിറ്റീവ്, മറ്റൊരിടത്ത് നെഗറ്റീവ്! ജനങ്ങളെ ചുറ്റിച്ച് ആര്‍.ടി.പി.സി.ആര്‍ ഫലം

Must read

കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധന ഫലങ്ങളിലെ വൈരുധ്യം ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. ഒരു ദിവസം തന്നെ രണ്ടു സ്ഥലത്ത് നടത്തിയ ആര്‍ടിപിസിആര്‍ ഫലങ്ങളിലെ വ്യത്യാസമാണ് ജനങ്ങളെ വലയ്ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ക്കാണ് ഒരു ദിവസം രണ്ടിടത്ത് എടുത്ത ആര്‍ടിപിആറിന്റെ പരിശോധനാ ഫലത്തില്‍ ഒന്നു പോസിറ്റീവും മറ്റൊന്നു നെഗറ്റീവുമായി കണ്ടത്. ശരിയായ ഫലമേതെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ജനങ്ങള്‍.

കഴിഞ്ഞ 20ന് ആര്‍പ്പൂക്കര മണലേല്‍പള്ളി കരിപ്പ ഭാഗത്തുള്ള 34കാരി മെഡിക്കല്‍ കോളജിലെ ദന്തരോഗ വിഭാഗത്തില്‍ പല്ല് റൂട്ട് കനാല്‍ ചെയ്യുന്നതിനായി എത്തി. ചികിത്സയ്ക്കു മുന്പ് മെഡിക്കല്‍ കോളജില്‍ തന്നെയുള്ള കൊറോണ പരിശോധനാ വിഭാഗത്തില്‍ ഇവര്‍ പരിശോധന നടത്തി. ഫലം പുറത്തു വന്നപ്പോള്‍ കോവിഡ് പോസിറ്റീവാണെന്ന് അധികൃതര്‍ ഫോണില്‍ വിളിച്ച് അറിയിച്ചു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ഉപദേശിക്കുകയും ചെയ്തു.

എന്നാല്‍, രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാത്ത തനിക്കു പൊസിറ്റീവാണെന്നു വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നു യുവതി പറയുന്നു. മാത്രമല്ല ഹൃദയ സംബന്ധമായ അസുഖമുള്ള വയോധികരായ മാതാപിതാക്കളുണ്ടെന്നും വീട്ടില്‍ത്തന്നെ കഴിഞ്ഞാല്‍ അവരെയും രോഗം ബാധിക്കുകയില്ലെ എന്ന ചോദ്യത്തിന് അധികൃതര്‍ മറുപടി നല്‍കിയില്ലെന്നും യുവതി കുറ്റപ്പെടുത്തുന്നു.

സംശയം തോന്നിയ യുവതി അന്നു രാത്രി സമീപത്തെ സ്വകാര്യ ലാബില്‍ വീണ്ടും സ്രവ പരിശോധന നടത്തി. 21ന് വൈകുന്നേരം ലഭിച്ച പരിശോധനാ ഫലത്തില്‍ നെഗറ്റീവ് എന്നായിരുന്നു. മെഡിക്കല്‍ കോളജിലെത്തുന്നതിനു രണ്ടു ദിവസം മുന്പ് 18 നു നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനാ ഫലവും നെഗറ്റിവായിരുന്നു. ഇതോടെ ഏതു ഫലം വിശ്വസിക്കണമെന്ന സംശയത്തിലാണ് യുവതി.

കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്നു തോന്നിയ മറ്റൊരു യുവാവ് സ്വകാര്യ ലാബില്‍ നടത്തിയ ഫലം നെഗറ്റീവായതോടെയാണ് കോട്ടയം മെഡിക്കല്‍ കോളജിലെത്തി സ്രവ പരിശോധന നടത്തിയത്. അതില്‍ പോസിറ്റീവെന്നു തെളിയുകയും യുവാവ് കോവിഡ് ചികിത്സയ്ക്കു വിധേയമാവുകയും ചെയ്തു. ഇത്തരത്തില്‍ വിവിധ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതോടെ എവിടെ നിന്നുള്ള പരശോധന ഫലമാണ് കൃത്യമെന്നുള്ള സംശയത്തിലാണ് ജനങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week