KeralaNews

കോട്ടയത്ത് 35000 പക്ഷികളെ ചുട്ടുകൊല്ലും

കോട്ടയം: കോട്ടയം ജില്ലയില്‍ മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലെ കട്ടമട, വലിയപുതുക്കരി-പുല്ലൂഴിച്ചാല്‍ പ്രദേശം, കല്ലറയിലെ വാര്‍ഡ് ഒന്ന് വെന്തകരി കിഴക്കേച്ചിറ പ്രദേശം, അയ്മനത്തെ വാര്‍ഡ് ഒന്നിലെ കല്ലുങ്കത്തറ ഐക്കരശാല പാടശേഖര പ്രദേശം എന്നിവിടങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് എച്ച്5എന്‍1 വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബില്‍ അയച്ച സാമ്പിളുകളുടെ പരിശോധനയിലാണ് സ്ഥിരീകരണം.

പക്ഷിപ്പനി തടയുന്നതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിച്ചു. രോഗംസ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ താറാവ് അടക്കമുള്ള പക്ഷികളെ കൊന്നു നശിപ്പിക്കും. നശീകരണ പ്രവര്‍ത്തനങ്ങള്‍ നാളെ(ഡിസംബര്‍ 15) രാവിലെ ആരംഭിക്കും. ഇതിനായി മൃഗസംരക്ഷണവകുപ്പിന്റെ 10 ദ്രുതകര്‍മസേന സംഘങ്ങളെ നിയോഗിച്ചു. ഒരു വെറ്ററിനറി ഡോക്ടര്‍, ഒരു ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, മൂന്നു സഹായികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഒരു സംഘം.

കല്ലറ- രണ്ട്, വെച്ചൂര്‍- അഞ്ച്, അയ്മനം-മൂന്ന് എന്നിങ്ങനെയാണ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്. പ്രദേശത്ത് അണുനശീകരണവും നടത്തും. 28500 മുതല്‍ 35000 വരെ പക്ഷികളെ നശിപ്പിക്കേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പക്ഷിപ്പനി നിയന്ത്രണത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശപ്രകാരമാണ് പക്ഷികളെ നശിപ്പിക്കുക.

രോഗബാധ സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) എന്നിവയുടെ വിപണനവും പുറത്തേക്ക് കൊണ്ടുപോകലും നിരോധിച്ചിട്ടുണ്ട്. പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ താറാവ്, കോഴി, മറ്റു പക്ഷികള്‍ എന്നിവയെ തീറ്റയ്ക്കായി കൊണ്ടു നടക്കുന്നതിനും നിരോധനമുണ്ട്. പ്രദേശങ്ങളില്‍ ശക്തമായ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോട്ടയം, വൈക്കം തഹസില്‍ദാര്‍മാരെ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായി നിയോഗിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ഇവര്‍ക്കാണ്. ദേശാടനപക്ഷികളുടെ അസ്വഭാവിക മരണങ്ങള്‍ നിരീക്ഷിക്കുന്നതിന് വനം-വന്യജീവി വകുപ്പിനെ ചുമതലപ്പെടുത്തി.

കല്ലറയില്‍ ഒരു ദിവസം കൊണ്ടും വെച്ചൂരില്‍ മൂന്നുദിവസം കൊണ്ടും അയ്മനത്ത് രണ്ടു ദിവസം കൊണ്ടും പക്ഷികളെ നശിപ്പിക്കാന്‍ കഴിയുമെന്നും പക്ഷിപ്പനി പടരുന്നത് തടയാന്‍ കഴിയുമെന്നുമാണ് വിലയിരുത്തല്‍. അറുപതു ദിവസത്തില്‍ താഴെ പ്രായമുള്ള താറാവിന് 100 രൂപയും അതിനു മുകളിലുള്ളവയ്ക്ക് 200 രൂപയുമാണ് കര്‍ഷകര്‍ക്ക് ധനസഹായമായി നല്‍കുകയെന്ന് കളക്ടര്‍ പറഞ്ഞു. വെച്ചൂര്‍, കുമരകം എന്നിവിടങ്ങളില്‍നിന്നുള്ള സാമ്പികളുകള്‍ കൂടി ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button