FeaturedHome-bannerKeralaNews

327 ആരോഗ്യപ്രവർത്തകർ സമ്പർക്കപ്പട്ടികയിൽ; ക്വാറന്റീൻ ലംഘിച്ച് ദമ്പതിമാർ,കേസെടുക്കും

കോഴിക്കോട്‌: നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാട്ടെ വീട്ടിൽ താമസിച്ച നാദാപുരം സ്വദേശികളായ ദമ്പതിമാർ ക്വാറന്റീൻ ലംഘിച്ചതായി കണ്ടെത്തി. നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ 19-ാം വാർഡിലെ വീട്ടിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് വീട്ടുകാരായ യുവതിയും ഭർത്താവും പുറത്തുപോയതായി കണ്ടെത്തിയത്.

നിപബാധിച്ച് മരിച്ച ആളുടെ ബന്ധുക്കളായ ഇവർ മരണവീട്ടിൽ രണ്ടുദിവസത്തിലധികം താമസിച്ചിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇവരുടെ വിവരം നാദാപുരം പോലീസിന് കൈമാറി. പകർച്ചവ്യാധിനിയന്ത്രണനിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചേർത്ത് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

നാദാപുരത്ത് ഏഴുപേരാണ് ക്വാറന്റീനിലുള്ളത്. ഇവരുടെ സ്രവം പരിശോധിക്കാനുളള സംവിധാനം ആരോഗ്യവകുപ്പ് ഒരുക്കിയിരുന്നു. മൊബൈൽ ലാബ് സംവിധാനത്തിലൂടെയുള്ള പരിശോധനയ്ക്കാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തുന്നത്. നാദാപുരം ഗവ. താലൂക്കാശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ.പി.എച്ച്. എൻ. വിസ്മയ, ആശാവർക്കർ അനില എന്നിവർ വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീട്ടിലെത്തിയപ്പോൾ അവിടെ കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. യുവതിയും ഭർത്താവും രാവിലെ വീട്ടിൽനിന്ന് പുറത്തുപോയതായി ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായി.

നിപ രോഗവ്യാപനത്തെ ചെറുക്കാൻ ജില്ലയിൽ ഒറ്റക്കെട്ടായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സർവകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രോഗവ്യാപനനിരക്ക് കുറയ്ക്കാനുള്ള നടപടികൾ കാര്യക്ഷമമായി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓഗസ്റ്റ് 30-ന് മരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിലുള്ള മുഴുവൻപേരുടെയും സാംപിൾ എടുത്ത് പരിശോധിക്കും. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലാ മാനസികാരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂമിൽ മാനസികപിന്തുണാസംവിധാനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ലാബ് പ്രവർത്തിച്ചുതുടങ്ങി. രണ്ട് യന്ത്രങ്ങൾ ഉപയോഗിച്ച് ഒരേസമയം 192 സാംപിളുകൾ പരിശോധിക്കാനുള്ള സംവിധാനമാണ് ഉള്ളത്. എൻ.ഐ.വി. പുണെ മൊബൈൽലാബും മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്നുണ്ട്. പരിശീലനം നേടിയ വൊളന്റിയർമാരുടെ നേതൃത്വത്തിൽ കൺടെയിൻമെന്റ് സോൺ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആവശ്യമായ മാസ്ക്, പി.പി.ഇ. കിറ്റ് തുടങ്ങിയവ ശേഖരിച്ചിട്ടുണ്ട്. തെറ്റായ പ്രചാരണം നടത്തുന്നവരെ കണ്ടെത്താൻ പോലീസ് സംവിധാനം ജില്ലയിൽ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വീടുകൾതോറും സർവേ നടക്കുന്നുണ്ട്.

യോഗത്തിൽ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. പി.പി.ഇ. കിറ്റ്, മാസ്ക് ഉൾപ്പെടെയുള്ള പ്രതിരോധസാധനങ്ങൾ വാങ്ങുന്നതിന് എം.പി. ഫണ്ടിൽനിന്ന് തുക അനുവദിക്കുന്നകാര്യം പരിഗണിക്കുമെന്ന് എളമരം കരീം എം.പി. പറഞ്ഞു. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ. മുരളീധരൻ എം.പി.,എം.എൽ.എ.മാരായ പി.ടി.എ. റഹീം, ടി.പി. രാമകൃഷ്ണൻ, തോട്ടത്തിൽ രവീന്ദ്രൻ, ഇ.കെ. വിജയൻ, കെ.പി. കുഞ്ഞമ്മദ്കുട്ടി, കളക്ടർ എ. ഗീത, എ.ഡി.എം. സി. മുഹമ്മദ് റഫീഖ് തുടങ്ങിയവരും പങ്കെടുത്തു.

ഡയാലിസിസ് ഉൾപ്പെടെ ചികിത്സ ലഭിക്കേണ്ട രോഗികൾ കൺടെയിൻമെൻറ് സോണിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് ചികിത്സ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോർജ് നിർദേശിച്ചു. വീടുവീടാന്തരം കയറിയുള്ള സർവേ നടപടികൾ പുരോഗമിക്കുമ്പോഴും അവരുടെ മാനസികപിന്തുണ ഉറപ്പുവരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന തദ്ദേശസ്വയംഭരണസ്ഥാപന മേധാവിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാരും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നൽകുന്ന നിർദേശങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൃത്യമായി നടപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു. ആർ.ആർ.ടി. വൊളന്റിയർമാർക്ക് ജില്ലാ ഭരണകൂടം നൽകുന്ന ബാഡ്ജുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾവഴി വിതരണംചെയ്യും. തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷന്മാർ നിലവിലെ പ്രതിരോധപ്രവർത്തനവും നിർദേശങ്ങളും യോഗത്തിൽ അവതരിപ്പിച്ചു.

എല്ലാ വാർഡുകളിലും ആർ.ആർ.ടി. അംഗങ്ങളെ നിയോഗിച്ചതായും കൺടെയിൻമെൻറ് സോണിൽ ഉൾപ്പെട്ടവർക്ക് ഭക്ഷണവും മരുന്നും ഉൾപ്പെടെ ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുള്ളതായും തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു ജില്ലയിൽ 58 വാർഡുകളാണ് കൺടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ കൺടെയ്ൻമെന്റ് സോൺ നിശ്ചയിച്ച് ഒമ്പത്‌ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചിരുന്നു. ഇവിടങ്ങളിലായുള്ള ഇരുപത്തിനാലായിരത്തോളം വീടുകളിൽ ഭക്ഷണം എത്തിക്കൽ ഉൾപ്പെടെ നടത്താൻ യോഗം തീരുമാനിച്ചിരുന്നു. ഇവയെല്ലാം വളരെ ഫലപ്രദമായി നടന്നതായി വെള്ളിയാഴ്ച ചേർന്ന യോഗം വിലയിരുത്തി.

ഇതിന് നേതൃത്വം കൊടുത്ത ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികൾ, ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി, ആരോഗ്യ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരെ ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസ് അഭിനന്ദിച്ചു.

നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ 11 വയസ്സുകാരനെ നിപ ലക്ഷണത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

ശക്തമായ പനിയും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നിപ ബാധിച്ച്‌ മരിച്ചയാളുടെ കള്ളാട്ടെ വീട്ടിൽ താമസിച്ചതിനെത്തുടർന്ന് ക്വാറന്റീനിൽ കഴിയുന്ന കുടുംബത്തിലെ അംഗമാണ് കുട്ടി. പരിചരണത്തിനായി മാതാവിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

നിപ ബാധിച്ച് മരിച്ച മംഗലാട് സ്വദേശിയുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ആരോഗ്യവകുപ്പ് ഇതിനായി കിണഞ്ഞുശ്രമിക്കുന്നുണ്ടെങ്കിലും സമ്പർക്കമുള്ള ചിലർ വിവരം പുറത്തുപറയാത്തത് വെല്ലുവിളിയാകുന്നുണ്ട്. രോഗലക്ഷണം പ്രകടമായശേഷം ഹാരിസ് പോയ സ്ഥലങ്ങളിൽ പരമാവധി ഇടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നാല് ആശുപത്രികളിൽ ഹാരിസ് വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി പോയിരുന്നു. ഇവിടങ്ങളിൽ സമ്പർക്കമുള്ള ആരോഗ്യപ്രവർത്തകരെ ഉൾപ്പെടെ കണ്ടെത്തി ക്വാറന്റീനിലാക്കിയിട്ടുണ്ട്.

ഇതിൽ ആശുപത്രികളിൽ ആ സമയം ചികിത്സയ്ക്കെത്തിയവരുമുണ്ട്. ഇതിനുമുമ്പ് ബന്ധുവീട്ടിലും ഒരു സൂപ്പർമാർക്കറ്റിലും പോയതായി റൂട്ട് മാപ്പിലുണ്ട്. ഇവിടങ്ങളിൽ സമ്പർക്കമുള്ളവരെയും കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച ഹാരിസ് പള്ളിയിൽ നിസ്കാരത്തിന് പോയിരുന്നു. ആ സമയത്ത് പള്ളിയിലുണ്ടായിരുന്ന 32 പേരുടെ വിവരം ആരോഗ്യവകുപ്പിന് കിട്ടിയിട്ടുണ്ട്. ഇതിൽക്കൂടുതൽ ആളുകളുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

ഇതേപോലെ ഈ ദിവസങ്ങളിൽ മറ്റെവിടെവെച്ചെങ്കിലും ഹാരിസുമായി സമ്പർക്കം പുലർത്തിയവരുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

സമ്പർക്കമുള്ളവർ ഇക്കാര്യം സ്വയംവെളിപ്പെടുത്തണമെന്നാണ് ആരോഗ്യവകുപ്പ് അഭ്യർഥിക്കുന്നത്. രോഗനിയന്ത്രണത്തിന് ഇത് അനിവാര്യമാണ്.

കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ 24 വരെ ഓൺലൈൻ വഴിയായിരിക്കും ക്ലാസുകൾ. പ്രൊഫഷണൽ കോളേജുകൾക്കും ട്യൂഷൻ സെന്ററുകൾക്കും ഇതു ബാധകമാണെന്ന് കളക്ടർ എ. ഗീത അറിയിച്ചു.

മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽനടന്ന യോഗത്തിലാണ് തീരുമാനം. കൈറ്റിന്റെ സഹായത്തോടെ ഓൺലൈൻ ക്ലാസ് നടത്താനുള്ള സഹായങ്ങൾ വിദ്യാഭ്യാസമന്ത്രി വാഗ്ദാനംചെയ്തു.

നിപ സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്ന ഒമ്പതുവയസ്സുകാരൻ ഉൾപ്പെടെയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. എന്നാൽ, ഒമ്പതുവയസ്സുകാരനെ വെന്റിലേറ്ററിൽനിന്ന് മാറ്റിയിട്ടില്ല.

പോസിറ്റീവായവരിൽ മൂന്നുപേർ സ്വകാര്യാശുപത്രികളിലും ഒരാൾ മെഡിക്കൽ കോളേജിലുമാണുള്ളത്. ആകെ 17 പേരാണ് മെഡിക്കൽ കോളേജിൽ ഐസൊലേഷനിലുള്ളത്. ഇതിൽ ആദ്യം മരിച്ച മുഹമ്മദലിയുടെ കബറടക്കത്തിൽ പങ്കെടുത്ത കുഞ്ഞുമുണ്ട്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ 327 പേർ ആരോഗ്യപ്രവർത്തകരാണ്. വെള്ളിയാഴ്ച നാലുവരെ 100 സാംപിളുകൾകൂടി പരിശോധനയ്ക്കയച്ചു. സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധനഫലം നെഗറ്റീവാണെങ്കിലും 21 ദിവസം ഐസൊലേഷനിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്.

ആദ്യം മരിച്ചയാളുമായി സമ്പർക്കത്തിൽവന്നവരാണ് പിന്നീട് പോസിറ്റീവായവരെല്ലാം എന്നതിനാൽ അദ്ദേഹവുമായി അടുത്തിടപെട്ട, ലക്ഷണങ്ങളില്ലാത്തവരെ ഉൾപ്പെടെ എല്ലാവരുടെയും സാംപിൾ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലപ്പുറത്തെ 22 പേരും കണ്ണൂരിലെയും തൃശ്ശൂരിലെയും മൂന്നുപേർവീതവും വയനാട്ടിലെ ഒരാളും സമ്പർക്കപ്പട്ടികയിലുണ്ട്. മറ്റുജില്ലകളിലെ 29 പേരുമുണ്ട്. ഇവരെല്ലാം രോഗം ബാധിച്ചവർ ആശുപത്രിയിലുള്ളപ്പോൾ സമ്പർക്കമുണ്ടായവരാണ്.

സമ്പർക്കപ്പട്ടികയിൽ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ കണ്ടെത്തുന്നതിന് മൊബൈൽ ലെക്കേഷൻകൂടി പരിശോധിക്കുന്നുണ്ട്. കൺടെയ്ൻമെന്റ് സോണുകളിലെ 10,714 വീടുകളിൽ സർവേയും നടത്തി.

നിപ വ്യാജസൃഷ്ടിയെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യുവാവിന്റെ പേരിൽ പോലീസ് കേസെടുത്തു. നിപ വ്യാജസൃഷ്ടിയാണെന്നും ഇതിനുപിന്നിൽ വൻകിട ഫാർമസികമ്പനിയാണെന്നും ആരോപിച്ച് പോസ്റ്റിട്ട കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽകുമാറിന്റെ പേരിലാണ്‌ കേസ്.

ഐ.ടി. ആക്ട് പ്രകാരമാണ് കേസെടുത്തത്. നിപ പ്രതിരോധപ്രവർത്തനങ്ങളെ എതിർത്ത് സാമൂഹികമാധ്യമങ്ങൾവഴി തെറ്റായരീതിയിൽ പ്രചരിപ്പിക്കുകയും ആരോഗ്യപ്രവർത്തകരെ നിരുത്സാഹപ്പെടുത്തുകയും ചെയ്തതിനാണ് കേസ്. സംഭവം വിവാദമായ ഉടനെ അനിൽകുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും ഇതിനകം ഒട്ടേറെപ്പേർ പോസ്റ്റ് കണ്ടിരുന്നതായി പോലീസ് പറഞ്ഞു. ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് റൂറൽ എസ്.പി. കറപ്പസാമി അറിയിച്ചു

കുറ്റ്യാടി: നിപ സ്ഥിരീകരിച്ച മരുതോങ്കര പഞ്ചായത്തിലെ കള്ളാടുനിന്ന് പ്രത്യേകസംഘം വവ്വാലിനെ പിടികൂടി. വെള്ളിയാഴ്ച കേന്ദ്രസംഘം കള്ളാട് മരിച്ച മുഹമ്മദലിയുടെ വീടും പരിസരവും സന്ദർശിച്ചതിനുപിന്നാലെയാണ് വവ്വാലിനെ പിടികൂടാൻ തറവാടുവീടിനുസമീപത്തെ തോട്ടത്തിൽ വല സ്ഥാപിച്ചത്.

വൈകീട്ട് ആറുമണിയോടെ രണ്ടു വവ്വാലുകൾ ഇതിൽ കുടുങ്ങുകയും ചെയ്തു. തമിഴ്നാട്ടിൽനിന്നെത്തിയ പ്രത്യേകസംഘത്തിന്റെ നേതൃത്വത്തിലാണ് വവ്വാലുകളെ പിടികൂടിയത്. പി.പി.ഇ. കിറ്റ് ഉൾപ്പെടെ ധരിച്ച് എല്ലാവിധ മുന്നൊരുക്കങ്ങളോടുകൂടിയാണ് സംഘമെത്തിയത്. പിടികൂടിയ വവ്വാലുകളെ നിപ വൈറസ് സാന്നിധ്യം അറിയാൻ പരിശോധനയ്ക്കായി കൊണ്ടുപോയി.

നേരത്തേ കേന്ദ്രസംഘം ഇവിടെ സന്ദർശിച്ചപ്പോൾ വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 20-ന് മുഹമ്മദലി സന്ദർശിച്ച കാവിലുംപാറയിലെ തോട്ടത്തിലും കേന്ദ്രസംഘം പോയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button