മുംബൈ:രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. തുടർച്ചയായ നാലാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടതോടെ ആശുപത്രികളിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമായി. ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയിടങ്ങളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. സംസ്ഥാനങ്ങൾ കേന്ദ്രത്തോടാവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം വാക്സീൻ ക്ഷാമവും രൂക്ഷമാണ്.
ക്ഷാമം പരിഹരിക്കാനുള്ള നട പടികൾ ഊർജ്ജിതമാക്കിയതായി പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കി. തൽക്കാലം ലോക്ക് ഡൗണിനെ കുറിച്ചാലോചിക്കുന്നില്ലെന്നും രോഗനിയന്ത്രണത്തിൽ എല്ലാവരും സഹകരിക്കണമെന്നും മോദി പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷ്വറൻസ് പദ്ധതി കേന്ദ്ര സർക്കാർ പുനസ്ഥാപിച്ചു. മാർച്ച് 24ന് പദ്ധതി അവസാനിപ്പിച്ച് ഉത്തരവിറക്കിയ കേന്ദ്രസർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇൻഷ്വറൻസ് തുടരാനുള്ള തീരുമാനം.
ഒരു വർഷത്തേക്ക് കൂടി പദ്ധതി നീട്ടിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ് വർധൻ അറിയിച്ചു. ഒപ്പം പദ്ധതി നീട്ടിയതായുള്ള ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസാണ് ആരോഗ്യ പ്രവർത്തകർക്ക് വാക്സീൻ നൽകിയത് ചൂണ്ടിക്കാട്ടിയും, ചെലവ് ചുരുക്കൽ നീക്കത്തിൻ്റെ ഭാഗമായും അവസാനിപ്പിച്ചത്.