തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് മാസ്‌ക് ധരിക്കാതെയും കരുതലില്ലാതെയും യോഗത്തില്‍ പങ്കെടുത്തതു മൂലം കൊവിഡ് ബാധിച്ചത് ഇരുപത്തിയഞ്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്, നേതാവിന്റെ ജാഗ്രതക്കുറവ് പാര്‍ട്ടിയെ കൊവിഡിന്റെ പിടിയിലാക്കിയത്.
ഏപ്രില്‍ ഒന്നിന് അമ്പലമുക്കിലെ പാര്‍ട്ടി ഓഫിസിലാണ് യോഗം നടന്നത്. മണ്ഡലത്തിന്റെ മേല്‍നോട്ടച്ചുമതലയുള്ള നേതാവ് പങ്കെടുത്ത യോഗത്തിന് അന്‍പതോളം പേരാണ് എത്തിയത്. മാസ്‌ക് ധരിക്കാതെയെത്തിയ നേതാവ് യോഗത്തിനിടെ ചുമക്കുകയും തുമ്മുകയും ചെയ്യുന്നുണ്ടായിരുന്നെന്ന് പങ്കെടുത്തവര്‍ പറയുന്നു.
മാസ്‌ക് ധരിക്കാന്‍ അപ്പോള്‍ തന്നെ ചിലര്‍ ആവശ്യപ്പെട്ടെങ്കിലും നേതാവ് ശ്രദ്ധിച്ചില്ല. തനിക്കു നല്ല പ്രതിരോധ ശേഷിയുണ്ടെന്നും വൈറസ് ഒന്നും പിടികൂടില്ലെന്നുമായിരുന്നത്രേ, നേതാവിന്റെ പ്രതികരണം. പിറ്റേന്നു തന്നെ നേതാവ് കോവിഡ് പോസിറ്റിവ് ആയതോടെ യോഗത്തില്‍ പങ്കെടുത്തവര്‍ ആശങ്കയിലായി. എല്ലാവരും ക്വാറന്റൈനില്‍ പോവുകയും പരിശോധന നടത്തുകയും ചെയ്തു.
ഇതുവരെ ഇരുപത്തിയഞ്ചു പേരുടെ പരിശോധനാ ഫലം പോസിറ്റിവ് ആണെന്നാണ് അറിയുന്നത്. പലരും സമീപത്തെ ആശുപത്രികളിലാണ്. ചിലര്‍ വീടുകളില്‍ തുടരുന്നു. നേതാവിന്റെ അശ്രദ്ധയോടെയുള്ള പെരുമാറ്റം പാര്‍ട്ടിയില്‍ കൂട്ട രോഗബാധയുണ്ടാക്കിയതിന്റെ അതൃപ്തി പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. ഇങ്ങനെ പെരുമാറുന്നവര്‍ വീട്ടില്‍ ഉള്ളവര്‍ക്കും കൂടെയുള്ളവര്‍ക്കുമൊക്കെ രോഗം സംഭാവന ചെയ്യുകയാണെന്ന് അവര്‍ പറയുന്നു.