കൂട്ടുകാരന്റെ അമ്മയെ തന്ത്രപൂര്‍വ്വം വീട്ടില്‍ നിന്നിറക്കി ബലാത്സംഗം ചെയ്യാന്‍ ശ്രമം; 23കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: അര്‍ധരാത്രി സുഹൃത്തിന്റെ അമ്മയെ തന്ത്രപൂര്‍വം വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ 23 കാരന്‍ അറസ്റ്റില്‍. കല്ലമ്പലം നാവായിക്കുളം വടക്കേ വയല്‍ സ്വദേശി കുന്നുവിള വീട്ടില്‍ പ്രദീപിനെയാണ് ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് ഒന്‍പതിന് അര്‍ധരാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

നാവായിക്കുളം സ്വദേശിയായ വീട്ടമ്മയുടെ മകന്റെ കൂട്ടുകാരനാണ് അറസ്റ്റിലായ പ്രദീപ്. ഭര്‍ത്താവ് മരിച്ച 44 കാരിയായ വീട്ടമ്മ മകനുമൊത്താണ് താമസിക്കുന്നത്. വീട്ടമ്മയുടെ മകനും പ്രതിയും സമപ്രായക്കാരും അടുത്ത സുഹൃത്തുക്കളുമാണ്. എന്നാല്‍, സംഭവ ദിവസം രാത്രി വീട്ടമ്മയുടെ മകനുമായി പ്രദീപ് മദ്യപിച്ചു. ഇതിനുശേഷം അയാളെ അയാളുടെ ഭാര്യവീട്ടില്‍ പ്രദീപ് കൊണ്ടുചെന്നാക്കി. രാത്രി 12 മണിയോടെ പ്രദീപ് വീട്ടമ്മയുടെ നാവായിക്കുളത്തുള്ള വീട്ടിലേക്ക് പോയി.

വീട്ടില്‍ ചെന്ന് കതകില്‍തട്ടിവിളിക്കുകയും മകന്‍ മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്നു എന്നുപറഞ്ഞ് അവരെ വിളിച്ചിറക്കി തൊട്ടടുത്ത റബര്‍ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. അവിടെ വെച്ച് അവരെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു. വീട്ടമ്മ നിലവിളിച്ചതിനെ തുടര്‍ന്നു പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. ശേഷം സ്വന്തം വീട്ടിലെത്തി ഒളിച്ചിരുന്ന പ്രതിയെ വീട്ടമ്മയുടെ പരാതിയില്‍ നേരം പുലരും മുമ്പ് തന്നെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News