ഭോപ്പാല്‍: 30000 രൂപ പ്രതിമാസ ശമ്പളം വാങ്ങുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത വസ്തുവകകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് മധ്യപ്രദേശുകാര്‍. ഏഴ് ആഡംബര കാറുകള്‍ ഉള്‍പ്പടെ 20 വാഹനങ്ങള്‍, 30 ലക്ഷം രൂപയുടെ ടിവി, 20000 ചതുരശ്ര അടി ഭൂമി, വിലപിടിപ്പുള്ള ഗിര്‍ ഇനത്തില്‍പ്പെട്ട പന്ത്രണ്ടോളം കന്നുകാലികള്‍ തുടങ്ങിയ കോടികളുടെ സ്വത്തുവകകളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.
അനിധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ലോകായുക്ത പ്രത്യേക പോലീസ് സംഘം മധ്യപ്രദേശ് പോലീസ് ഹൗസിങ് കോര്‍പ്പറേഷനിലെ ഒരു വനിതാ അസിസ്റ്റന്റ് എഞ്ചിനീയറുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് ഏഴ് കോടിയോളം രൂപയുടെ വസ്തുവിവരങ്ങളുടെ രേഖകള്‍ പിടിച്ചെടുത്തു.
കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹേമ മീണയ്‌ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. മീണയുടെ പ്രതിമാസ ശമ്പളം 30,000 രൂപ മാത്രമാണ്. ഏഴ് വര്‍ഷം മാത്രമാണ് ഇവര്‍ക്ക് സര്‍വീസുള്ളത്. ഇതിനിടയിലാണ് കോടികള്‍ അനധികൃതമായി സമ്പാദിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
മീണയുടെ വീട്ടില്‍ നടന്ന റെയ്ഡിനിടെ 30 ലക്ഷം രൂപ വില വരുന്ന പുത്തന്‍ സ്മാര്‍ട്ട് ടിവിയും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ഭോപ്പാലില്‍ പിതാവിന്റെ പേരില്‍ 20,000 ചതുരശ്ര അടി ഭൂമി സ്വന്തമാക്കിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
സ്വന്തം പേരില്‍ മാത്രമല്ല, കുടുംബാംഗങ്ങളുടെ പേരിലാണ് മീണ അധികവും സ്വത്ത് സമ്പാദിച്ചിട്ടുള്ളത് എന്നതിലാണ് കൂടുതല്‍ ആസ്തികള്‍ വെളിപ്പെടാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. വ്യാഴാഴ്ച മാത്രം നടത്തിയ റെയ്ഡിലാണ് ഏഴ് കോടിയുടെ സ്വത്ത് വകകള്‍ കണ്ടെത്തിയത്.
ആഡംബര വസതിക്ക് പുറമെ റൈസണിലും വിദിഷയിലും ഇവര്‍ക്ക് ഭൂമിയുണ്ടെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. മധ്യപ്രദേശ് പോലീസ് ഹൗസിങ് കോര്‍പ്പറേഷന്‍ പദ്ധതികളിലെ സാധന സാമഗ്രികള്‍ മീണ തന്റെ വീട് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തി. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കാര്‍ഷിക യന്ത്രങ്ങളും ഇവിടെയുണ്ട്.