ലഡാക്കിൽ രാജ്യത്തിന് നഷ്ടമായത് 20 വീരപുത്രൻമാരെ, സംഘർഷഭൂമിയിൽ നിന്ന് ഇന്ത്യയും ചെെനയും പിൻമാറിയതായി കരസേന
ലഡാക് : ഇരുപതിലേറെ ഇന്ത്യന്‍ സൈനികരുടെ മരണത്തിന് കാരണമായ ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ സംഭവസ്ഥലത്ത് നിന്നും പിന്മാറിയതായി കരസേന അറിയിച്ചു.
സംഘര്‍ഷത്തില്‍ ഇരുപത് സൈനികര്‍ വീരമൃത്യു വരിച്ചതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംഭവ സ്ഥലത്ത് നിന്നും ഇരുരാജ്യങ്ങളുടേയും സൈനികര്‍ പിന്‍വാങ്ങിയതായി കരസേന ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ ലഡാക്ക് അതിര്‍ത്തിയില്‍ ഒരു ദിവസത്തോളം നീണ്ടു നിന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തിന് താത്കാലിക അവസാനമായി.
ജൂണ്‍ 15- ന് രാത്രിയിലും 16-ന് പുലര്‍ച്ചയുമായി നടന്ന സംഘര്‍ഷത്തില്‍ ഒരു കേണലടക്കം മൂന്ന് പേര്‍ മരിച്ചുവെന്നാണ് രാവിലെ കരസേന അറിയിച്ചത്. പിന്നീട് രാത്രിയോടെയാണ് 17 പേര്‍ കൂടി മരിച്ചതായുള്ള വിവരം പുറത്തു വരുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നും സൈന്യം സൂചന നല്‍കിയിട്ടുണ്ട്.
രാത്രിസമയത്ത് പൂജ്യം ഡിഗ്രീയിലും താഴെ താപനിലയുള്ള കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ വച്ചുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും മോശം കാലാവസ്ഥ മരണനിരക്ക് ഉയരാന്‍ കാരണമായെന്നും കരസേന വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം സംഘര്‍ഷത്തില്‍ ഇരുവിഭാഗവും തോക്കുകളോ മറ്റ് വെടിക്കോപ്പുകളോ ഉപയോഗിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
സൈനികര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി എന്നാണ് വിവരം. സംഘര്‍ഷത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും വ്യക്തമല്ല. ചൈനയുടെ 43 സൈനികര്‍ മരണപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്നാണ് ഇന്ത്യന്‍ സൈന്യം നല്‍കുന്ന വിവരം.