FeaturedHome-bannerNationalNews

ഗുണനിലവാരമില്ല; രാജ്യത്തെ 18 മരുന്ന് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡി.സി.ജി.ഐ

ന്യൂഡൽഹി: ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉത്‌പാദിപ്പിച്ച പതിനെട്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) 26 കമ്പനികൾക്ക് കാരണംകാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള വ്യാജമരുന്നുകൾ വിദേശത്ത് വിറ്റഴിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ മരുന്നു കമ്പനികളിൽ നടത്തുന്ന വ്യാപക പരിശോധനയുടെ ഭാ​ഗമായാണിത്.

മരുന്നിന്റെ ​ഗുണനിലവാരം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ 20 സംസ്ഥാനങ്ങളിലെ 76 കമ്പനികളിൽ പരിശോധന നടത്തിയിരുന്നു. കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയ്ക്കു പിന്നാലെയാണ് നടപടിയെടുത്തത്.

കഴിഞ്ഞ പതിനഞ്ചു ദിവസത്തോളമായി ആന്ധ്രാപ്രദേശ്, ബീഹാർ, ഡൽഹി, ​ഗോവ, ​ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി, പഞ്ചാബ്, രാജസഥാൻ, തെലങ്കാന, സിക്കിം, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബെം​ഗാൾ തുടങ്ങിയവിടങ്ങളിൽ ഡി.സി.ജി.ഐ പരിശോധന നടത്തിവരികയായിരുന്നു.

ഇന്ത്യൻ നിർമിത മരുന്നുകൾ കഴിച്ച് വിവിധ രാജ്യങ്ങളിൽ മരണവും ​ഗുരുതരരോ​ഗങ്ങളും റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടിയിലേക്ക് കടന്നിരിക്കുന്നത്. കഴിഞ്ഞമാസമാണ് ​ഗുജറാത്ത് ആസ്ഥാനമായുള്ള സൈഡസ് ലൈഫ്സയൻസസ് എന്ന മരുന്നു കമ്പനി പുറത്തിറക്കിയ സന്ധിവാതത്തിന്റെ ചികിത്സയ്ക്കുള്ള 55,000ത്തോളം ബോട്ടിൽ മരുന്നുകൾ അമേരിക്കൻ വിപണിയിൽ നിന്നു തിരിച്ചുവിളിച്ചത്. ​ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്.

തമിഴ്നാട് ആസ്ഥാനമായുള്ള ഗ്ലോബൽ ഫാർമ ഹെൽത്ത്കെയർ കണ്ണിലൊഴിക്കുന്ന മരുന്നുമുഴുവൻ തിരിച്ചുവിളിപ്പിച്ചിരുന്നു. പ്രസ്തുത മരുന്നിൽ അടങ്ങിയ ബാക്റ്റീരിയ സ്ഥായിയായ കാഴ്ച്ച നഷ്ടത്തിനു കാരണമാകുന്നുവെന്ന യു.എസ് ആരോ​ഗ്യ വിഭാ​ഗത്തിന്റെ റിപ്പോട്ടിനു പിന്നാലെയായിരുന്നു അത്.

ഗാംബിയയിലും ഉസ്‌ബെക്കിസ്താനിലും നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ ചുമ സിറപ്പുകളും ഇന്ത്യയിൽ നിർമിച്ചതായിരുന്നു. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിച്ച ചുമമരുന്ന് കുടിച്ച് ഉസ്ബെക്കിസ്താനിൽ 18 കുട്ടികൾ മരിച്ചതിനു പിന്നാലെ പ്രസ്തുത കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഹരിയാണയിലെ മെയ്ഡന്‍ ഫാര്‍മ കയറ്റുമതി ചെയ്ത മരുന്നു കഴിച്ച് ഗാംബിയയില്‍ 66 കുട്ടികളാണ് വൃക്കത്തകരാറിനെത്തുടര്‍ന്ന് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button