കോട്ടയം: നാലുവര്‍ഷം മുന്‍പ് നാടിനെ നടുക്കിയ അരുംകൊലയില്‍ ഒടുവില്‍ പ്രതിക്ക് ശിക്ഷ. കോട്ടയം അയര്‍ക്കുന്നത്ത് 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം കുഴിച്ചുമൂടിയ കേസിലാണ് പ്രതി മണര്‍കാട് മാലം കുഴിനാഗനിലയത്തില്‍ അജേഷി(39)നെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പോക്‌സോ വകുപ്പ് പ്രകാരമുള്ള കേസില്‍ 20 വര്‍ഷം കൂടി പ്രതി അധികതടവ് അനുഭവിക്കണമെന്നും വിധിപ്രസ്താവത്തിലുണ്ട്.
2019 ജനുവരി 17-നാണ് അയര്‍ക്കുന്നത്ത് അജേഷിന്റെ താമസസ്ഥലത്തുവെച്ച് 15-കാരി കൊല്ലപ്പെട്ടത്. എന്നാല്‍, രണ്ടുദിവസത്തിന് ശേഷമാണ് സംഭവം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അയര്‍ക്കുന്നം പോലീസ് നടത്തിയ അന്വേഷണത്തില്‍ സംശയത്തെത്തുടര്‍ന്ന് അജേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയുമായി മൊബൈല്‍ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന് വ്യക്തമായതോടെ വിശദമായി ചോദ്യംചെയ്തു. ഒടുവില്‍ 12 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായും മൃതദേഹം കുഴിച്ചിട്ടെന്നും അജേഷ് വെളിപ്പെടുത്തിയത്.
മണര്‍കാട് മാലം സ്വദേശിയായ അജേഷ് അയര്‍ക്കുന്നം അരീപ്പറമ്പിലെ ഹോളോബ്രിക്‌സ് കമ്പനിയില്‍ ഡ്രൈവറായാണ് ജോലിചെയ്തിരുന്നത്. ഭാര്യയെയും രണ്ടുമക്കളെയും ഉപേക്ഷിച്ച് കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന അജേഷ് സ്ഥിരംമദ്യപാനിയുമായിരുന്നു. കിട്ടുന്ന പണമെല്ലാം മദ്യപാനത്തിനായി ചെലവഴിക്കുന്ന ഇയാളുമായി വീട്ടുകാരും അടുപ്പം പുലര്‍ത്തിയിരുന്നില്ല.
അരീപ്പറമ്പിലെ ഹോളോബ്രിക്‌സ് കമ്പനിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് അജേഷും താമസിച്ചിരുന്നത്. ഇതിനിടെ ഇയാള്‍ക്കൊപ്പം ഒരു സ്ത്രീ താമസിച്ചിരുന്നെങ്കിലും 15-കാരി കൊല്ലപ്പെടുന്നതിന്റെ ഒരാഴ്ച മുന്‍പ് ഇവര്‍ പിണങ്ങിപ്പോയിരുന്നതായാണ് വിവരം.
പെണ്‍കുട്ടിയുടെ വീട്ടുകാരുമായാണ് അജേഷ് ആദ്യം അടുപ്പം സ്ഥാപിക്കുന്നത്. ഇതുവഴി 15-കാരിയുമായും ബന്ധം സ്ഥാപിച്ചു. മൊബൈല്‍ഫോണ്‍ വഴി പെണ്‍കുട്ടിയുമായുള്ള അടുപ്പം വളര്‍ന്നു. തുടര്‍ന്നാണ് 2019 ജനുവരി 17-ാം തീയതി അജേഷ് പെണ്‍കുട്ടിയെ തന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോയത്. ഇവിടെവെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി ഇതിനെ ചെറുത്തു. തുടര്‍ന്ന് കഴുത്തില്‍ ഷാള്‍ മുറുക്കി പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. ഇതിനിടെയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്.
ജനുവരി 17-ാം തീയതി ഉച്ചമുതല്‍ 15-കാരിയെ കാണാനില്ലെന്ന് പറഞ്ഞ് പിറ്റേദിവസമാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിന് പിന്നാലെ അയര്‍ക്കുന്നം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രാഥമികഘട്ടത്തില്‍ പെണ്‍കുട്ടിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചിരിക്കാമെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ പോലും കരുതിയിരുന്നില്ല.
പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അജേഷിലേക്ക് എത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണിലേക്ക് വന്നതും പോയതുമായ കോളുകളാണ് പോലീസ് സംഘം വിശദമായി പരിശോധിച്ചത്. ഇതില്‍ വ്യാഴാഴ്ച മാത്രം പെണ്‍കുട്ടിയുടെ ഫോണിലേക്ക് വന്ന കോളുകള്‍ പ്രത്യേകം പരിശോധിച്ചു. തുടര്‍ന്നാണ് കേസെടുത്തദിവസം വൈകിട്ട് തന്നെ അജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുപ്പം പുലര്‍ത്തിയിരുന്ന ഇയാള്‍ ഇടയ്ക്കിടെ അവിടെ പോകാറുണ്ടെന്നവിവരവും അന്വേഷണത്തില്‍ നിര്‍ണായകമായി.
കോട്ടയം ഡിവൈ.എസ്.പി. ആര്‍.ശ്രീകുമാര്‍, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എന്‍.മധുസൂദനന്‍, കോട്ടയം ഈസ്റ്റ് സി.ഐ. ടി.ആര്‍.ജിജു, അയര്‍ക്കുന്നം എസ്.ഐ. അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. ആദ്യഘട്ടത്തില്‍ താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് പ്രതി കുറ്റംനിഷേധിക്കുകയായിരുന്നു. എന്നാല്‍, തുടക്കത്തില്‍ പതറാതെനിന്ന പ്രതിക്ക് മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ ശനിയാഴ്ച ഉച്ചയോടെ അജേഷ് എല്ലാം വെളിപ്പെടുത്തി. ബലാത്സംഗത്തിനിടെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നും മൃതദേഹം താമസസ്ഥലത്തിന് സമീപം കുഴിച്ചിട്ടെന്നുമായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍.
കഴുത്തില്‍ ഷാള്‍മുറുക്കി, ബലാത്സംഗം; വായില്‍ തുണിയും തിരുകി.
പെണ്‍കുട്ടി ധരിച്ചിരുന്ന ഷാള്‍ കഴുത്തില്‍ മുറുക്കിയാണ് കൃത്യം നടത്തിയതെന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം. ഉച്ചയോടെ പെണ്‍കുട്ടിയെയും കൂട്ടി താമസസ്ഥലത്തെ മുറിയിലെത്തി. തുടര്‍ന്ന് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി ഇതിനെ എതിര്‍ത്തു. ഇതോടെ കഴുത്തില്‍ ഷാള്‍ മുറുക്കി ബലാത്സംഗം ചെയ്യുകയായിരുന്നു. ബോധരഹിതയായി നിലത്തുവീണ പെണ്‍കുട്ടിയെ വീണ്ടും ഉപദ്രവിച്ചു. ഇതിനിടെ ഞരക്കം കേട്ടപ്പോള്‍ കുട്ടിയുടെ വായില്‍ തുണിയും തിരുകി. ക്രൂരമായപീഡനത്തിന് ശേഷം പെണ്‍കുട്ടി മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം മുറിയില്‍തന്നെ സൂക്ഷിച്ചു. ഒടുവില്‍ പരിസരത്തൊന്നും ആരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഹോളോബ്രിക്‌സ് കമ്പനിയുടെ പറമ്പില്‍തന്നെ മൃതദേഹം കുഴിച്ചിട്ടതെന്നും പ്രതി പോലീസിനോട് പറഞ്ഞിരുന്നു.
ഹോളോബ്രിക്‌സ് കമ്പനിയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ ഭാര്യയും മക്കളുമായി താമസിക്കുന്ന കെട്ടിടത്തിലായിരുന്നു അജേഷിന്റെയും താമസം. ഒരുചുവരിനപ്പുറം പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയെന്ന വിവരമറിഞ്ഞ് തൊഴിലാളികളും നടുങ്ങി.
ഡ്രൈവറായി ജോലിചെയ്തിരുന്ന അജേഷ് സാമൂഹികമാധ്യമങ്ങളിലും സജീവമായിരുന്നു. സ്‌നേഹബന്ധങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമായിരുന്നു ഇയാളുടെ പല പോസ്റ്റുകളും. ‘സ്‌നേഹിച്ചവര്‍ക്കും സ്‌നേഹം നടിച്ചവര്‍ക്കും നന്ദി’ എന്നായിരുന്നു പോലീസ് കസ്റ്റഡിയിലാകുന്നതിന് മുന്‍പ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നത്. എന്നാല്‍, അജേഷ് എന്ന കുറ്റവാളിയെ തിരിച്ചറിഞ്ഞതോടെ നാട്ടുകാരെല്ലാം നടുങ്ങി.
ശ്വാസംമുട്ടിയാണ് പെണ്‍കുട്ടിയുടെ മരണം സംഭവിച്ചതെന്നായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. കുട്ടിയുടെ ദേഹത്തുനിന്നും ആന്തരികഭാഗങ്ങളില്‍നിന്നും ബീജത്തിന്റെ അംശങ്ങളും കണ്ടെത്തിയിരുന്നു. കഴുത്തിലും അനുബന്ധഭാഗങ്ങളിലും ഗുരുതരമായ പരിക്കുണ്ടായിരുന്നു. ശ്വാസകോശത്തിന് സമീപത്തെ പേശികള്‍ക്കും ക്ഷതമേറ്റു. ശരീരത്തിന്റെ പലഭാഗങ്ങളിലും ബലപ്രയോഗത്തില്‍ പരിക്കേറ്റ പാടുകളുണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.