NationalNews

ഡൽഹി വിമാനത്താവളത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഡൽഹി ഇന്ദിരാ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിമാനത്താവളത്തിലെ റൺവേ ഏരിയയ്ക്ക്
സമീപം ഡ്രോൺ, ലേസർ പ്രവർത്തനങ്ങൾ തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്. 144 പ്രഖ്യാപിച്ച് ഡൽഹി പോലീസ് ഉത്തരവിറക്കിയതായി വാർത്താ ഏജൻസിയായ എ.എൻ.ഐ. ആണ് റിപ്പോർട്ടു ചെയ്തത്.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്തെ പുതിയ സംഭവവികാസങ്ങളും അടുത്ത പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വി.വി.ഐ.പികളുടെ വിമാനം എത്തുന്നതും പ്രമാണിച്ചാണ് നിയന്ത്രണങ്ങൾ എന്നാണ് വിവരം. ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവിന്റെ കാലാവധി ജൂലൈ 30 വരെയാണ്.

ഡ്രോണുകളും ലേസറുകളും പൈലറ്റിന്റെ ശ്രദ്ധ തെറ്റിക്കുകയും സുരക്ഷാ ഭീഷണി ഉണ്ടാക്കുകയും ചെയ്യാറുണ്ടെന്ന് എയർ ട്രാഫിക് കൺട്രോളറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി എന്നാണ് ഉത്തരവിലുള്ളത്. വിമാനത്താവളത്തിന് സമീപം നിരവധി റസ്റ്റോറന്റുകൾ, റിസോർട്ടുകൾ, ഫാം ഹൗസുകൾ, ഹോട്ടലുകൾ എന്നിവയുണ്ട്. ഇവിടെ വിവാഹം ഉൾപ്പടെ വിവിധ പരിപാടികളിൽ ലേസർ ലൈറ്റുകൾ ഉപയോ​ഗിക്കുന്നുണ്ട്. ഇത് പൈലറ്റുമാരുടെ ശ്ര​ദ്ധ തിരിക്കാൻ ഇടയാക്കുന്നു, ഉത്തരവിൽ പറയുന്നു.

വിമാനത്താവള പരിസരത്ത് ഡ്രോണുകൾക്കും സമാനമായ നിയന്ത്രണമുണ്ട്. ഇന്ത്യയെ ലക്ഷ്യംവച്ച് ഭീകരവാദികൾ ആളില്ലാ വിമാനങ്ങൾ ഉപയോ​ഗിച്ച് ആക്രമണം നടത്തിയേക്കാമെന്ന റിപ്പോർട്ടുകളെ അടിസ്ഥാനത്തിലാണ് നടപടി. പാരാ​ഗ്ലൈഡറുകൾ ഉൾപ്പടെയുള്ളവ ഉപയോ​ഗിക്കുന്നതിന് പൊതുജനങ്ങൾക്ക് വിലക്കുണ്ട്. വോട്ടെണ്ണൽ ദിനത്തോട് അനുബന്ധിച്ച് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് എന്ന് ഡൽഹി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button