InternationalNews

വടക്കൻ ഗാസയിലും തെക്കൻ ഗാസയിലും ഇസ്രയേലിൻ്റെ കനത്ത വ്യോമാക്രമണം; 140 പേർ കൊല്ലപ്പെട്ടു

റഫ: വടക്കന്‍ ഗാസയിലെ അല്‍-ഷാതി അഭയാര്‍ത്ഥി ക്യാമ്പ് തെക്കന്‍ ഗാസയിലെ പ്രധാന നഗരങ്ങളായ റഫ, ഖാന്‍ യൂനിസ് എന്നിവിടങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 140 പലസ്തീനികള്‍ കൊല്ലപ്പെട്ടു. മധ്യഗാസയില്‍ നടന്ന ആക്രമണത്തില്‍ 20 ലധികം പേരും കൊല്ലപ്പെട്ടു. ഗാസ സിറ്റിയുടെ സമീപ പ്രദേശമായ അല്‍ നസറില്‍ നിന്നും അല്‍ ഷാതി അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രാദേശിക സമയം വൈകുന്നേരം 4 മണിക്കകം ഒഴിഞ്ഞ് പോകണമെന്നായിരുന്നു മുന്നറിയിപ്പ്.

ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കണമെന്ന് ഇസ്രായേലി പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ആവശ്യപ്പെട്ടു. ശത്രുക്കളെ നശിപ്പിക്കാന്‍ ഇസ്രായേല്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇസ്രയേലി പ്രസിഡന്റ് വ്യക്തമാക്കി. ലെബനന്‍ അതിര്‍ത്തിയില്‍ ഹിസ്ബുള്ളയുമായി ഏറ്റുമുട്ടല്‍ രൂക്ഷമാകുന്ന സാഹചര്യത്തെക്കുറിച്ചും ഐസക് ഹെര്‍സോഗ് പ്രതികരിച്ചു. ലെബനന്‍ തീകൊണ്ട് കളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ഇസ്രയേലി പ്രസിഡന്റ് ഹിസ്ബുള്ള തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിച്ചാല്‍ ലെബനന്‍ അതിന്റെ നല്‍കേണ്ടി വരുമെന്നും താക്കീത് ചെയ്തു.

പലസ്തീനികളെ കുടിയിറക്കുകയും അവരുടെ ഭൂമി കോളനിവല്‍ക്കരിക്കുന്നതും അടക്കമുള്ള നിയമവിരുദ്ധമായ അതിക്രമങ്ങള്‍ തുടരുന്നതിന് ഇസ്രയേലിന് നിരുപാധികമായ പച്ചക്കൊടി കാണിക്കാനാവില്ലെന്ന് ഖത്തര്‍ ഭരണാധികാരി വ്യക്തമാക്കി. വെള്ളവും മരുന്നും ഭക്ഷണവും ആയുധമാക്കാന്‍ നമ്മുടെ കാലത്ത് ഇസ്രായേലിനെ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉടനടി വെടിനിര്‍ത്താനും ഖത്തര്‍ ഭരണാധികാരി ആഹ്വാനം ചെയ്തു.

ഇതിനിടെ ഇസ്രയേലില്‍ സന്ദര്‍ശനം നടത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രേണ്‍ ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി കൂടിക്കാഴ്ച നടത്തി. ഹമാസ് തടവിലാക്കിയ ഫ്രഞ്ച്-ഇസ്രായേല്‍ പൗരന്മാരുടെ കുടുംബങ്ങളെ ഫ്രഞ്ച് പ്രസിഡന്റ് കാണുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസ് ആക്രമണത്തില്‍ തങ്ങളുടെ 28 പൗരന്മാര്‍ കൊല്ലപ്പെട്ടതായും ഏഴ് പേരെ കാണാതായതായും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഫ്രഞ്ച് സര്‍ക്കാര്‍ സൂക്ഷ്മമായി പിന്തുടരുകയാണെന്ന് നേരത്തെ മാക്രേണ്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ രണ്ട് ബന്ദികളെക്കൂടി ഹമാസ് മോചിപ്പിച്ചിരുന്നു. ബന്ദികളായിരുന്ന നൂറ് കൂപ്പറിനെയും യോചെവെദ് ലിഫ്ഷിറ്റ്സിനെയുമാണ് മോചിപ്പിച്ചത്. ഈജിപ്ഷ്യന്‍-ഖത്തര്‍ മധ്യസ്ഥ ശ്രമങ്ങളെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് ബന്ദികളെ മോചിപ്പിച്ചത്. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍-ഖസ്സം ബ്രിഗേഡ് ബന്ദികളെ മോചിപ്പിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വയോധികരായ രണ്ട് സ്ത്രീകളെ ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിയുടെ പ്രതിനിധികള്‍ക്ക് കൈമാറുന്നത് ദൃശ്യങ്ങളിലുണ്ട്. ഹെലികോപ്റ്ററിൽ ഇസ്രയേലിലെത്തിച്ച ഇരുവരെയും ടെൽ അവീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബന്ദികളെ മോചിപ്പിച്ച വിവരം ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മോചിപ്പിച്ച രണ്ടുപേരുടെയും ഭര്‍ത്താക്കന്മാര്‍ ഇപ്പോഴും ഹമാസിന്റെ പിടിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ അമേരിക്കന്‍ പൗരന്മാരായ രണ്ട് ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. ഇതോടെ ഹമാസ് വിട്ടയച്ച ബന്ദികളുടെ ആകെ എണ്ണം നാലായി. അമേരിക്കൻ-ഇസ്രായേൽ പൗരത്വമുള്ള ജൂഡിത്ത്, മകൾ നതാലി റാനൻ എന്നിവരെ വെള്ളിയാഴ്ച തടവിൽ നിന്ന് മോചിപ്പിച്ചിരുന്നു.

200 ഓളം പേരെ ഹമാസ് ബന്ദികളാക്കിയതായാണ് ഇസ്രയേൽ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇരട്ടപൗരത്വമുള്ള മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. വിദേശപൗരത്വമുള്ള ഇസ്രയേലികളെയും ഹമാസ് ബന്ദികളാക്കിയിരുന്നു. ഇവരുടെ മോചനവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ഹമാസ് നീക്കമെന്നാണ് സൂചന. 50ഓളം ബന്ദികളെ ഉടനെ മോചിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ബന്ദികളെ മോചിപ്പിച്ച ഹമാസ് നടപടി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ സ്വാഗതം ചെയ്തു. മുഴുവൻ ബന്ദികളെയും മോചിപ്പിക്കണമെന്നും അമേരിക്കൻ പ്രസിഡൻ്റ് ആവശ്യപ്പെട്ടു. നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച ബൈഡൻ ഗാസയിലേക്കുള്ള സഹായം തടയരുതെന്നും ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button