ഡൽഹി:കോൺഗ്രസിന് വീണ്ടും വൻ തിരിച്ചടി. ദേശീയ നേതൃത്വത്തെ കാഴ്ചക്കാരാക്കി മേഘാലയിൽ 12 എംഎൽഎമാർ പാർട്ടി വിട്ടു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിലാണ് ഇവർ ചേർന്നത്. സംസ്ഥാനത്ത് ആകെ 17 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയും തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. കോൺഗ്രസ് എംഎൽഎമാർ കൂറുമാറുന്നതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷി ഇനി തൃണമൂൽ കോൺഗ്രസാവും.
നാളെ ഷില്ലോങിൽ മുകുൾ സാങ്മ വാർത്താ സമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിക്കും. എംഎൽഎമാരുടെ കൂറുമാറ്റത്തിന് തൊട്ടുമുൻപ് ഇന്നലെ തന്നെ രണ്ട് നേതാക്കൾ കൂറുമാറിയിരുന്നു. കോൺഗ്രസ് നേതാവ് കീർത്തി ആസാദും മുൻ ഹരിയാന പിസിസി അധ്യക്ഷൻ അശോക് തൻവാറും പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. തന്റെ പാർട്ടി വിപുലീകരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് നേരത്തെ മമത ബാനർജി വ്യക്തമാക്കിയിരുന്നു.