ട്രെയിനിന്റെ മുകളില്‍ കയറി സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 13കാരന് ദാരുണാന്ത്യം
ഭുവനേശ്വര്‍: സുഹൃത്തുക്കള്‍ക്കൊപ്പം ട്രെയിനിന്റെ കോച്ചിന് മുകളില്‍ സെല്‍ഫി എടുക്കാന്‍ കയറിയ 13 വയസുകാരന് ദാരുണാന്ത്യം. മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒഡീഷയിലെ ഗജപതി ജില്ലയില്‍ കൊവിഡ് ഐസലേഷന്‍ യൂണിറ്റാക്കി മാറ്റിയ ട്രെയിനിലായിരുന്നു സംഭവം.
ഗജപതി സ്വദേശിയായ പി സൂര്യ എന്ന 13 വയസുകാരനും രണ്ട് സുഹൃത്തുക്കളും പാര്‍ലഖേമുണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന ട്രെയിനിന്റെ കോച്ചില്‍ കയറി സെല്‍ഫി എടുക്കുകയായിരുന്നു. ഈ സമയത്ത് സൂര്യക്ക് വൈദ്യുത ആഘാതമേറ്റതോടെ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കും പൊള്ളലേറ്റതിനാല്‍ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.
അപകടത്തില്‍ കോച്ചിന്റെ മേല്‍ക്കൂരക്കും തീപിടിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വാള്‍ട്ടെയര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഒരു ജൂണിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രൂപ്പ് രൂപീകരിച്ചു.