കോട്ടയം: മെഡിക്കല്‍ കോളജിലെ 12 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പള്‍മണറി മെഡിസിന്‍, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് രോഗബാധിതരായത്. ഇതോടെ ഇവര്‍ നിരീക്ഷണത്തിലേക്ക് മാറി.
ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ രോഗം പിടിപെട്ടതിനാല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പടെ വെട്ടിക്കുറയ്ക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചു. രോഗവ്യാപനം കണക്കിലെടുത്ത് ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.
അതേസമയം സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പോലീസ്. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉടന്‍ യോഗം ചേരും. വിവിധ വകുപ്പു മേധാവികള്‍ യോഗത്തില്‍ പങ്കെടുക്കും. രാത്രികാല കര്‍ഫ്യൂ നടപ്പിലാക്കാന്‍ ശുപാര്‍ശയുണ്ട്. പൊതു ഇടങ്ങളില്‍ ആളുകള്‍ കൂടുന്നത് നിയന്ത്രിക്കണമെന്നും ശുപാര്‍ശയുണ്ട്.
എഡിജിപി വിജയ് സാക്കറെ ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയും ചീഫ് സെക്രട്ടറിയും തമ്മില്‍ പ്രാധമിക ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ യോഗം ചേരുക.