കുംഭമേളയിലെ അപകടം: ‘വിഐപി സംസ്‌കാരം മൂലമുണ്ടായ ദുരന്തം, വിഐപികൾക്കായി വഴി അടച്ചു’ സി കെ വിനീത്

പ്രയാ​ഗ് രാജ്: കുംഭമേളയിലെ അപകടം വിഐപി കൾച്ചർ കാരണം ഉണ്ടായ ദുരന്തമെന്ന് എന്ന് ഫുട്ബോൾ താരം സികെ വിനീത് . അപകടം നടക്കുന്നതിന് തൊട്ട് മുമ്പ് വരെ വിനീതും സുഹൃത്തുക്കളും സംഗം ഘട്ടിൽ ഉണ്ടായിരുന്നു. വിഐപികൾക്കായി വഴികൾ അടച്ചു, ആളുകൾ കൂടുതൽ എത്തിയപ്പോൾ പോലീസിന് നിയന്ത്രിക്കാൻ ആയില്ല, അനുഗ്രഹം വാങ്ങാൻ എത്തിയവർക്ക് ഇങ്ങനെ സംഭവിക്കുന്നത് വലിയ വേദന ഉണ്ടാക്കുന്നു. ഈ രീതി ഇവിടെ മാറും എന്നു പ്രതീക്ഷ ഇല്ലെന്നും വിനീത് പറഞ്ഞു.

കുഭമേളയിലെ വിശേഷദിവസമായ മൗനി അമവാസിയില്‍ അമൃത് സ്‌നാനം നടത്താന്‍ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്കു പരിക്കുണ്ടെന്നും പലരുടെയും നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ത്രിവേണി സംഗമത്തില്‍ ബാരിക്കേഡ് തകര്‍ന്നതാണ് അപകടത്തിലേക്ക് നയിച്ചത്. ദേശീയദുരന്തനിവാരണ സേന ഉള്‍പ്പടെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവര്‍ സമീപത്തെ ആശുപത്രികളില്‍ ചികിത്സയിലാണ്. നേരത്തെയും കുഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സ്വാതന്ത്ര്യത്തിനുശേഷം നടന്ന ആദ്യകുംഭമേള 1954ല്‍ ആയിരുന്നു. 1954 ഫെബ്രുവരി 3 ന്, മൗനി അമാവാസി ദിനത്തില്‍ അലഹബാദില്‍ (ഇപ്പോള്‍ പ്രയാഗ്രാജ്) നടന്ന കുംഭമേളയില്‍ പുണ്യസ്നാനം ചെയ്യാനായി നിരവധി ഭക്തരാണ് എത്തിയത്. അന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 800 ഓളം പേര്‍ മരിച്ചു.

1986ലെ ഹരിദ്വാര്‍ കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 200 പേരാണ്. അന്നത്തെ യുപി മുഖ്യമന്ത്രി വീര്‍ ബഹദൂര്‍ സിങ് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുമൊപ്പം ഹരിദ്വാറില്‍ എത്തിയപ്പോഴാണ് കുഴപ്പങ്ങള്‍ ഉണ്ടായത്. വിഐപികള്‍ എത്തിയതോടെ തീര്‍ഥാടകരെ നദിതീരങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത് തടഞ്ഞു. ഇതോടെ തിരക്ക് നിയന്ത്രണാതീതമാവുകയായിരുന്നു.

2003ലെ നാസിക്കില്‍ നടന്ന കുംഭമേളയ്ക്കിടെ ഗോദാവരി നദിയില്‍ പുണ്യസ്‌നാനം നടത്താന്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിയതോടെ വലിയ തിരക്കാണ് ഉണ്ടായത്. അന്ന് തിക്കിലും തിരക്കിലുംപ്പെട്ട് സ്ത്രീകള്‍ ഉള്‍പ്പടെ 39 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2013ല്‍ ഉത്തര്‍പ്രദേശിലെ കുംഭമേളയ്ക്കിടെ ഫെബ്രുവരി 10 ന് അലഹബാദ് റെയില്‍വേ സ്റ്റേഷനില്‍ നടപ്പാലം തകര്‍ന്നുവീണ് തിക്കിലും തിരക്കിലും പെട്ട് 42 പേര്‍ മരിക്കുകയും 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2025 മഹാകുംഭമേളയ്ക്കിടെ മൗനി അമാവാസി ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ഘാട്ടുകളില്‍ പുണ്യസ്‌നാനം നടത്താന്‍ ലക്ഷക്കണക്കിനാളുകളാണ് എത്തിയിരുന്നത്. 12 വര്‍ഷത്തിനു ശേഷം നടക്കുന്ന മഹാ കുംഭമേള ജനുവരി 13 നാണ് തുടക്കമായത്. ഫെബ്രുവരി 26 വരെ തുടരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News