പോസ്റ്റുകളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു’ സനൽകുമാർ ശശിധരനെതിരായ കേസിൽ നടിയുടെ മൊഴിയെടുത്തു; പ്രതി അമേരിക്കയിൽ

കൊച്ചി: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരേയുള്ള കേസില്‍ പോലീസ് നടിയുടെ മൊഴിയെടുത്തു. നടിയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെയാണ് പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് തുടര്‍നടപടികളിലേക്ക് കടക്കും.

സ്ത്രീത്വത്തെ അപമാനിക്കുംവിധമുള്ള സനല്‍കുമാറിന്റെ സാമൂഹികമാധ്യമ പോസ്റ്റുകള്‍ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് നടിയുടെ പരാതി. നടിക്കെതിരേ ഒട്ടേറെ പോസ്റ്റുകളാണ് പ്രതി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. നടിയുടേതെന്ന പേരില്‍ ഒരു ശബ്ദസന്ദേശവും പോസ്റ്റ് ചെയ്തിരുന്നു.

സനല്‍കുമാര്‍ ശശിധരന്‍ നിലവില്‍ അമേരിക്കയിലാണെന്നാണ് വിവരം. അതിനാല്‍ പ്രതിക്കെതിരേ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കാനുള്ള നീക്കവും പോലീസ് ആരംഭിച്ചിട്ടുണ്ട്. നേരത്തെയും നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരന്‍ അറസ്റ്റിലായിരുന്നു. നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള നടിയുടെ പരാതിയിലാണ് 2022-ല്‍ സനല്‍കുമാര്‍ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി. വീണ്ടും സനല്‍കുമാറിനെതിരേ കേസെടുത്ത സാഹചര്യത്തില്‍ 2022-ലെ കേസിലെ ജാമ്യം റദ്ദാക്കാനായി പോലീസ് കോടതിയെ സമീപിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News