പട്ടിണി പറഞ്ഞ് സഹതാപം നേടാന്‍ ശ്രമിയ്ക്കരുത്,മേനോന്‍ പ്രയോഗം വ്യാഖ്യാനിച്ചുണ്ടാക്കിയത്,ബിനീഷിന്റെ പ്രതിഷേധം അതിരുവിട്ടത് ബിനീഷ് ബാസ്റ്റിനെതിരെ ആഞ്ഞടിച്ച് ബാലചന്ദ്രമേനോന്‍
മനാമ: പൊതുവേദിയില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ നടത്തിയ പ്രതിഷേധം അണ്‍ പാര്‍ലിമെന്ററിയാണെന്ന് വ്യക്തമാക്കി ബാലചന്ദ്രമേനോന്‍. ഒരാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ വേദിയില്‍ കയറി വന്ന് കുത്തിയിരിക്കുകയും പിന്നീട് പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. ഇതൊക്കെ വീട്ടില്‍ കാണിക്കുകയാണെങ്കില്‍ കുഴപ്പമില്ല. ശ്രോതാക്കളുടെ മുമ്പില്‍ ഇത് പാടുണ്ടോ? പരിപാടി കേള്‍ക്കാന്‍ വരുന്നവരോട് ബഹുമാനം വേണമെന്നും പൊതുവേദിയില്‍ കാണിക്കേണ്ട കാര്യമല്ലിതെന്നും ബാലചന്ദ്രമേനോന്‍ വ്യക്തമാക്കി.
ആദ്യ കാലത്ത് മദ്രാസിലായിരിക്കുമ്പോള്‍ ഞാന്‍ പട്ടിണി കിടന്നിട്ടുണ്ട്. ജാതകത്തില്‍ പട്ടിണി കിടക്കാന്‍ യോഗമുണ്ടെങ്കില്‍ അതങ്ങനെ സംഭവിക്കും. താന്‍ പട്ടിണി കിടന്നുവെന്ന് പറഞ്ഞ് സഹതാപം നേടാന്‍ നോക്കുന്നത് ശരിയല്ല. താന്‍ പട്ടിണി കിടക്കുന്നതിന് സിനിമയുമായി എന്ത് ബന്ധമാണുളളത്. നമ്മള്‍ ഇരുട്ടത്ത് പൂച്ചയെ തിരയുകയാണ്. ചില പ്രശ്നങ്ങള്‍ വേണമെന്ന് ആരൊക്കെയോ ആഗ്രഹിക്കുന്നു. ആരാണിതിന്റെ ബന്ധപ്പെട്ട കക്ഷി എന്ന് ഇപ്പോഴും ഉറപ്പില്ല. അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ തീര്‍ച്ചയായും ഒരു സംവിധായകനാണ്. മറ്റേയാള്‍ ആര്‍ട്ടിസ്റ്റാണെന്ന് പറയുന്നു. എനിക്ക് അറിയില്ലെന്നും ബാലചന്ദ്രമേനോന്‍ പറയുകയുണ്ടായി. ഈ സംഗതികള്‍ക്ക് ഇത്രയും പ്രാധാന്യം കിട്ടിയത് ‘മേനോന്‍’ എന്ന പ്രയോഗത്തിലൂടെയാണ്. അത് വ്യാഖ്യാനിച്ചുണ്ടാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.