ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ 12 കണ്ടക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: കൊവിഡ് രോഗിയുടെ സമ്ബര്‍ക്ക പട്ടികയിലുള്ള ജീവനക്കാരിയെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ജോലി ചെയ്യാതിരുന്ന ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ 12 കണ്ടക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു.

കണ്ടക്ടര്‍മാരായ എസ് രാജേഷ്‌കുമാര്‍, എംകെ വിനോദ്, എസ് കവിതാകുമാരി, പിആര്‍ രാജന്‍, കെജെ ഐസ്‌ക്ക്, പികെ സന്തോഷ്, ഡോണിഷ്, എ ജഗതി, ബിജുകുമാര്‍, ബിജുമോന്‍, സ്റ്റീഫന്‍സണ്‍, ടിഎസ് ഹരികുമാര്‍ എന്നിവരെയാണ് സസ്‌പെന്ഡ് ചെയ്തിരിക്കുന്നത്. സര്‍വീസ് നടത്താന് തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. അതിനിടെ, ക്വാറെന്റിയിനില്‍ പോകേണ്ട ഉദ്യോഗസ്ഥ ഡ്യൂട്ടി ചെയ്തതും വിവാദമാകുകയാണ്.

പാലാ മുന്‍സിപ്പല് ജീവനക്കാരന് രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം യാത്ര ചെയ്ത ബസിലെ ജീവനക്കാരെ ക്വാറെന്റെയിനില്‍ അയച്ചിരുന്നു. രോഗിയോടൊപ്പം അന്ന് ബസില് യാത്ര ചെയ്ത ക്ലാര്‍ക്കിനോട് ക്വാറന്റയിനില്‍ പോകാന്‍ ആരോഗ്യവകുപ്പ് 14-ാം തീയതിതന്നെ നിര്‍ദേശിച്ചിരുന്നു. എന്നാല് ഇവര്‍ അന്ന് ഡ്യൂട്ടിക്കെത്തി. ഇന്നലെ രാവിലെ ഈ ഉദ്യോഗസ്ഥയ്ക്കാണ് ടിക്കറ്റ് ആന്‍ഡ് കാഷ് ഡ്യൂട്ടി ലഭിച്ചത്. ടിക്കറ്റ് മെഷീനുകള്‍ ഇവരില്‍ നിന്നു ഏറ്റുവാങ്ങാന്‍ കണ്ടക്ടര്‍മാര്‍ വിസമ്മതം അറിയിക്കുകയായിരുന്നു.

രാവിലെ ജീവനക്കാര്‍ വിസ്സമ്മതം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സര്‍വീസുകള്‍ തടസ്സപ്പെട്ടു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി അണുനശീകരണം നടത്തിയ ശേഷമാണ് ബാക്കി ജീവനക്കാരെ വച്ച് സര്‍വീസ് ആരംഭിച്ചത്. ആദ്യം മാറിനിന്ന ശേഷം ജോലിക്കെത്തിയവരെ ഡ്യൂട്ടിക്ക് വിടാനും അധികൃതര്‍ തയാറായില്ല. ഹോം ക്വാറെന്റയിനില്‍ പോകേണ്ട ഉദ്യോഗസ്ഥയുടെ കാര്യത്തില്‍ നടപടിയെടുക്കാതെ മറ്റ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്ന ആക്ഷേപവും ജീവനക്കാര്‍ക്കിടയില്‍ ഉയരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News