തിരുവനന്തപുരം: രാജ്യത്തെ ദിനംപ്രതിയുള്ള പുതിയ കോവിഡ് കേസുകള്‍ 1000 കടന്നു. 1071 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത്. ഒരു മാസത്തിനുള്ളില്‍ പത്ത് മടങ്ങ് വര്‍ദ്ധനവാണ് കോവിഡ് കേസുകളിലുണ്ടായത്. ഫെബ്രുവരി 21ന് 100 ല്‍ താഴെ (95) എത്തിയ കേസുകളാണ് ഇന്ന് ആയിരത്തിലേറെയായി ഉയര്‍ന്നത്. ഇതിനുമുമ്പ് നവംബര്‍ 10നാണ് ആയിരത്തിലേറെ പുതിയ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്ര (249), ഗുജറാത്ത് (179), കേരളം (163), കര്‍ണാടകം (121) എന്നീ സംസ്ഥാനങ്ങളിലാണ് എറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തമിഴ്നാട് (64), ഡല്‍ഹി (58), ഹിമാചല്‍ പ്രദേശ് (52) എന്നിവിടങ്ങളിലും വര്‍ദ്ധനവ് രേഖപ്പെടുത്തി.
ജനുവരി 31ന് 1755 വരെ എത്തിയ സജീവ കേസുകളുടെ എണ്ണം മൂന്നിരട്ടിയിലധികം വര്‍ദ്ധിച്ച് ഇന്ന് 5915 ആയി. എന്നാല്‍ കോവിഡ് സംബന്ധിച്ച് അപകടകരമായ ഒരു സ്ഥിതിവിശേഷം രാജ്യത്തില്ല. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് ചൈനയിലും ജപ്പാനിലുമൊക്കെ കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്ന സമയത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ദിവസേന വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തിയിരുന്നു. അതിപ്പോള്‍ ശരാശരി ആറായിരത്തിനടുത്ത് മാത്രമാണ്.