തദ്ദേശ തെരഞ്ഞെടുപ്പില്‍ തഴഞ്ഞു; ചാലക്കുടിയില്‍ നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോസ് കെ മാണിക്കൊപ്പം ചേര്‍ന്നു

തൃശൂര്‍: ചാലക്കുടിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പെടെ നൂറോളം പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തഴഞ്ഞതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് ആരോപണം.

ഐ.എന്‍.ടി.യു.സി. മേഖല പ്രസിഡന്റ് ഡെന്നീസ് കെ ആന്റണിയുടെ നേതൃത്വത്തിലുള്ള നൂറോളം പേരാണ് ജോസ് കെ. മാണിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊരട്ടിയിലും പരിയാരത്തും നല്ല നേതാക്കളെ തഴഞ്ഞതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം. വ്യക്തി താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസില്‍ സീറ്റ് വീതംവയ്പാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. എല്‍.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് നേതാക്കള്‍ പറഞ്ഞു.

ജോസ്. കെ. മാണി വിഭാഗത്തിന്റെ നേതാക്കളുമായി സംസാരിച്ച ശേഷമാണ് തീരുമാനം. ചാലക്കുടിയില്‍ പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. പ്രാദേശിക നേതാക്കളേയും അണികളേയും കൂടെനിര്‍ത്താന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന വിമര്‍ശനവുമുണ്ട്.

അതിനിടെ കേരള കോണ്‍ഗ്രസിന് എല്‍.ഡി.എഫ് 12 സീറ്റുകള്‍ വിട്ടുനല്‍കി.പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, റാന്നി, തൊടുപുഴ, ഇടുക്കി, കുറ്റ്യാടി, ഇരിക്കൂർ, ചാലക്കുടി, പെരുമ്പാവൂർ, പിറവം എന്നീ മണ്ഡലങ്ങളാണ് കേരള കോൺഗ്രസ് എമ്മിന് നൽകിയിരിക്കുന്നത്.

ചങ്ങനാശ്ശേരി കൂടി വേണമെന്നാണ് ജോസ് കെ.മാണിയുടെ ആവശ്യം. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും.എൽഡിഎഫിന്റെ ചരിത്രത്തിൽ തന്നെ ഇത്രയും ഉദാരമായ സമീപനം മറ്റൊരു പാർട്ടിയോടും മുന്നണി കാണിച്ചിട്ടില്ല.

സിപിഐക്ക് മൂന്നു സീറ്റ് കുറഞ്ഞപ്പോൾ ജനാധിപത്യ കേരള കോൺഗ്രസിനെ നാലിൽ നിന്ന് ഒരു സീറ്റിലേക്ക് ഒതുക്കി. എൻസിപിക്കും ഐഎൻഎലിനും ഓരോ സീറ്റ് കുറഞ്ഞു. സ്കറിയ തോമസ് വിഭാഗത്തിന് മത്സരിച്ച ഏക സീറ്റായ കടുത്തുരുത്തിയും നഷ്ടമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News