കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിച്ച് പത്ത് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 185 ആയി. അതേ സമയം 208 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 845 പുതുതായി കൊവിഡ് ബാധിച്ചു. രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 24,112 ആയി.
കുവൈറ്റില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7603 ആയി ഉയര്‍ന്നു. അതേ സമയം പുതുതായി 752 പേര്‍ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ ആകെ എണ്ണം ഇതോടെ 8698 ആയി. നിലവില്‍ ചികിത്സയിലുള്ളവരില്‍ 197 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.
അതിനിടെ കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയുടെ ഭാഗമായി 1500 പ്രവാസി ജീവനക്കാരെ പിരിച്ചുവിടാന്‍ കുവൈത്ത് എയര്‍വേയ്‌സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.ഇതിനായുള്ള പദ്ധതി തയ്യാറാക്കിക്കിക്കൊണ്ടിരിക്കുകയാണെന്നും രണ്ടാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ രൂപമാകുമെന്നുമാണ് സൂചന.
കുവൈത്ത് എയര്‍വേയ്‌സിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന. നഷ്ടത്തിലായ വിമാനക്കമ്പനിയില്‍ 7800ഓളം ജീവനക്കാരുണ്ട്. ഇവരില്‍ 1350 പേരാണ് കുവൈത്തി പൗരന്മാര്‍. ഈ വര്‍ഷം ആയിരത്തോളം പേരെ പുതിയതായി നിയമിക്കാന്‍ കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് വ്യാപനം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചതോടെ നിലവിലുള്ള ജീവനക്കാരെപ്പോലും പിരിച്ചുവിടേണ്ട അവസ്ഥയിലേക്കാണ് സ്ഥിതി കൊണ്ടെത്തിച്ചത്.