മലപ്പുറത്ത് ഒരു കുടുംബത്തിലെ പത്തുപേര്‍ക്ക് കൊവിഡ്

മലപ്പുറം: തിരൂര്‍ പുറത്തൂരില്‍ ഒരു കുടുംബത്തിലെ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജൂലൈ 14 നാണ് കൊവിഡ് ബാധിച്ച് ഈ വ്യക്തി മരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബംഗളൂരുവില്‍ നിന്നു വന്ന കുടുംബം നിരീക്ഷണത്തില്‍ കഴിയവെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം, മലപ്പുറത്ത് കൊവിഡ് സ്ഥിതി രൂക്ഷമാകുകയാണ്. ഇന്ന് രാവിലെ മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശി അബൂബക്കര്‍ (55) ആണ് മരിച്ചത്. 12 ദിവസം മുന്‍പാണ് അബൂബക്കര്‍ നാട്ടിലെത്തിയത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്ന് ഉറങ്ങുകയായിരുന്നു.

ഭാര്യ ഇന്ന് പുലര്‍ച്ചെ വിളിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വ്യക്തിയായതുകൊണ്ട് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് സ്രവ പരിശോധനയെല്ലാം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളു. മലപ്പുറത്ത് ഇന്നലെ മാത്രം 89 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News