25.4 C
Kottayam
Sunday, May 19, 2024

രോഗം ഭേദമായ ആള്‍ക്ക് വീണ്ടും കൊവിഡ്,നശിച്ച വൈറസുകള്‍ വീണ്ടും തലപൊക്കുമോ,ചര്‍ച്ചയില്‍ ആരോഗ്യമേഖല

Must read

ന്യൂഡല്‍ഹി:രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആശങ്കയിലാഴ്ത്തി കൊവിഡ് സുഖപ്പെട്ടയാളുകളില്‍ വീണ്ടും രോഗ ബാധ സ്ഥിരീകരിച്ചു. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനാണു കഴിഞ്ഞ ദിവസം വീണ്ടും രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഹിന്ദു റാവു ആശുപത്രിയിലെ നഴ്‌സിനും വീണ്ടും രോഗം കണ്ടെത്തിയിരുന്നു. രോഗം സുഖപ്പെട്ടവര്‍ക്കു അസുഖം വീണ്ടും ബാധിക്കില്ലെന്നാണു പഠനങ്ങളെങ്കിലും മറിച്ചുള്ള കണ്ടെത്തലുകള്‍ വലിയ ആശങ്കയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്.

മേയ് 15നാണു അന്‍പതുകാരനായ ഇന്‍സ്‌പെക്ടര്‍ക്കു ആദ്യം രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിച്ച ഇദ്ദേഹത്തെ 22നു നെഗറ്റീവായതോടെ വീട്ടിലേക്ക് അയച്ചു. തുടര്‍ന്നു ജോലിയില്‍ മടങ്ങി പ്രവേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ മാസം 10നു വീണ്ടും ചുമയും പനിയും ബാധിച്ച ഇദ്ദേഹത്തെ 13നു പരിശോധനയ്ക്കു വിധേയനാക്കി. ആദ്യം ആന്റിജന്‍ പരിശോധനയും തുടര്‍ന്നു ആര്‍ടി-പിസിആര്‍ പരിശോധനയും നടത്തിയപ്പോള്‍ രണ്ടിലും പോസിറ്റീവായിരുന്നു ഫലം. ഇദ്ദേഹത്തിനു മറ്റു രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ഭേദപ്പെട്ട നിലയിലാണെന്നും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ആദ്യം അസുഖം സുഖപ്പെട്ട് ഒരു മാസത്തിനുള്ളിലായിരുന്നെങ്കില്‍ ശരീരത്തിനുള്ളിലെ നശിച്ച കോവിഡ് വൈറസുകളാണു രണ്ടാമതും രോഗം കണ്ടെത്താന്‍ കാരണമെന്നു വിലയിരുത്താമായിരുന്നെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ശരീരത്തില്‍ ആവശ്യത്തിന് ആന്റിബോഡികള്‍ സൃഷ്ടിക്കപ്പെട്ടില്ലെങ്കില്‍ രണ്ടാമതും രോഗം ബാധിക്കാമെന്നു വസന്ത് കുഞ്ച് ഫോര്‍ട്ടിസ് ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മുഗ്ധ തപാഠിയ പറഞ്ഞു. അതേസമയം ആദ്യം കോവിഡ് കണ്ടെത്തിയ പരിശോധന തെറ്റായിരിക്കാനും സാധ്യതയുണ്ടെന്നും വിലയിരുത്തുന്നുണ്ട്.

ആദ്യം രോഗലക്ഷണമൊന്നും ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. സുഹൃത്തിനു കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്നു ഇദ്ദേഹവും ആശുപത്രിയിലെത്തി പരിശോധനയ്ക്കു വിധേയനാകുകയായിരുന്നു. ഏതാനും ദിവസം മുന്‍പു രോഗം സുഖപ്പെട്ടു തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്ന ഹിന്ദുറാവു ആശുപത്രിയിലെ നഴ്‌സിനും വീണ്ടും കോവിഡ് കണ്ടെത്തിയിരുന്നു. എന്നാല്‍ ശരീരത്തിനുള്ളിലെ ‘ഡെഡ് വൈറസുകള്‍’ കാരണമാകാം വീണ്ടും രോഗം കണ്ടെത്തിയതെന്നാണു വിലയിരുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week