ഒരു കിലോ തേയിലയ്ക്ക് 75,000 രൂപ! റെക്കോര്‍ഡ് നേട്ടം കൈവരിച്ച് മനോഹരി ഗോള്‍ഡ് ടീ
ദിസ്പൂര്‍: ഒരു കിലോ തേയിലയ്ക്ക് വില 75,000 രൂപ! ഞെട്ടണ്ട സത്യമാണ്. ഗുവാഹത്തിയിലാണ് തേയില റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുന്നത്. മനോഹരി ഗോള്‍ഡ് ടീ എന്ന തേയിലയാണ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഏറ്റവും ഉയര്‍ന്ന വിലയുള്ള തേയില എന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയത്.
കഴിഞ്ഞ വര്‍ഷം 50,000 രൂപയ്ക്കാണ് ഒരു കിലോ മനോഹരി ചായപ്പൊടി വിറ്റിരുന്നത്. 2018 ല്‍ ഇത് കിലോയ്ക്ക് 39001 രൂപയ്ക്കാണ് വിറ്റു പോയത്. വിഷ്ണു ടീ കമ്പനിയാണ് ഇത്തവണ മനോഹരി തേയില വാങ്ങിയത്. ലോകത്തിലെ തന്നെ ഏറ്റവും അപൂര്‍വ്വമായ ചായപ്പൊടികളിലൊന്നാണ് ഇത്.
മനോഹരി എസ്റ്റേറ്റ് വികസിപ്പിച്ചെടുത്ത പ്രക്രിയയിലൂടെയാണ് ഈ തേയില നിര്‍മ്മിക്കപ്പെടുന്നത്. ഈ വര്‍ഷം 2.5 കിലോ ഹാന്‍ഡ്മെയ്ഡ് തേയില ഉത്പാദിപ്പിച്ചെന്നും അതില്‍ 1.2 കിലോ ലേലത്തില്‍ വിറ്റതായും മനോഹരി ടീ എസ്റ്റേറ്റ് ഡയറക്ടര്‍ പര്‍ത്ത് ലോഹിയ വ്യക്തമാക്കി. ബാക്കിയുള്ളത് തെരഞ്ഞെടുക്കപ്പെട്ട ഔട്ട്ലറ്റുകളില്‍ വില്‍പ്പനയ്ക്കെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.