26.9 C
Kottayam
Sunday, May 5, 2024

ലോകകപ്പ് വേദികളിൽ മദ്യവിൽപ്പനയില്ല

Must read

ദോഹ: ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍ക്കില്ലെന്ന് ഫിഫ. ഖത്തര്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെ വെള്ളിയാഴ്ചയാണ് ഫിഫ പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.

ലോകകപ്പ് കിക്കോഫിന് രണ്ടു ദിവസം മുമ്പാണ് ഫിഫയുടെ തീരുമാനം വരുന്നത്. പരസ്യമായി മദ്യം കഴിക്കുന്നതിന് കര്‍ശന നിരോധനമുള്ള രാജ്യമാണ് ഖത്തര്‍. ലോകകപ്പിനെത്തുന്ന വിദേശികള്‍ക്ക് കല്ലുകടിയാകുന്ന തീരുമാനമാണിത്.

അതേസമയം ഫാന്‍ ഫെസ്റ്റിവലിലും അനുമതിയുള്ള മറ്റിടങ്ങളിലും മദ്യവില്‍പ്പനയാകാമെന്നും ഫിഫ അറിയിച്ചിട്ടുണ്ട്.

‘ആതിഥേയ രാജ്യത്തെ അധികാരികളും ഫിഫയും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ പരിധിയില്‍ നിന്ന് മദ്യവില്‍പ്പന പോയന്റുകള്‍ നീക്കം ചെയ്യാനുളള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഫിഫ ഫാന്‍ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസന്‍സുള്ള വേദികളിലും മദ്യവില്‍പ്പനയുണ്ടാകും’ – ഫിഫ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

സ്റ്റേഡിയങ്ങളുടെ പരിധിയില്‍ മദ്യവില്‍പ്പന അനുവദിക്കില്ലെന്ന ഖത്തര്‍ സര്‍ക്കാര്‍ നിലപാട് ഫിഫയ്ക്കും കനത്ത തിരിച്ചടിയാണ്. ബിയര്‍ നിര്‍മ്മാതാക്കളായ എബി ഇന്‍ബെവിന്റെ ഉടമസ്ഥതയിലുള്ള ബഡ്‌വൈസര്‍, ലോകകപ്പിന്റെ പ്രധാന സ്‌പോണ്‍സറാണ്. കോടിക്കണക്കിന് രൂപയുടെ കരാറാണ് ഫിഫയ്ക്ക് ബഡ്‌വൈസറുമായുള്ളത്. ഓരോ മത്സരത്തിന് മൂന്ന് മണിക്കൂറുകള്‍ക്ക് മുമ്പും മത്സരം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷവും എട്ട് സ്റ്റേഡിയങ്ങളുടെയും ടിക്കറ്റ് പരിധിയില്‍ ആല്‍ക്കഹോളിക് ബിയര്‍ വില്‍ക്കാനായിരുന്നു ബഡ്‌വൈസറിന്റെ പദ്ധതി. പുതിയ തീരുമാനത്തോടെ അവര്‍ക്ക് ഇനി ഈ പദ്ധതി ഉപേക്ഷിക്കേണ്ടിവരും.

അതേസമയം സ്റ്റേഡിയം പരിസരത്ത് തങ്ങളുടെ നോണ്‍ ആല്‍ക്കഹോളിക് ബിയറുകളുടെ വില്‍പ്പനയുണ്ടാകുമെന്ന് ബഡ്‌വെയ്‌സര്‍ അറിയിച്ചിട്ടുണ്ട്.

സന്ദര്‍ശകര്‍ക്ക് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ വിഭാഗത്തില്‍ നിന്ന് പോലും മദ്യം കൊണ്ടുവരാന്‍ സാധിക്കാത്ത രാജ്യമാണ് ഖത്തര്‍. മിക്കവര്‍ക്കും രാജ്യത്തെ ഏക മദ്യശാലയില്‍ നിന്നുപോലും മദ്യം വാങ്ങാന്‍ സാധിക്കില്ല. ചില ഹോട്ടലുകളിലെ ബാറുകളില്‍ മാത്രമാണ് മദ്യവില്‍പ്പനയുള്ളത്. അതുതന്നെ അര ലിറ്ററിന് 15 ഡോളര്‍ (ഏകദേശം 1225 ഇന്ത്യന്‍ രൂപ) നല്‍കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week