ന്യൂഡല്ഹി: നീറ്റ് യു.ജി. പരീക്ഷാ അട്ടിമറിയിൽ നടന്നത് അന്തർസംസ്ഥാന ബന്ധങ്ങളുള്ള വമ്പൻ തട്ടിപ്പാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തട്ടിപ്പിന്റെ ഗൂഢാലോചന ആരംഭിച്ചത് മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. നാസിക്കിൽ നിന്ന് ഹരിയാന, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഡൽഹി, ജമ്മു കശ്മീർ തുടങ്ങി എട്ടോളം സംസ്ഥാനങ്ങളിലേക്ക് ചോദ്യപേപ്പർ ചോർന്നതായാണ് പുതിയ കണ്ടെത്തൽ. കേസ് ഏറ്റെടുത്ത സിബിഐ ഇന്ന് തന്നെ ഔദ്യോഗികമായി എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കും. തട്ടിപ്പിന്റെ പ്രധാന സൂത്രധാരനെന്ന് പോലീസ് സംശയിക്കുന്ന മനീഷ് യാദവിനെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഒഴിഞ്ഞുമാറുകയാണ്. പ്രതിഷേധങ്ങൾ ഭയന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ കേന്ദ്ര സേനയെ ഉൾപ്പെടെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മന്ത്രാലയ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും സമരങ്ങൾക്ക് അനുമതിയില്ലെന്ന് വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. കനത്ത സുരക്ഷാ വലയത്തിലാണ് നിലവിൽ വിദ്യാഭ്യാസ മന്ത്രാലയം പ്രവർത്തിക്കുന്നത്. വിദ്യാർത്ഥി സംഘടനകൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഈ നീക്കം.
നീറ്റ് പുനഃപരീക്ഷയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ആസ്ഥാനത്ത് ഉന്നതതല യോഗം തുടരുകയാണ്. പുതിയ പരീക്ഷാ തീയതി, പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ യോഗം ചർച്ച ചെയ്യും. ചോദ്യപേപ്പർ ചോർന്ന ഉറവിടം കണ്ടെത്തുന്നത് വരെ പുതിയ പരീക്ഷാ നടത്തിപ്പിൽ അതീവ ജാഗ്രത പാലിക്കാനാണ് എൻടിഎയുടെ തീരുമാനം. അച്ചടി പ്രസ് മുതൽ പരീക്ഷാ കേന്ദ്രങ്ങൾ വരെയുള്ള ഓരോ ഘട്ടത്തിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദഗ്ധരുമായി എൻടിഎ ഉദ്യോഗസ്ഥർ കൂടിയാലോചന നടത്തുന്നുണ്ട്.
മനീഷ് യാദവിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിൽ പങ്കാളികളായ കൂടുതൽ വലിയ സ്രാവുകളെ പിടികൂടാൻ കഴിയുമെന്നാണ് സിബിഐയുടെ പ്രതീക്ഷ. ചോദ്യപേപ്പർ കൈമാറാൻ ഉപയോഗിച്ച ഡിജിറ്റൽ മാർഗ്ഗങ്ങൾ, പണം കൈമാറിയ അക്കൗണ്ടുകൾ എന്നിവ സിബിഐയുടെ സാമ്പത്തിക വിഭാഗം പരിശോധിക്കും. പരീക്ഷാ മാഫിയകൾക്ക് എൻടിഎയിലെ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടോ എന്ന കാര്യവും സിബിഐ അന്വേഷണ പരിധിയിൽ വരും. മെഡിക്കൽ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള കടുത്ത നടപടികളിലേക്ക് കേന്ദ്ര സർക്കാർ നീങ്ങുകയാണ്.
Investigations into the NEET UG 2026 scam reveal a massive inter-state conspiracy originating from Nashik, Maharashtra. Leaked papers reportedly reached states including Haryana, Andhra Pradesh, Telangana, Rajasthan, Delhi, and Jammu & Kashmir. The CBI is expected to file an FIR today, following the arrest of the alleged mastermind, Manish Yadav. Meanwhile, Education Minister Dharmendra Pradhan avoided media queries as security was tightened at the Ministry, and NTA officials met to discuss the schedule for the re-examination.


