മലപ്പുറം∙ മലപ്പുറം മങ്കടയിൽ സുഹൃത്തുക്കളായ നാലു വിദ്യാർഥികൾ മിന്നലേറ്റ് മരിച്ചു. മൂന്നുപേർക്ക് പൊള്ളലേറ്റു. വെള്ളില പുതുകൂടി മലയിൽ അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻ വീട്ടിൽ സൈതലവിയുടെ മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെ മകൻ സിയാദ് (18), കറുത്താൻ കുത്തിൽ നിസാറിന്റെ മകൻ ഫഹദ് (22). എന്നിവരാണ് മരിച്ചത്. റോഷൻ (20), ഇഷ്ഹാത്ത് (16) എന്നിവർക്കും മറ്റൊരു വിദ്യാർഥിക്കും പരുക്കേറ്റു.
മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയിന്റിലെത്തിയതായിരുന്നു വിദ്യാർഥികൾ. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. അപകടവിവരമറിഞ്ഞയുടൻ ആറു കുട്ടികളെ നാട്ടുകാർ കണ്ടെത്തി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല. ഇതിൽ രണ്ടുപേർ ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ മരിച്ചിരുന്നു എന്നാണ് വിവരം. സംഘത്തിൽ ഏഴാമതൊരാൾ കൂടി ഉണ്ടായിരുന്നുവെന്ന വിവരം പരുക്കേറ്റ കുട്ടികളിൽ ഒരാൾ ബോധം വന്ന സമയത്ത് ആശുപത്രിയിലുണ്ടായിരുന്നവരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പാറയിടുക്കിൽ വീണുകിടക്കുന്ന നിലയിൽ ഏഴാമത്തെ കുട്ടിയെ കണ്ടെത്തിയത്.
പുനലൂർ നെല്ലിപ്പള്ളിയിൽ സർവീസ് സ്റ്റേഷന് സമീപം മൺതിട്ട ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയ്ക്ക് സമീപമുള്ള പെട്രോൾ പമ്പിൽ അടുത്തുള്ള സർവീസ് സ്റ്റേഷനിലാണ് സംഭവം. പുനലൂർ പിറവന്തൂൽ വൻമള സ്വദേശി ഷിജു ആണ് മരിച്ചത്. ഇദ്ദേഹം സർവീസ് സ്റ്റേഷൻ തൊഴിലാളിയാണ്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ടോറസിന് മുകളിലേക്കാണ് സർവീസ് സ്റ്റേഷന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണത്.
കനത്തമഴയും കാറ്റുമുണ്ടായപ്പോൾ സർവീസ് സ്റ്റേഷനു സമീപം നിർത്തിയിട്ടിരുന്ന ടോറസ് ലോറിയുടെ കാബിനിൽ കയറി ഇരിക്കുകയായിരുന്നു ഷിജു. പിന്നാലെ മൺതിട്ട ഇടിഞ്ഞ് ലോറിക്കും സർവീസ് സ്റ്റേഷനും മുകളിലേക്ക് വീഴുകയായിരുന്നു. പുനലൂർ അഗ്നിരക്ഷാസേന ഒന്നരമണിക്കൂറിലേറെ ശ്രമിച്ചാണ് മണ്ണുനീക്കി ഷിജുവിനെ കണ്ടെത്തിയത്. ലോറിയുടെ കാബിൻ വെട്ടിപ്പൊളിച്ചാണ് ഷിജുവിനെ പുറത്തെടുത്തത്. മണ്ണിടിച്ചിലിൽ സർവീസ് സ്റ്റേഷനും പൂർണമായി തകർന്നു.
മേയ് 14 മുതൽ 16 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്.
ഈ ആഴ്ച അവസാനത്തോടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയേക്കും. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം (Low-Pressure Area) നിലനിൽക്കുന്നുണ്ടെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ ശക്തിപ്പെടാൻ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി.
തെക്കൻ കർണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.


