കാസര്‍കോട്: മരണത്തിലും വിട്ടുപിരിയാതെ, പ്രിയതമന്റെ ചാരത്ത് കുമ്പള സ്വദേശിനി പ്രഫുല്ലയുടെ നിത്യനിദ്ര. ബൈക്കപകടത്തില്‍ മരിച്ച പ്രതിശ്രുത വരന്‍ മണിയുടെ കുഴിമാടത്തിന് അരികില്‍ തന്നെ പ്രഫുല്ലയ്ക്കും അന്ത്യവിശ്രമമൊരുക്കി. തമിഴ്‌നാട് തിരുനെല്‍വേലി വള്ളിയൂരിലെ മണിയുടെ വീട്ടുവളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ ഒരു നോവായി മാറി. പ്രിയതമനെ അടക്കിയ സ്ഥലത്ത് തന്നെ തന്നെയും സംസ്‌കരിക്കണമെന്ന പ്രഫുല്ലയുടെ അവസാന ആഗ്രഹം ഇരുവീട്ടുകാരും ചേര്‍ന്ന് നിറവേറ്റുകയായിരുന്നു.
പാലക്കാട് ഹോട്ടല്‍ മാനേജ്മെന്റ് പഠനകാലത്താണ് കുമ്പള കിദൂര്‍ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകള്‍ പ്രഫുല്ലയും (26), ഫൈനാന്‍സ് കമ്പനിയിലെ ജോലിക്കാരനായ തമിഴ്നാട് തിരുനെല്‍വേലി സ്വദേശി മണിയും (30) പ്രണയത്തിലാകുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായാണ് മണി സ്ഥിരമായി പാലക്കാടെത്തിയിരുന്നത്. ഫൈനാന്‍സ് കമ്പനിയിലെ താത്കാലിക ജോലി സ്ഥിരമായശേഷം പ്രഫുല്ലയെ വിവാഹം കഴിക്കാമെന്ന് മണി ഉറപ്പുനല്‍കിയിരുന്നു. മണിയുടെ ഉറപ്പിന്മേല്‍ ഒമ്പത് മാസം മുമ്പ് ഇവരുടെ വിവാഹനിശ്ചയം നടന്നു. ഈ വര്‍ഷം മഴക്കാലത്തിന് മുമ്പ് വിവാഹം നടത്താനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് വിധി വില്ലനായെത്തിയത്.
ഒരു മാസം മുന്‍പ് മണി സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ചായിരുന്നു അപകടം. ആഴ്ചകളോളം മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ കഴിഞ്ഞെങ്കിലും ഒടുവില്‍ മണി മരണത്തിന് കീഴടങ്ങി. മണിയുടെ മരണത്തോടെ പ്രഫുല്ല പൂര്‍ണ്ണമായും തകര്‍ന്നുപോയി. തിരുനെല്‍വേലിയില്‍ നടന്ന മണിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം കുമ്പളയിലെ വീട്ടില്‍ തിരിച്ചെത്തിയ പ്രഫുല്ല തീര്‍ത്തും മൗനിയായി മാറുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ പോയ സമയത്താണ് പ്രഫുല്ല വീടിനുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ചത്. തന്റെ മരണശേഷം മൃതദേഹം മണിയെ സംസ്‌കരിച്ചിടത്ത് തന്നെ അടക്കണമെന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. പ്രഫുല്ലയുടെ അച്ഛന്‍ ജയാനന്ദനും സഹോദരന്‍ പ്രമോദും മണിയുടെ വീട്ടുകാരുമായി സംസാരിച്ചതിനെ തുടര്‍ന്ന് മൃതദേഹം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.
തിങ്കളാഴ്ച കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോയി. മണിയുടെ വിയോഗത്തിന്റെ വേദനയില്‍ നീറിപ്പുകഞ്ഞ പ്രഫുല്ല, ഒടുവില്‍ തന്റെ പ്രിയതമന്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിന്റെ തണുപ്പിലേക്ക് അലിഞ്ഞുചേര്‍ന്നു. രണ്ട് കുടുംബങ്ങളിലെയും അംഗങ്ങളും നാട്ടുകാരും പങ്കെടുത്ത ചടങ്ങുകള്‍ കണ്ടുനിന്നവര്‍ക്ക് നൊമ്പരമായി. പകുതിവഴിയില്‍ മുറിഞ്ഞുപോയ ഒരു പ്രണയകഥയുടെ സങ്കടകരമായ അന്ത്യമായിരുന്നു അത്.
In a heart-wrenching end to a tragic love story, Prafulla, a native of Kumbla in Kasaragod, was laid to rest beside her fiancé, Mani, in Valliyur, Tamil Nadu. Mani had died recently in a bike accident, and unable to bear the loss, Prafulla also passed away shortly after. Fulfilling her final wish, both families agreed to bury her right next to Mani’s grave at his residence, ensuring they remain together in death.


