ന്യൂഡല്‍ഹി: ഡോക്ടറാകണമെന്ന് ആ ഗ്രഹിച്ച് അത് സാധ്യമാകുന്നിടം വരെയുള്ള ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതം ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ്. പഠനം പൂര്‍ത്തിയാക്കി ഡോക്ടറായി ഇറങ്ങുന്നത് വരെയുള്ള യാത്ര എന്നത് വളരെ കഠിനവും, ത്യാഗങ്ങള്‍ നിറഞ്ഞതുമാണ്. വെറുമൊരു പഠനം മാത്രമല്ല, ശാരീരികവും മാനസികവുമായ ഒരു പോരാട്ടം കൂടിയാണത്. എന്‍ട്രന്‍സ് പ്രവേശന പരീക്ഷയാണ് അതിന്റെ ആ ദ്യ ചുവട്. പ്ലസ് വണ്‍, പ്ലസ് ടു കാലഘട്ടത്തില്‍ മറ്റ് സന്തോഷങ്ങളെല്ലാം മാറ്റിവെച്ച് ദിവസവും മണിക്കൂറുകളോളം അതിനായി പഠിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ അതിനായി ഒരുങ്ങുന്നത്. ദിവസവും 10 മുതല്‍ 14 മണിക്കൂര്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളും നമുക്ക് ചുറ്റുമുണ്ടാകും.
അത് കഴിഞ്ഞ് ലക്ഷക്കണക്കിന് കുട്ടികളുമായി മത്സരിച്ച് വേണം നീറ്റില്‍ യോ ഗ്യത നേടാന്‍. ഒന്നും രണ്ടും വര്‍ഷം ഇതിനായി മാത്രം മാറ്റിവെച്ച് പഠിക്കുന്നവരും നിരവധിയാണ്. അങ്ങനെ കഷ്ടപ്പെട്ട് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ കണ്ണീര്‍ വീഴത്തിയ സംഭവമായിരുന്നു ഈ വര്‍ഷത്തെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച. കര്‍ശന പരിശോധനയോടെ നടത്തുന്ന ഒരീക്ഷയിലാണ് വലിയ വീഴ്ച സംഭവിച്ചത്. പിന്നീട് നടന്ന അന്വേഷണത്തിലും കണ്ടെത്തിയ വിവരങ്ങളും രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതയായിരുന്നു. അന്ന് തുടങ്ങിയ പ്രതിഷേധമാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ ആളിക്കത്തുന്നത്.
വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് നടത്തിയ ‘സന്‍സദ് ചലോ’ മാര്‍ച്ചാണ് പ്രതിഷേധത്തന് വഴിമാറിയത്. സംഘര്‍ഷം പടര്‍ന്നതോടെ പോലീസ് പല തവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലീസ് അമിതബലം പ്രയോഗിച്ചതായി ആരോപണമുയരുകയും പ്രതിഷേധക്കാര്‍ അക്രമം നടത്തിയതായി പോലീസ് പ്രത്യാരോപണം ഉന്നയിക്കുകയും ചെയ്തു. സി.ജെ.പി.യുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം ആരംഭിച്ചപ്പോള്‍മുതല്‍ കേന്ദ്രസര്‍ക്കാര്‍ അ തിന് അവ ഗണിച്ച് കളയുക എന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. സമരം വ്യാപകമായപ്പോഴും സോനം വാങ്ചുക്കും മറ്റു നേതാക്കളും പിന്തുണ പ്രഖ്യാപിച്ചപ്പോഴും കേന്ദ്രം ഇതേ നിലപാട് തുടര്‍ന്നു. ഇങ്ങനെ അവ ഗണിച്ച് വിട്ടപ്പോള്‍ സമരം തണുത്ത് തുടങ്ങി എന്ന പ്രതീതി വന്നു. എന്നാല്‍ പെട്ടെന്ന് തന്നെ സമരക്കാര്‍ കളം കൈയടക്കുകയായിരുന്നു. അപ്പോഴേക്കും സര്‍ക്കാരിനെയും ബി.ജെ.പി.യെയും സംബന്ധിച്ച് കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഡല്‍ഹി നിര്‍ണായകമായ പല തരത്തിലുമുള്ള പ്രക്ഷോഭങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. കര്‍ഷക പ്രക്ഷോഭം, നിര്‍ഭയ പ്രക്ഷോഭം തുടങ്ങിയ പല പ്രക്ഷോഭങ്ങള്‍ക്കും രാജ്യതലസ്ഥാനം വേദിയായി. അക്കൂട്ടത്തിലേക്കാണ് സി.ജെ.പിയുടെ പ്രക്ഷോഭം ഉള്‍പ്പെടുന്നത്.
സാധാരണ വാര്‍ത്താസമ്മേളനങ്ങളെയും പോസ്റ്ററുകളെയും ആശ്രയിക്കുന്നതിനുപകരം ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, എക്‌സ് തുടങ്ങിയ പ്‌ളാറ്റ്ഫോമുകളിലൂടെയാണ് സിപെജിയുടെ പ്രവര്‍ത്തനങ്ങള്‍. വിദ്യാഭ്യാസം, തൊഴിലില്ലായ്മ, മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍, യുവജനങ്ങളുടെ ഭാവി തുടങ്ങിയവയിലെ അനിശ്ചിതത്വമാണ് സമരം ഉയര്‍ത്തിക്കാട്ടുന്നത്. വലിയ വേദികളും നീണ്ട പ്രസംഗങ്ങളും ഒഴിവാക്കി ലളിതമായ സന്ദേശങ്ങളും ദൃശ്യാവിഷ്‌കാരങ്ങളുമാണ് സിജെപിയുടെ സമരരീതി.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്കുകൂട്ടലുകളെ പൂര്‍ണ്ണമായും തെറ്റിച്ചാണ് പതിനായിരങ്ങള്‍ ഒഴുകിയെത്തിയത്. 7000 മുതല്‍ 8000 വരെ ആളുകള്‍ എത്തിയേക്കാമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാല്‍, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും യുവാക്കളും അടക്കം ഒരു ലക്ഷത്തോളം പേരാണ് തിങ്കളാഴ്ച ഡല്‍ഹിയില്‍ തടിച്ചുകൂടിയത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വാട്സ്ആപ്പ് കൂട്ടായ്മകള്‍ വഴി ഏകോപിപ്പിച്ചാണ് ഭൂരിഭാഗം പേരും എത്തിയത്. മാര്‍ച്ചില്‍ പങ്കെടുത്തവരില്‍ ഏറെയും 12 നും 17 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരായിരുന്നു എന്നത് ഡല്‍ഹിയെ ഞെട്ടിച്ചു. സാമൂഹികമാധ്യമങ്ങളിലെ ആഹ്വാനം ഏറ്റെടുത്ത് ആയിരങ്ങള്‍ ജന്തര്‍മന്തറിലേക്കും പാര്‍ലമെന്റിലേക്കും ഇരച്ചെത്തിയപ്പോള്‍ പോലീസും സുരക്ഷാസേനകളും ആദ്യം പകച്ചു. എന്തെങ്കിലും കടുത്തനടപടിയെടുത്ത് പിരിച്ചുവിടാവുന്നതിനും അപ്പുറമായിരുന്നു ആ യുവജനസഞ്ചയം. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും കടുത്ത ലാത്തിച്ചാര്‍ജും പ്രയോഗിച്ചു.
പിന്നാലെ ഇന്നലെ നടന്ന പ്രതിഷേധവും അതിന്റെ ബാക്കിയായിരുന്നു. പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഈ മിന്നല്‍ നീക്കം രാജ്യതലസ്ഥാനത്ത് സൃഷ്ടിച്ചത് അഭൂതപൂര്‍വ്വമായ രാഷ്ട്രീയ നാടകീയതയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമെ, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേരള മുഖ്യമന്ത്രി വി.ഡി. സതീശനും ഉള്‍പ്പെടെയുള്ളവര്‍ സമരസ്ഥലത്ത് എത്തിയത് പോരാട്ടത്തിന് പുതിയൊരു രാഷ്ട്രീയമാനം നല്‍കി. രണ്ടു സംസ്ഥാനങ്ങളുടെ ഭരണനേതൃത്വത്തിലുള്ളവര്‍ കൂടി ഡല്‍ഹിയിലെത്തി സമരത്തില്‍ പങ്കാളികളായത് കേന്ദ്ര സര്‍ക്കാരിനെ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു
പ്രതിപക്ഷ പ്രതിഷേധത്തിനൊടുവില്‍ നീറ്റ് ക്രമക്കേടില്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായി. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച നടത്താന്‍ സന്നദ്ധമാണ് ലോക് സഭ സ്പീക്കര്‍ ഓംബിര്‍ലയും, പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവും വ്യക്തമാക്കി. പാര്‍ലമെന്റിനകത്തും പുറത്തും ശക്തമാകുന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കേന്ദ്രം ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചത്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസും പ്രതിഷേധവും നിലപാട് കടുപ്പിച്ചു. മന്ത്രി സ്ഥാനത്ത് ധര്‍മ്മേന്ദ്ര പ്രധാന്‍ തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.
2026 മെയ് മൂന്നിനാണ് നീറ്റ് പരീക്ഷ നടന്നത്. എന്നാല്‍ പരീക്ഷ നടക്കുന്നതിന് മുന്‍പ് തന്നെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് ആരോപണം. ഏകദേശം 410 ചോദ്യങ്ങളടങ്ങിയ ഒരു ഗെസ് പേപ്പര്‍ പരീക്ഷയ്ക്ക് ഒരു മാസം മുന്‍പ് തന്നെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. ഇതിലെ 120 കെമിസ്ട്രി ചോദ്യങ്ങള്‍ നീറ്റ് പരീക്ഷയില്‍ അതേപടി വന്നതാണ്. രാജസ്ഥാനിലെ സിക്കറിലെ ഒരു കോച്ചിങ് സെന്റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. പരീക്ഷാ നടത്തിപ്പിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നിയോഗിച്ച സബ്ജക്ട് എക്‌സ്‌പെര്‍ട്ടുകള്‍ തന്നെയാണ് ക്രമക്കേടിന് പിന്നിലെ പ്രധാന പ്രതികള്‍. പൂനെയിലെ ബയോളജി ലെക്ചറര്‍ മനീഷ ഗുരുനാഥ് മന്ദ്ഹാരെ, കെമിസ്ട്രി പ്രഫസര്‍ പി.വി. കുല്‍ക്കര്‍ണി എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തു.
എന്‍ടിഎ വിദഗ്ധര്‍ എന്ന നിലയില്‍ ചോദ്യപേപ്പറുകളിലേക്ക് പൂര്‍ണമായ പ്രവേശനമുണ്ടായിരുന്ന ഇവര്‍, പരീക്ഷയ്ക്ക് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ പൂനെയിലെ തങ്ങളുടെ വീടുകളില്‍ തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ‘കോച്ചിങ് ക്ലാസുകള്‍’ നടത്തി. യഥാര്‍ഥ ചോദ്യപേപ്പറിലെ ബോട്ടണി, സുവോളജി, കെമിസ്ട്രി ചോദ്യങ്ങള്‍ അതേപടി ഇവര്‍ വിദ്യാര്‍ഥികള്‍ക്ക് പറഞ്ഞു കൊടുക്കുകയും നോട്ടുപുസ്തകങ്ങളില്‍ എഴുതിക്കുകയും ചെയ്തതായി സിബിഐ കണ്ടെത്തി.
പരീക്ഷയ്ക്ക് മുന്‍പ് വിപണിയില്‍ ഇറങ്ങിയ ഒരു പ്രത്യേക ‘ഗസ് പേപ്പര്‍’ ആണ് ഇത്തവണ അന്വേഷണത്തിന് വഴിത്തിരിവായത്. 410 ചോദ്യങ്ങള്‍ അടങ്ങിയ ഈ ഗസ് പേപ്പറില്‍ വന്ന ചോദ്യങ്ങള്‍, യഥാര്‍ഥ നീറ്റ് പരീക്ഷയിലെ ബയോളജി (90 ചോദ്യങ്ങള്‍), കെമിസ്ട്രി (45 ചോദ്യങ്ങള്‍) എന്നീ സെക്ഷനുകളിലെ ചോദ്യങ്ങളുമായി 100 ശതമാനം ഒത്തുപോയതായി ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി ഈ ചോദ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പരീക്ഷയുടെ സുതാര്യത പൂര്‍ണമായും നഷ്ടപ്പെട്ടു. ഇതേത്തുടര്‍ന്ന് 22 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ എഴുതിയ 2026ലെ നീറ്റ്-യുജി പരീക്ഷ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി റദ്ദാക്കാന്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന് ജൂണ്‍ 21 ന് വീണ്ടും പുനഃപരീ ക്ഷ നടത്തുകയായിരുന്നു. എന്നാല്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം തീരെ കുറഞ്ഞു. ആദ്യ പരീക്ഷയില്‍ 22.05 ലക്ഷം വിദ്യാര്‍ഥികളാണ് എഴുതിയതെങ്കില്‍ പുനഃപരീക്ഷയ്‌ക്കെത്തിയത് 19.99 ലക്ഷം വിദ്യാര്‍ഥികള്‍മാത്രമായിരുന്നു. പരീക്ഷയ്ക്കായി 22.79 ലക്ഷംപേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇൗ കണക്ക് പ്രകാരം 2.79 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാതിരുന്നു. ആദ്യ പരീക്ഷയില്‍ 96.72 ശതമാനം ഹാജര്‍ രേഖപ്പെടുത്തിയ സ്ഥാനത്താണ് പുനഃപരീക്ഷയില്‍ 87.72 ശതമാനമായി കുറഞ്ഞത്.
പ്രതിഷേധക്കാരെ നിയന്ത്രിക്കാനെത്തിയവരില്‍ പൊലീസുകാരല്ലാത്തവരും ഉണ്ടെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ബിജെപിക്കാര്‍ സമരത്തെ അട്ടിമറിക്കാന്‍ മനഃപ്പൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കുകയുമാണെന്നാണ് ആരോപണം. പ്രതിഷേധത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായ നിരവധി വിഡിയോകളില്‍ സാധാരണ വേഷത്തിലുള്ള ചിലര്‍ പൊലീസ് ലാത്തികളുമായി പ്രതിഷേധക്കാരെ ആക്രമിക്കുന്നതായി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിനെ തുടര്‍ന്ന് കോക്രോച്ച് ജന്താ പാര്‍ട്ടി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഡല്‍ഹി പൊലീസിനെതിരെ രൂക്ഷമായ ചോദ്യങ്ങളുന്നയിച്ചു. ”സാധാരണ വേഷത്തില്‍ ലാത്തികളുമായി നില്‍ക്കുന്ന ഈ ഗുണ്ടകള്‍ ആരാണ്? ഞങ്ങളെ തല്ലാനായി നിങ്ങള്‍ ആരെയാണ് നിയമിച്ചത്?” എന്നായിരുന്നു ചോദ്യം. പ്രതിഷേധക്കാര്‍ ഉന്നയിച്ച വിവിധ ആരോപണങ്ങള്‍ക്ക് ഡല്‍ഹി പൊലീസ് മറുപടി നല്‍കുന്നുണ്ടെങ്കിലും സാധാരണ വേഷത്തിലുള്ളവര്‍ പൊലീസ് ലാത്തികള്‍ ഉപയോഗിച്ച് പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവത്തില്‍ മാത്രം പൊലീസ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
അതേസമയം വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍, ജന്തര്‍ മന്തറില്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന എല്ലാ പൊലീസുകാരും ഇനി യൂണിഫോമില്‍ തന്നെ ഹാജരാകണമെന്ന് ഡല്‍ഹി പൊലീസ് നിര്‍ദേശം നല്‍കി. സാധാരണ വേഷത്തില്‍ ഡ്യൂട്ടിക്ക് എത്തരുതെന്നും നിര്‍ദേശമുണ്ട്. ദി ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച രാത്രി വൈകി ഡല്‍ഹി പൊലീസ് ആസ്ഥാനത്തുനിന്ന് എല്ലാ യൂണിറ്റുകള്‍ക്കും സന്ദേശം ലഭിച്ചിട്ടുണ്ട്.
മേയ് 12-ന് 2026-ലെ നീറ്റ്-യു.ജി പരീക്ഷ റദ്ദാക്കിയതിനും ജൂണ്‍ 21-ലെ പുനഃപരീക്ഷയുമായി ബന്ധപ്പെട്ടും 14 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്ക് നോക്കിയാല്‍ 93 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 2025-ലാണ് ഇത്തരം മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നീറ്റുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകളില്‍ പ്രതിവര്‍ഷം ക്രമാനുഗതമായ വര്‍ദ്ധനവാണ് ഡാറ്റ കാണിക്കുന്നത്. 2021-ല്‍ കുറഞ്ഞത് നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍, 2022-ല്‍ ഒന്‍പത്, 2023-ല്‍ 14, 2024-ല്‍ 19, 2025-ല്‍ 32 എന്നിങ്ങനെയാണ് കേസുകള്‍ ഉയര്‍ന്നത്. 2026-ല്‍, മേയ് 12-ന് പരീക്ഷ റദ്ദാക്കിയതായി പ്രഖ്യാപിച്ചതിന് ശേഷമുള്ള അഞ്ച് കേസുകള്‍ ഉള്‍പ്പെടെ കുറഞ്ഞത് 14 കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നീറ്റുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആത്മഹത്യാ കേസുകളില്‍ കൂടുതലും (19.8%) ബീഹാറില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഡല്‍ഹിയിലെ പ്രക്ഷോഭത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയയുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. ”ജെഎന്‍യു പാര്‍ലമെന്റ് ചലോ കോര്‍ഡിനേഷന്‍” , ”പാര്‍ലമെന്റ് ചലോ – ജൂലൈ 20′ എന്നീ പേരുകളുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകളെന്ന് രീതിയില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ടാണ് അവര്‍ ഇക്കാര്യം ആരോപിക്കുന്നത്.
സന്ദേശങ്ങളിലൊന്നില്‍ പറയുന്നത് ”ആരെങ്കിലും മരിച്ചാല്‍, അത് സര്‍ക്കാരിനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും” എന്നായിരുന്നു. ”നിങ്ങള്‍ നിങ്ങളുടെ ജീവന്‍ നല്‍കാന്‍ തയ്യാറാണെങ്കില്‍, കുറഞ്ഞത് നിങ്ങളുടെ ദയ വരും തലമുറകളെങ്കിലും ഓര്‍മ്മിക്കപ്പെടും. ആ പ്രതിഷേധത്തില്‍ എന്റെ സഹോദരന്‍ കൊല്ലപ്പെട്ടു; നിങ്ങളെയും ഓര്‍ക്കും. ഇത്രയധികം ആളുകള്‍ ജീവന്‍ നല്‍കാന്‍ തയ്യാറാണെന്ന് അറിയുന്നത് സന്തോഷകരമാണ്.” എന്നാണ് മറ്റൊരു സന്ദേശം. ”റെഡ് സല്യൂട്ട്. നാളെ മോദി സര്‍ക്കാരിന്റെ അവസാന ദിവസമായിരിക്കും.” എന്നാണ് മറ്റൊരു ചാറ്റ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയും പൊലീസുകാര്‍ക്ക് പരിക്കേറ്റതും, വാഹനങ്ങള്‍ നശിപ്പിച്ചതുമുള്‍പ്പടെയുള്ള സംഭവം ചൂണ്ടിക്കാട്ടിയാണ് ബിജെപി സമരക്കാര്‍ക്കെതിരെ രം ഗത്ത് വരുന്നത്. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് മുന്നില്‍ രാജ്യവ്യാപകമായി ബി.ജെ.പി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയാണ്.
സമരം അട്ടിമറിക്കാന്‍ ബിജെപി മനഃപ്പൂര്‍വ്വം ശ്രമിക്കുന്നുവെന്ന ആരോപണവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. പ്രതിഷേധിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന ബിജെപിയുടെ വാദം ബലപ്പെടുത്താന്‍ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വിഡിയോകളാണ് പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിനു പ്രക്ഷോഭക്കാര്‍ കല്ലെറിഞ്ഞുവെന്നു തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇത് ബിജെപി ഹാന്‍ഡിലുകള്‍ വ്യാപകമായി പ്രചരിപ്പിച്ചു.
എന്നാല്‍ വസ്തതു മറ്റൊന്നാണ്. ബിഹാറിലെ പാടലീപുത്ര റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. സംസ്ഥാന പൊലീസിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി നടത്തിയ പരീക്ഷയ്ക്കു പോകാന്‍ കാത്തുനിന്ന ഉദ്യോഗാര്‍ഥികള്‍ ട്രെയിന്‍ വൈകിയതില്‍ പ്രകോപിതരായി കല്ലെറിയുകയായിരുന്നു. കഴിഞ്ഞ മാസം 14നായിരുന്നു സംഭവം. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഹൈഡ്രജന്‍ ട്രെയിനിനു നേരെ കല്ലേറുണ്ടായിട്ടില്ലെന്നും സര്‍വീസ് മുടങ്ങിയിട്ടില്ലെന്നും നോര്‍ത്തേണ്‍ റെയില്‍വേ വ്യക്തമാക്കി. ഇതാണ് ഇപ്പോള്‍ കുത്തിപ്പൊക്കി പ്രചരിപ്പിക്കുന്നത്. തകര്‍ത്ത പൊലീസ് വാഹനങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു കൊണ്ടും സമാനമായ പ്രചാരണം നടക്കുന്നുണ്ട്.
എന്നാല്‍, ഇതില്‍ പൊലീസിനും വലിയ പങ്കുണ്ടെന്നു തെളിയിക്കുന്ന വിഡിയോകളാണ് വിദ്യാര്‍ഥികള്‍ പോസ്റ്റ് ചെയ്യുന്നത്. ലാത്തികൊണ്ട് കാറിന്റെ ചില്ലു തകര്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും വിദ്യാര്‍ഥികള്‍ക്കുനേരെ കല്ലെറിയുന്ന പൊലീസ്, റാപിഡ് ആക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ വിഡിയോകളും പോസ്റ്റ് ചെയ്താണ് സിജെപി ഇതിനെ പ്രതിരോധിക്കുന്നത്. തിങ്കളാഴ്ചയുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് പരിക്കേറ്റ 150-ഓളം പ്രതിഷേധക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രതിഷേധക്കാര്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ 118 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നു.
പ്രതിഷേധത്തിന് പിന്നാലെ ഇന്ന് ഡല്‍ ഹിയിലെ 16 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. രാജീവ് ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, മണ്ഡി ഹൗസ്, ഐ.ടി.ഓ, ഖാന്‍ മാര്‍ക്കറ്റ് എന്നിവയുള്‍പ്പെടെ പതിനാറ് ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍ ബുധനാഴ്ച രാവിലെ അടച്ചതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (DMRC) അറിയിച്ചു. എന്നാല്‍ രാജീവ് ചൗക്ക്, മണ്ഡി ഹൗസ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് എന്നിവിടങ്ങളില്‍ ലൈനുകള്‍ മാറി യാത്ര ചെയ്യാനുള്ള സൗകര്യം ലഭ്യമാണെന്നും ഡി.എം.ആര്‍.സി വ്യക്തമാക്കി. തിങ്കളാഴ്ചയും നിരവധി മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടിരുന്നു.
പ്രതിഷേധം ഇത്രയും ശക്തമാകുമ്പോള്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കുമോ എന്നതാണ് ഉയരുന്ന ചോ ദ്യം. എന്നാല്‍ അത്തരമൊരു കാര്യം വിദൂര സാധ്യത മാത്രമാണെന്ന് വിലയിരുത്തല്‍. രാഷ്ട്രീയ നേട്ടത്തിനായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസു വിദ്യാര്‍ഥികളെ ഉപയോഗിക്കുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നു. വിദ്യാര്‍ത്ഥി സമരത്തെ അവ ഗണിക്കുന്ന പ്രധാനും വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിരുന്നുവെന്നതും മറ്റൊരു വസ്തുത.
എ.ബി.വി.പി.യുടെ ദേശീയ സെക്രട്ടറിയായിരുന്നു കാലത്ത് 1997-ല്‍ ഒരു വിദ്യാര്‍ത്ഥി നേതാവെന്ന നിലയില്‍ സംസ്ഥാനതല ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും പരീക്ഷാ ക്രമക്കേട് അഴിമതിക്കുമെതിരെ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിക്കൊണ്ട് അദ്ദേഹം ഒഡീഷയിലെ തെരുവിലിറങ്ങിട്ടുണ്ട്. ഭുവനേശ്വറിലെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഏകദേശം 1,500-ഓളം വിദ്യാര്‍ത്ഥികള്‍ അണിനിരന്ന റാലിക്കും അന്ന് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. അന്ന് പ്രധാന് ശക്തമായ പൊലീസ് നടപടി നേരിടേണ്ടി വരികയും ലാത്തിച്ചാര്‍ജില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വിമര്‍ശനങ്ങളോട് അപൂര്‍വ്വമായി മാത്രം പ്രതികരിക്കാറുള്ള മോദി, പ്രതിഷേധക്കാരുടെ ആവശ്യങ്ങളോട് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ സംഭവത്തില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഇത്തരം ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞതായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവാണ് വ്യക്തമക്കിയത്. എന്തായാലും പ്രക്ഷോഭം കൂടുതല്‍ ശക്തിപ്രാപിക്കുമോ അതോ ഈ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയുമോയെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.
English Summary
The CJP-led student protest in Delhi has escalated into a massive political storm for the Central Government, driven by systemic failures within the NTA that led to the suicides of 93 students over the past five years. What the authorities initially dismissed as mere online activism—sparks ignited by the CJI’s controversial remark comparing student activists to roaches—rapidly transformed into an unstoppable human wave on the streets of Delhi. The brutal police crackdown on the Parliament march further intensified the unrest. Leader of the Opposition Rahul Gandhi strategically capitalized on this anger by confronting the government over 152 paper leaks in a decade. Backed by strict notices from the Delhi High Court, solidarity from cultural icons like Dulquer Salmaan, and Sonam Wangchuk’s rigid hunger strike, the CJP movement has successfully forced a cornered Centre to agree to a parliamentary debate, while the opposition continues to demand the Education Minister’s resignation.


