മലേഗാവ് സ്‌ഫോടനക്കേസ്: പ്രജ്ഞാസിങ് ഠാക്കൂർ അടക്കം ഏഴുപ്രതികളെയും വെറുതേവിട്ടു

മുംബൈ: കോളിളക്കം സൃഷ്ടിച്ച മലേഗാവ് ബോംബ് സ്ഫോടനക്കേസില്‍ ഏഴുപ്രതികളെയും കോടതി വെറുതെവിട്ടു. ബിജെപി നേതാവും മുന്‍ എംപിയുമായ പ്രജ്ഞാസിങ് ഠാക്കൂര്‍, മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ലെഫ്. കേണല്‍ പ്രസാദ് പുരോഹിത്, വിരമിച്ച മേജര്‍ രമേശ് ഉപാധ്യായ, അജയ് രഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരെയാണ് മുംബൈയിലെ എന്‍ഐഎ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയത്.

ശക്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി എ.കെ. ലഹോട്ടി പ്രതികളെ വെറുതേവിട്ടത്. ഭീകരതയ്ക്ക് മതമില്ലെന്നും ഒരുമതത്തിനും അക്രമത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍, ചില ധാരണകളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് ആരെയും ശിക്ഷിക്കാനാകില്ല. ശക്തമായ തെളിവുകള്‍ വേണമെന്നും കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപവീതവും നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ മുംബൈയിലെ എന്‍ഐഎ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിൻ്റെ വിചാരണയ്ക്കിടെ 323 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. ഇതിൽ 40-ഓളം സാക്ഷികൾ കൂറുമാറിയിരുന്നു.

2008 സെപ്റ്റംബര്‍ 29-നാണ് മലേഗാവിലെ ബിക്കു ചൗക്കിന് സമീപത്തെ പള്ളിക്കടുത്തായി സ്ഫോടനമുണ്ടായത്. ജനത്തിരക്കേറിയ മേഖലയില്‍ മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടി ആറുപേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. മലേഗാവ് സ്ഫോടനം പിന്നീട് വലിയ രാഷ്ട്രീയവിഷയമായും മാറി.

മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്(എടിഎസ്) ആണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയത്. പ്രജ്ഞാസിങ് ഠാക്കൂര്‍, മുന്‍ സൈനിക ഉദ്യോഗസ്ഥനായ ലെഫ്. കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, പ്രതികളെല്ലാം പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. 2011-ല്‍ കേസ് എന്‍ഐഎ ഏറ്റെടുത്തു. കൂടുതല്‍ അന്വേഷണം നടത്തി കേസില്‍ അനുബന്ധകുറ്റപത്രവും സമര്‍പ്പിച്ചു.

പ്രജ്ഞാസിങ് ഠാക്കൂറും ലെഫ്. കേണല്‍ പുരോഹിതുമായിരുന്നു കേസിലെ പ്രധാനപ്രതികള്‍. സ്ഫോടനം നടത്താനായി ഉപയോഗിച്ച മോട്ടോര്‍സൈക്കിള്‍ പ്രജ്ഞാസിങ്ങിന്റെ പേരിലുള്ളതാണെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. 2006-ലെ മുംബൈ സ്ഫോടന പരമ്പരയുടെ പ്രതികാരമായി മുസ്ലീം ഭൂരിപക്ഷമേഖലകള്‍ ലക്ഷ്യമിട്ട് വലിയ ഗൂഢാലോചനയാണ് പ്രതികളുടെ നേതൃത്വത്തില്‍ നടന്നതെന്നും എടിഎസ് പറഞ്ഞിരുന്നു.

അഭിനവ് ഭാരത് എന്ന തീവ്ര ഹൈന്ദവസംഘടനയ്ക്ക് സഹായങ്ങള്‍ നല്‍കിയെന്ന് ആരോപിച്ചാണ് മുന്‍ സൈനിക ഉദ്യോഗസ്ഥനായ ലെഫ്. കേണല്‍ പുരോഹിതിനെ പോലീസ് അറസ്റ്റ്ചെയ്തത്. മലേഗാവ് സ്ഫോടനത്തിനുള്ള ബോംബ് നിര്‍മാണസാമഗ്രികളടക്കം സംഘടിപ്പിച്ചത് ഇയാളാണെന്നായിരുന്നു കണ്ടെത്തല്‍. ആക്രമണം സംബന്ധിച്ച ഗൂഢാലോചനയിലും പുരോഹിതിന് പങ്കുണ്ടെന്നും അന്വേഷണസംഘം പറഞ്ഞിരുന്നു. അതേസമയം, തങ്ങള്‍ക്കെതിരായ കുറ്റാരോപണം പ്രജ്ഞാസിങ്ങും പുരോഹിതും ഒരുപോലെ നിഷേധിച്ചു. കേസില്‍ കുടുക്കിയതാണെന്നായിരുന്നു ഇവരുടെ അവകാശവാദം. അന്വേഷണകാലയളവില്‍ വലിയ പീഡനംനേരിട്ടെന്ന പ്രജ്ഞാസിങ്ങിന്റെ ആരോപണങ്ങളും വിവാദമായിരുന്നു.

2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള എടിഎസ് സംഘമാണ് മലേഗാവ് സ്ഫോടനക്കേസില്‍ ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയിരുന്നത്. തീവ്രഹിന്ദുത്വ ഗ്രൂപ്പുകളാണ് മലേഗാവ് സ്ഫോടനം ആസൂത്രണംചെയ്തതെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പ്രതികള്‍ക്കെതിരേ യുഎപിഎ, മക്കോക വകുപ്പുകളും ചുമത്തിയിരുന്നു.

2011-ല്‍ കേസ് എന്‍ഐഎ ഏറ്റെടുത്തു. 2016-ല്‍ എന്‍ഐഎ സമര്‍പ്പിച്ച അനുബന്ധകുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരേ നേരത്തേ ചുമത്തിയിരുന്ന മക്കോക വകുപ്പ് ഒഴിവാക്കി. മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഈ മക്കോക ഒഴിവാക്കിയത്. എന്നാല്‍, യുഎപിഎ, ഐപിസി, ആയുധനിയമം എന്നിവപ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരേ നിലനിര്‍ത്തി. അഭിനവ് ഭാരത് എന്ന സംഘടന പ്രതികാരമായാണ് ആക്രമണപദ്ധതികള്‍ ആസൂത്രണംചെയ്തതെന്നും എന്‍ഐഎ അന്വേഷണത്തിലും കണ്ടെത്തി. അതേസമയം, പ്രജ്ഞാസിങ് ഠാക്കൂറിനെ കേസില്‍നിന്ന് ഒഴിവാക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വിചാരണ നേരിടണമെന്ന് കോടതി നിര്‍ദേശിച്ചു. കേസില്‍ 1300 പേജുകളുള്ള കുറ്റപത്രമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഫൊറന്‍സിക് തെളിവുകള്‍, ഫോണ്‍വിളി വിവരങ്ങള്‍, സാക്ഷിമൊഴികള്‍ എന്നിവയെല്ലാം കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രതിഭാഗത്തിന്റെ വാദം
രാഷ്ട്രീയപ്രേരിതമായി കള്ളക്കേസില്‍ കുടുക്കിയെന്നായിരുന്നു പ്രജ്ഞാസിങ് അടക്കമുള്ള പ്രതികളുടെ വാദം. തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം വാദിച്ചു. മോട്ടോര്‍സൈക്കിളിന്റെ ഉടമസ്ഥാവകാശം തന്റെ പേരിലായതുകൊണ്ട് മാത്രം സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കാനാകില്ലെന്നായിരുന്നു പ്രജ്ഞാസിങ്ങിന്റെ വാദം. പ്രസ്തുത മോട്ടോര്‍സൈക്കിള്‍ മാസങ്ങളായി മറ്റൊരാളുടെ കൈവശമായിരുന്നെന്നും ഇവര്‍ പറഞ്ഞിരുന്നു. നേരിട്ടുള്ള ഒരു തെളിവുകളുമില്ലാതെയാണ് പ്രജ്ഞാസിങ്ങിനെ എടിഎസ് പ്രതിചേര്‍ത്തതെന്നാണ് ഇവരുടെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞത്. സാക്ഷികളുടെ വിശ്വാസ്യതയെയും പ്രതിഭാഗം ചോദ്യംചെയ്തു.

സൈന്യത്തിന്റെ അണ്ടര്‍കവര്‍ ഓഫീസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്നും ഇന്റലിജന്‍സ് വിവരശേഖരണത്തിനായാണ് അഭിനവ് ഭാരത് എന്ന തീവ്രസംഘടനയിലേക്ക് നുഴഞ്ഞുകയറിയതെന്നുമായിരുന്നു ലെഫ് കേണല്‍ പുരോഹിതിന്റെ വാദം. ഇക്കാര്യങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും സ്ഫോടനത്തില്‍ പങ്കുണ്ടെന്നത് തെളിയിക്കുന്ന തെളിവുകള്‍ തനിക്കെതിരെയില്ലെന്നും സമര്‍പ്പിച്ചത് കെട്ടിച്ചമച്ച തെളിവുകളാണെന്നും ഇദ്ദേഹം കോടതിയില്‍ പറഞ്ഞിരുന്നു.

രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു മലേഗാവിലെ സ്ഫോടനക്കേസ്. 10,800 തൊണ്ടിമുതലുകളാണ് കേസില്‍ കോടതിയില്‍ ഹാജരാക്കിയത്. 404 രേഖകളും തെളിവായി ഹാജരാക്കി. 323 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. പ്രധാനസാക്ഷികളടക്കം 40-ഓളം പേര്‍ വിചാരണസമയത്ത് കൂറുമാറിയതും ശ്രദ്ധേയമായി. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്കിടെ അഞ്ച് വ്യത്യസ്ത ജഡ്ജിമാരാണ് കേസ് കേട്ടത്.

മലേഗാവ് സ്ഫോടനക്കേസ്; നാള്‍വഴി
2008 സെപ്റ്റംബര്‍ 29- മലേഗാവിലെ പള്ളിക്ക് സമീപം ബോംബ് സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു
2008 ഒക്ടോബര്‍- സംഘപരിവാർ നേതാവായ പ്രജ്ഞാസിങ് ഠാക്കൂര്‍, ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് തുടങ്ങിയവര്‍ അറസ്റ്റിലായി.
2009 ജനുവരി- മഹാരാഷ്ട്ര എടിഎസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു
2011 ഏപ്രില്‍- എന്‍ഐഎ കേസ് ഏറ്റെടുത്തു
2016- എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരേ ചുമത്തിയ ചില കുറ്റങ്ങള്‍ ഒഴിവാക്കിയെങ്കിലും ഭീകരവാദക്കുറ്റങ്ങള്‍ ഉള്‍പ്പെടെ നിലനിര്‍ത്തി
2018-2023 കേസിന്റെ വിചാരണ. പ്രോസിക്യൂഷന്‍ 323 സാക്ഷികളെ വിസ്തരിച്ചു. 40 പേരോളം കൂറുമാറി
2025 ഏപ്രില്‍- പ്രത്യേക കോടതിയില്‍ അന്തിമവാദം പൂര്‍ത്തിയായി. മേയ് എട്ടിന് വിധി പറയുമെന്ന് കോടതി
2025 മേയ് എട്ട്- കേസില്‍ വിധി പറയുന്നത് ജൂലായ് 31-ലേക്ക് മാറ്റി. ഒട്ടേറെ രേഖകള്‍ പരിശോധിക്കാനുണ്ടെന്നും സമയം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പ്രസ്താവം മാറ്റിവെച്ചത്.
2025 ജൂലായ് 31- കേസിലെ ഏഴുപ്രതികളെയും മുംബൈയിലെ പ്രത്യേക കോടതി വെറുതെവിട്ടു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News