പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ അടുപ്പം സ്ഥാപിച്ചശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ 23കാരന്‍ അറസ്റ്റില്‍. സംഭവത്തില്‍ നെടുമ്പ്രം പൊടിയാടി സ്വദേശി സഞ്ജയ് എസ് നായരെ (23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പരിചയപ്പെടുകയും, കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഇന്‍സ്റ്റഗ്രാം വഴി ബന്ധപ്പെടുകയും ചെയ്ത ഇയാള്‍ അടുപ്പം സ്ഥാപിക്കുകയുമായിരുന്നു.
സഞ്ജയ് കഴിഞ്ഞ ഡിസംബറില്‍ മാതാപിതാക്കള്‍ അറിയാതെ കുട്ടിയെ കാറില്‍ കയറ്റി തടിയൂരുള്ള അരുവിക്കുഴി വെള്ളച്ചാട്ടത്തില്‍ കൊണ്ടുപോവുകയും കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്തതിട്ടുണ്ട്. അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ കുട്ടിക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
ശരീരത്തിലെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ കുട്ടിക്ക് അയച്ചത് കൂടാതെ ഇയാള്‍ കുട്ടിയോട് നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനിതാ പൊലീസ് ജൂണ്‍ 20 ന് വൈകിട്ട് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

