കൊച്ചി: ‘ചുരുളി’ സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും ലിജോ പറയുന്നു.

മൂന്ന് ദിവസത്തെ ശമ്പളായി ഏകദേശം ആറുലക്ഷം (590000)രൂപയാണ് ജോജുവിനു പ്രതിഫലമായി ലഭിച്ചത്. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
‘ചുരുളി’ എന്ന സിനിമയുടെ തെറി പറയുന്ന പതിപ്പ് എല്ലാ പ്രേക്ഷകർക്കും വേണ്ടി റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നില്ലെന്നായിരുന്നു ജോജു ജോർജ് ന്യൂ ഇന്ത്യ എക്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ‘ചുരുളി’യുടെ തെറി ഇല്ലാത്ത ഒരു പതിപ്പുണ്ട് അതിൽ ഡബ്ബ് ചെയ്തിട്ടുമുണ്ട്.
തെറി ഉള്ള പതിപ്പ് ഫെസ്റ്റിവലിന് മാത്രമേ പോവുകയുള്ളൂ എന്നും തിയറ്ററിൽ തെറി ഇല്ലാത്ത വേർഷൻ ആയിരിക്കും റിലീസ് ചെയ്യുക എന്നുമാണ് അണിയറ പ്രവർത്തകർ തന്നോട് പറഞ്ഞിരുന്നതെന്ന് ജോജു പറയുന്നു. തെറി ഉള്ള ‘ചുരുളി’ സിനിമ എല്ലാത്തരം പ്രേക്ഷകർക്കും വേണ്ടി റിലീസ് ചെയ്യുകയാണെന്ന് തന്നോട് പറയാനുള്ള മര്യാദ പോലും കാണിച്ചില്ലെന്നും ആ സിനിമയുടെ തെറിയുടെ പേരിൽ പഴികേട്ടത് താനാണെന്നും ജോജു ജോർജ് പറയുന്നു. ചുരുളിയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം കിട്ടിയിട്ടില്ല എന്നും ജോജു ജോർജ് കൂട്ടിച്ചേർത്തിരുന്നു.
“ചുരുളി എന്ന സിനിമയുടെ തെറി പറയുന്ന വേർഷൻ ഫെസ്റ്റിവലിന് മാത്രമേ പോവുകയുള്ളൂ എന്ന് പറഞ്ഞതിന്റെ പേരിൽ തെറി പറഞ്ഞ് അഭിനയിച്ചതാണ്. പക്ഷേ അവരത് റിലീസ് ചെയ്തു. ഇപ്പൊ ഞാനാണ് അത് ചുമന്നുകൊണ്ട് നടക്കുന്നത്. ചുരുളിയിൽ തെറി ഇല്ലാത്ത ഒരു വേർഷൻ ഉണ്ട്. അതിൽ ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്.
അത് തിയേറ്ററിൽ വരുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ തെറി പറഞ്ഞുള്ള വേർഷൻ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. അത് അങ്ങനെ റിലീസ് ചെയ്യുമ്പോൾ നമ്മളോട് പറയേണ്ട ഒരു മര്യാദ ഉണ്ടായിരുന്നു. അതിൽ അഭിനയിച്ചതിന് എനിക്ക് പൈസ ഒന്നും കിട്ടിയിട്ടില്ല.
ആ കാര്യത്തിലൊക്കെ എനിക്ക് നല്ല വിഷമമുണ്ട്. അത് ഞാൻ പ്രകടിപ്പിച്ചിട്ടുമുണ്ട്. പിന്നെ അതിന്റെ പേരിൽ കേസ് വന്നത്, ഒരുമര്യാദയുടെ പേരിൽ പോലും ഒരാളും വിളിച്ചു ചോദിച്ചില്ല. പക്ഷേ അത് ഞാൻ ജീവിക്കുന്ന എന്റെ നാട്ടില് ഭയങ്കര പ്രശ്നമായിരുന്നു. ഫുൾ തെറി പറയുന്ന നാടാണ് പക്ഷെ ഞാൻ അങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോൾ പ്രശ്നമായി.
പക്ഷെ ഞാൻ ഇത് സിനിമയിൽ അഭിനയിച്ചതാണ്. ആ ഡാറ്റ ഇങ്ങനെ ഫെസ്റ്റിവലിന് മാത്രം പോകുന്നതാണ് എന്ന് പറഞ്ഞപ്പോൾ ആ ഫെസ്റ്റിവലിൽ പോയിവരും, എന്നാണു കരുതിയത്. ഇത് ഇങ്ങനെ പബ്ലിക് ആയിട്ട് വരും എന്ന് വിചാരിച്ചില്ല. പറഞ്ഞിട്ട് ഇനി കാര്യമില്ല അത് അങ്ങനെ സംഭവിച്ചു.” ജോജു ജോർജിന്റെ വാക്കുകൾ.
വിനോയ് തോമസിന്റെ ‘കളിഗെമിനാറിലെ കുറ്റവാളികൾ’ എന്ന കഥയെ ആസ്പദമാക്കി എസ് ഹരീഷിന്റെ തിരക്കഥയിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് ചുരുളി. പിടികിട്ടാപ്പുള്ളിയായ മൈലാടും പറമ്പിൽ ജോയി എന്ന കുറ്റവാളിയെ തേടി ആന്റണി, ഷാജിവൻ എന്നീ രണ്ട് പോലീസുകാർ വേഷം മാറി കൊടുങ്കാട്ടിനു നടുവിലെ ചുരുളി എന്ന ഗ്രാമത്തിൽ എത്തുന്നതും തുടർന്ന് സംഭവിക്കുന്ന വിചിത്രാനുഭവങ്ങളുമാണ് ചുരുളിയുടെ പ്രമേയം.
ജോജു ജോർജും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിലെ തെറി പ്രയോഗങ്ങള്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പൊതുധാർമികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ചിത്രം ഒടിടിയിൽ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ചിലർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സിനിമ ഫിലിംമേക്കറുടെ കലാസൃഷ്ടിയാണെന്നും അതിലെ ഭാഷ എങ്ങനെ വേണമെന്നു തീരുമാനിക്കാൻ സംവിധായകന് വിവേചനാധികാരമുണ്ടെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്.

