വാൽപ്പാറയിൽ നാലരവയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി കൂട്ടിലായി

മലക്കപ്പാറ: തമിഴ്നാട് വാൽപ്പാറയിൽ ഝാർഖണ്ഡ് സ്വദേശിയായ നാലരവയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി കൂട്ടിൽ കുടുങ്ങി. തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലർച്ചെയാണ് പുലിയെ കൂട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. തോട്ടം മേഖലയിൽ നിന്ന് പുലിയെ മാറ്റി ഉൾവനത്തിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

വാല്‍പ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനില്‍ തോട്ടംതൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റുസിനിയ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്. വീടിനു മുന്നില്‍ കളിക്കുന്നതിനിടെ തേയിലത്തോട്ടത്തില്‍നിന്ന് എത്തിയ പുലി കുട്ടിയെ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. തേയില നുള്ളിയിരുന്ന തൊഴിലാളികള്‍ ബഹളംവെച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് മറഞ്ഞു.

കുട്ടിയെ കാണാതായതിനു പിന്നാലെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസുമെല്ലാം ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തിരച്ചില്‍ പുലര്‍ച്ചെ മൂന്നുമണിവരെ തുടര്‍ന്നിരുന്നു. പിന്നീട് ശനിയാഴ്ച രാവിലെ ആറുമണിക്ക് തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു.

പോലീസിന്റെ കഡാവര്‍ നായയെ ഉള്‍പ്പെടെ എത്തിച്ചായിരുന്നു തിരച്ചില്‍. മുഴുവന്‍ തോട്ടം തൊഴിലാളികളും അവധിയെടുത്ത് തിരച്ചിലില്‍ പങ്കുചേര്‍ന്നിരുന്നു. ഒടുവില്‍ കുട്ടിയുടെ വീട്ടില്‍നിന്ന് 300 മീറ്റര്‍ മാത്രം അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടയിൽ രണ്ടുകുട്ടികളാണ് ഇവിടെ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News