കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി; ഫസ്റ്റ് ഗ്രേഡ് സര്‍വ്വേയര്‍ക്ക് കഠിന തടവും പിഴയും ശിക്ഷ

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി; ഫസ്റ്റ് ഗ്രേഡ് സര്‍വ്വേയര്‍ക്ക് കഠിന തടവും പിഴയും ശിക്ഷ

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയ ഫസ്റ്റ് ഗ്രേഡ് സര്‍വ്വേയറെ കോടതി നാല് വര്‍ഷം കഠിനതടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. തിരുവനന്തപുരം താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ ഓഫീസിലെ മുന്‍ സര്‍വ്വേയറും നിലവില്‍ കാസര്‍ഗോഡ് സര്‍വ്വേ സൂപ്രണ്ട് ഓഫീസിലെ ഉദ്യോഗസ്ഥനുമായ കുര്യാത്തി സ്വദേശി ഗിരീശന്‍ സി. ആണ് ശിക്ഷിക്കപ്പെട്ടത്. 2022-ല്‍ തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശിയുടെ പരാതിയില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനായി പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

പരാതിക്കാരന്റെ പേരിലുള്ള രണ്ടേക്കര്‍ വസ്തുവില്‍ നിന്നും ഒരേക്കര്‍ സ്ഥലം മരണപ്പെട്ട സഹോദരിയുടെ മകന്‍ അനധികൃതമായി സ്വന്തം പേരിലേക്ക് പോക്കുവരവ് ചെയ്തതിനെതിരെയായിരുന്നു പരാതി. ഈ വിഷയം പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയിരുന്ന ഗിരീശന്‍, കൃത്യസമയത്ത് റിപ്പോര്‍ട്ട് നല്‍കാതെ പരാതിക്കാരനെ വലയ്ക്കുകയായിരുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ട് അയക്കുന്നതിനായി പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട ഗിരീശനെ, പരാതിക്കാരന്റെ അറിയിപ്പ് പ്രകാരം എത്തിയ വിജിലന്‍സ് സംഘം പണം വാങ്ങുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നു.

കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി മനോജ് എ. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി നാല് വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയൊടുക്കാനും വിധി പുറപ്പെടുവിച്ചു. ശിക്ഷിക്കപ്പെട്ട പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഉദ്യോഗസ്ഥരായ കെ.ഇ. ബൈജു, പ്രസാദ് എം., പ്രശാന്ത് കെ.എസ്., ജീജി എന്‍. എന്നിവര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ മുന്‍ പോലീസ് സൂപ്രണ്ട് റെജി ജേക്കബ് ആണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വീണാ സതീശന്‍ ഹാജരായി.

സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുടെ ശ്രദ്ധയില്‍ ഇത്തരം വിവരങ്ങള്‍ പെടുകയാണെങ്കില്‍ ഉടന്‍ തന്നെ വിജിലന്‍സിനെ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു. അഴിമതി സംബന്ധിച്ച പരാതികള്‍ ടോള്‍ ഫ്രീ നമ്പരായ 1064 വഴിയോ, 8592900900 എന്ന നമ്പറിലോ, അല്ലെങ്കില്‍ 9447789100 എന്ന വാട്ട്സ്ആപ്പ് നമ്പറിലൂടെയോ അധികൃതരെ അറിയിക്കാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News