തിരുവനന്തപുരം:ഏഴരക്കൊല്ലമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആദ്യമായി നേരിൽക്കണ്ടുവെന്ന് നടൻ ഫഹദ് ഫാസിൽ. ഈ സന്ധ്യ അതിനുള്ള നിമിത്തമായത് തന്റെ ഭാഗ്യമായി കാണുന്നുവെന്നും താരം പറഞ്ഞു.
തിരുവനന്തപുരത്ത് കേരള ടൂറിസം വകുപ്പ് സംസ്ഥാനതല ഓണാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഫഹദ്. തിരുവനന്തപുരം തന്റെ പ്രിയനഗരമാണ്. താൻ ആദ്യമായി അച്ഛനൊപ്പം ഷൂട്ടിങ്ങിനു വന്നതും തന്റെ വിവാഹം നടന്നതുമൊക്കെ ഇവിടെയാണെന്നും ഫഹദ് പറഞ്ഞു.
‘‘മലയാളസിനിമയുടെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് എന്റെ തലമുറ പൊയ്ക്കൊണ്ടിരിക്കുന്നതെന്നും അതിന് ഏറ്റവും വലിയ കാരണമായി താൻ കാണുന്നത് കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റമാണ്. ആ മാറ്റത്തിൽ ആദ്യം കാണുന്നത് കേരളത്തിലെ വിനോദസഞ്ചാരമേഖലയുടെ വളർച്ചയാണ്.
കേരളത്തിലെ ടൂറിസം വളർന്നപ്പോൾ അതിനോടനുബന്ധമായി വേറെയും ഇൻഡസ്ട്രികൾ വളർന്നു. ഞാനതിൽ ഏറ്റവും കൂടുതൽ നേട്ടം കാണുന്നത് മലയാള സിനിമയ്ക്കാണ്. കുമ്പളങ്ങി നൈറ്റ്സ് ആയാലും മഹേഷിന്റെ പ്രതികാരമായാലും. കുമ്പളങ്ങി എന്ന സ്ഥലമില്ലെങ്കിൽ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയില്ല. ഇടുക്കിയില്ലെങ്കിൽ മഹേഷിന്റെ പ്രതികാരമില്ല.
കുട്ടനാടില്ലെങ്കിൽ ആമേനില്ല. ഇത്രയും സ്ഥലങ്ങൾ മലയാളക്കരയിലുള്ളപ്പോൾ തീർച്ചയായും മലയാളത്തിന്റെ കഥ തന്നെയാണ് പറയേണ്ടതെന്ന് ഒരുപാട് സുഹൃത്തുക്കൾ പറയാറുണ്ട്. ടൂറിസത്തിന്റെ വളർച്ചയ്ക്കൊപ്പം തങ്ങളേപ്പോലുള്ളവർക്ക് പുതിയൊരു അവസരമാണ് തുറന്നിരിക്കുന്നത്.
ഇപ്പോൾ ഇന്ത്യയിലാദ്യമായി സിനിമാ ടൂറിസം വരാൻ പോവുകയാണ്. അതിന് എല്ലാ രീതിയിലുള്ള സഹകരണവും സഹായവും ഞാൻ സർക്കാരിനും മന്ത്രി മുഹമ്മദ് റിയാസിനും പ്രഖ്യാപിക്കുന്നു. ടൂറിസത്തിനൊപ്പം തന്നെ വളരേണ്ടവയാണ് സിനിമയടക്കമുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ.
ഒരുപാട് ഓർമകളും നന്മകളുമുള്ള നഗരമാണ് തിരുവനന്തപുരം. ആദ്യമായി അച്ഛനൊപ്പം ഷൂട്ടിങ് കാണാൻ വന്നത് ഇവിടെയാണ്. ഒരുപാട് അംഗീകാരങ്ങൾതന്നു. ഇതിനൊക്കെ ഉപരി എന്റെ വിവാഹം നടന്നതും ഇവിടെയാണ്.’’–ഫഹദ് പറഞ്ഞു.