ന്യൂഡൽഹി: സിംബാബ്‌വെ 2026 ടി20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ കടന്നു. ഗ്രൂപ്പ് ബിയിൽ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന സിംബാബ്‌വെ – അയർലൻഡ് മത്സരം മഴമൂലം ടോസിനു പോലും സാധിക്കാതെ ഉപേക്ഷിച്ചതോടെയാണ് സിംബാബ്‌വെ സൂപ്പർ എട്ടിലെത്തിയത്. ഇതോടെ മുൻ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയും അയർലൻഡും സൂപ്പർ എട്ട് കാണാതെ പുറത്തായി. മത്സരം ഉപേക്ഷിച്ചതോടെ സിംബാബ്‌വെയും അയർലൻഡും പോയന്റുകൾ പങ്കുവെയ്ക്കുകയായിരുന്നു.
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളുമായി അഞ്ചു പോയന്റോടെയാണ് സിംബാബ്‌വെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. സിംബാബ്‌വെയോടും കഴിഞ്ഞ ദിവസം ശ്രീലങ്കയോടുമേറ്റ തോൽവികളാണ് ഓസീസിന് വിനയായത്.
ടൂർണമെന്റ് ചരിത്രത്തിൽ ഓസ്‌ട്രേലിയ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത് ഇത് രണ്ടാം തവണയാണ്. 2009-ൽ വെസ്റ്റിൻഡീസിനോടും ശ്രീലങ്കയോടും തോറ്റായിരുന്നു ഓസീസ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായത്. ഇത്തവണയും ശ്രീലങ്കയോട് തോൽവി നേരിട്ടു.
പ്രധാന താരങ്ങളുടെ പരിക്ക് കാരണം ലോകകപ്പിനു മുമ്പേ തന്നെ ഓസീസിന്റെ തയ്യാറെടുപ്പുകൾ താളംതെറ്റിയിരുന്നു. പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും പരിക്കുമൂലം പുറത്തായി. ക്യാപ്റ്റൻ മാർഷിന് പരിക്ക് കാരണം മത്സരങ്ങൾ നഷ്ടമാകുകയും ചെയ്തു.
മാർഷിന്റെ അഭാവത്തിൽ ട്രാവിസ് ഹെഡിന്റെ ക്യാപ്റ്റൻസിയിൽ അയർലൻഡിനെതിരേ വിജയത്തോടെയാണ് ഓസീസ് തുടങ്ങിയത്. പക്ഷേ രണ്ടാം മത്സരത്തിൽ സിക്കന്ദർ റാസ നയിച്ച സിംബാബ്‌വെയോട് 23 റൺസിന് തോറ്റത് വലിയ തിരിച്ചടിയായി. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ മാർഷ് തിരിച്ചെത്തി, ഹെഡിനൊപ്പം മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കെട്ടിപ്പടുത്തു. എന്നാൽ മധ്യനിര തകർന്നതോടെ ഓസീസ് 181 റൺസിലൊതുങ്ങി. വിക്കറ്റ് നഷ്ടമില്ലാതെ 104 റൺസെന്ന നിലയിൽ നിന്നായിരുന്നു തകർച്ച. മറുപടിയായി പതും നിസ്സങ്കയുടെ സെഞ്ചുറി മികവിൽ ലങ്ക വിജയത്തിലെത്തി.
അതോടെ ഓസീസിന് സൂപ്പർ എട്ടിൽ കടക്കാൻ സിംബാബ്‌വെ, അയർലൻഡിനോട് തോൽക്കുകയും അവസാന മത്സരത്തിൽ ഒമാനെ വലിയ മാർജിനിൽ തോൽപ്പിക്കുകയും വേണമായിരുന്നു. എന്നാൽ സിംബാബ്‌വെ – അയർലൻഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഓസീസിൻരെ പ്രതീക്ഷകൾക്ക് അവസാനമായി.


