പ്രതിഷേധമെന്തിന് ഡൽഹിയിൽവിളിച്ച് ആദരിച്ചാൽപോരെ?;കന്യാസ്ത്രീകളുടെ അറസ്റ്റിൽ യൂഹാനോന്‍ മെത്രാപ്പോലീത്ത

തൃശ്ശൂര്‍: ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. 'എന്തിനാ പ്രതിഷേധിക്കുന്നെ, അടുത്ത പെരുന്നാളിനു ഡെല്‍ഹിയില്‍ ഒന്നുകൂടെ വിളിച്ച് ആദരിച്ചാല്‍ പോരേ?' എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ചാണ് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസ് എന്നിവരെ അറസ്റ്റ് ചെയ്തത്. ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ച് അറസ്റ്റിലായ ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്. സംഭവത്തിൽ കേരളത്തിലെ കത്തോലിക്കാ സഭകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്.

ഒരു പറ്റം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഞായറാഴ്ചയായതിനാല്‍ ജാമ്യാപേക്ഷ നല്‍കാനായിട്ടില്ല. തിങ്കളാഴ്ച ഇതിനുള്ള നടപടികളുണ്ടാകുമെന്നാണ് വിവരം. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News