യൂട്യൂബ് വീഡിയോയ്ക്ക് വേണ്ടി കൊടും തണുപ്പില്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് കാമുകി മരിച്ചു, പ്രമുഖ യൂട്യൂബര്‍ അറസ്റ്റില്‍. റഷ്യയിലെ പ്രമുഖ യൂട്യൂബറായ സ്റ്റാസ് റീഫലി എന്ന മുപ്പതുകാരനാണ് വെറൈറ്റിക്ക് വേണ്ടി കടുംകൈ ചെയ്തത്. ലൈവ് സ്ട്രീമിങ്ങിനിടയില്‍ 28 കാരിയായ വാലന്റീനയെ സ്റ്റാസ് നിര്‍ബന്ധിച്ച് പുറത്തു കൊടുംതണുപ്പില്‍ കൊണ്ടുപോയി നിര്‍ത്തുകയായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് യുവതിയെ ഇയാള്‍ പുറത്ത് ഉപേക്ഷിച്ചത്.
കൊടും തണുപ്പ് താങ്ങാനാകാതെയാണ് യുവതി മരണപ്പെട്ടത്. വീഡിയോയ്ക്കിടയില്‍ സ്റ്റാസ് വാലന്റീനയെ മര്‍ദ്ദിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മുമ്പ് ചെയ്ത വീഡിയോയില്‍ വാലന്റീന ഗര്‍ഭിണിയാണെന്ന് ഇയാള്‍ പറഞ്ഞിരുന്നു. ആരാധകരെ തൃപ്തിപ്പെടുത്താന്‍ കാമുകിയ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് ഇയാള്‍ വീടിന് പുറത്താക്കിയത്. മര്‍ദ്ദനത്തില്‍ യുവതിയുടെ തലയ്ക്കും മുഖത്തും ഗുരുതമായി പരിക്കേറ്റിരുന്നു.
കൊടും തണുപ്പില്‍ ഒരു ജാക്കറ്റ് പോലുമില്ലാതെയാണ് പുറത്തു നിര്‍ത്തിയത്. തണുപ്പ് സഹിക്കാന്‍ കഴിയുന്നില്ലെന്ന് യുവതി വിളിച്ചു പറയുകയും ചെയ്തിരുന്നു. പതിനഞ്ചു മിനുട്ടോളം വാലന്റീനയ്ക്ക് മോസ്‌കോയിലെ കൊടും തണുപ്പില്‍ നില്‍ക്കേണ്ടി വന്നു. പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോള്‍ സ്റ്റാസ് യുവതിയെ അകത്തേക്ക് കൊണ്ടുപോയി. പിന്നീട് നാടകീയമായ രംഗങ്ങളാണ് ലൈവില്‍ നടന്നത്. അനക്കമില്ലാതെ കിടക്കുന്ന യുവതിയെ സ്റ്റാസ് എത്ര വിളിച്ചിട്ടും ഉണര്‍ന്നില്ല. വാലന്റീന ശ്വാസമെടുക്കുന്നില്ലെന്നും പള്‍സ് ഇല്ലെന്നുമെല്ലാം ഇയാള്‍ ലൈവിനിടയില്‍ വിളിച്ചു പറയുന്നുണ്ട്.
സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുമ്പോഴും ലൈവ് തുടരുകയായിരുന്നു. യുവതി മരിച്ച് രണ്ട് മണിക്കൂറോളം ലൈവ് തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ യൂട്യൂബ് പിന്നീട് നീക്കം ചെയ്തു. റഷ്യയിലെ നിരവധി പേരാണ് ലൈവില്‍ കൊലപാതകം കണ്ടത്. 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് സ്റ്റാസ് ചെയ്തത്.
കാമുകിയോടുള്ള ക്രൂരതകളാണ് ഇയാളുടെ വീഡിയോ മുഴുവന്‍ എന്നാണ് വാലന്റിനീയുടെ സുഹൃത്ത് പോലീസിനോട് പറഞ്ഞത്. ആരാധകരില്‍ നിന്നും പണം സ്വീകരിക്കാന്‍ സ്റ്റാസ് മറ്റൊരു വെബ് സൈറ്റും തുടങ്ങിയിരുന്നു. ക്രൂര സ്വഭാവമുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യുമെന്ന് പരസ്യം ചെയ്ത് പണം സ്വീകരിച്ച് യൂട്യൂബ് ലൈവില്‍ എത്തുന്നതാണ് ഇയാളുടെ രീതി.