തിരുവനന്തപുരം: യു ട്യൂബറെ ഹണിട്രാപ്പിനിരയാക്കി പണം തട്ടിയെടുത്ത കേസിൽ രണ്ട് യുവതികളടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. കൊല്ലം സ്വദേശി അൽ അമീൻ, ഇടുക്കി സ്വദേശികളായ അഭിലാഷ്. അക്ഷയ, ആതിര എന്നിവരെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം മഞ്ചേരി സ്വദേശിയായ യു ട്യൂബറാണ് തട്ടിപ്പിനിരയായത്.
യു ട്യൂബിൽ നിന്ന് ലഭിച്ച നമ്പർ വഴിയാണ് അക്ഷയ ഇയാളുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് സുഖമില്ലാതെ കിടക്കുന്ന അനിയന് കൗൺസലിംഗ് നൽകണമെന്ന് പറഞ്ഞ് യുവാവിനെ കൂത്താട്ടുകുളത്തെ ലോഡ്‌ജിലേക്ക് വിളിപ്പിച്ചു. അവിടെ വച്ച് അക്ഷയ നൽകിയ ജ്യൂസ് കുടിച്ച താൻ മയങ്ങിപ്പോയെന്നും മയക്കം വിട്ടപ്പോൾ ആതിരയെന്ന് പെൺകുട്ടിയെയാണ് കണ്ടതെന്നും യു ട്യൂബർ പരാതിയിൽ പറയുന്നു.
കുറച്ച് കഴിഞ്ഞ് അൽ അമീനും അഭിലാഷും എത്തി യുവതികളെ ഇയാളുമായി ചേർത്ത് നിറുത്തി ഫോട്ടോയും വീഡിയോയും എടുത്തു. ഈ ഫോട്ടോയും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കാൻ അഞ്ചുലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടു.
തന്റെ പക്കൽ പണം ഇല്ലെന്ന് പറഞ്ഞപ്പോൾ അക്കൗണ്ടിലുണ്ടായിരുന്ന പതിനായിരം രൂപ ഇവർ എടുത്തു. ഇയാളുടെ കാർ അക്ഷയയുടെ പേരിൽ എഴുതി വാങ്ങുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഈ നാലുപേരും പിടിയിലായത്.
മലപ്പുറം തിരൂരങ്ങാടിയിൽ ഹണിട്രാപ്പിലൂടെ പണം തട്ടിയ രണ്ടുപേരെ അറസ്റ്റ് ചെയ്ത് പോലീസ്. വയനാട് സ്വദേശിയും മലപ്പുറം കോട്ടക്കലിൽ താമസക്കാരിയുമായ മുബഷിറ ജുമൈല, സുഹൃത്ത് മുക്കം സ്വദേശി അർഷദ് ബാബു എന്നിവരാണ് അറസ്റ്റിലായത്. പെരുവള്ളൂർ സ്വദേശിയായ 27കാരന്റെ പരാതിയിലാണ് തിരൂരങ്ങാടി പോലീസിന്റെ നടപടി.
യുവാവിന്റെ സ്ഥാപനത്തിൽ നേരത്തെ ജോലി ചെയ്തിരുന്ന ആളാണ് മുബഷിറ. ഈ പരിചയത്തിൽ യുവാവുമായി ലൈംഗികബന്ധത്തിലേർപ്പെടുകയും ഗർഭിണിയാവുകയും ചെയ്തു. പിന്നീട് ഗർഭച്ഛിദ്രം നടത്തുകയായിരുന്നു. ഇത് പുറത്തുപറയാതിരിക്കാൻ 15 ലക്ഷം ആവശ്യപ്പെട്ട് മുബഷിറ പരാതിക്കാരനെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
തിരൂരങ്ങാടി കൊളപ്പുറത്തുവച്ച് യുവാവ് മുബഷിറയ്‌ക്ക് 50,000 രൂപ നൽകിയിരുന്നു. എന്നാൽ, ഇതിനുശേഷവും പണം ചോദിച്ചു ഭീഷണി തുടർന്നതോടെയാണ് യുവാവ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയത്.
സംഭവത്തിൽ ബാക്കി തുക നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് പ്രതികളെ പോലീസ് പിടികൂടിയത്. അതേസമയം ബിഡിഎസ് വിദ്യാർത്ഥിനിയാണെന്നാണ് മുബഷിറ നേരത്തെ അവകാശപ്പെട്ടിരുന്നത്. ഇത് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.