ചീറിപ്പാഞ്ഞെത്തിയ പാലരുവി എക്സ്‌പ്രസിനെ മണ്ണിടിച്ചിലിൽനിന്ന് രക്ഷിച്ച് യുവാക്കൾ
കൊല്ലം : നിർത്താതെ പെയ്യുന്ന മഴയിൽ ചീറിപ്പാഞ്ഞെത്തുന്ന ട്രെയിൻ മണ്ണിടിച്ചിലിൽ അകപ്പെടാതെ വൻ ദുരന്തം ഒഴിവാക്കിയത് യുവാക്കളുടെ സമയോചിത പ്രവൃത്തി മൂലം. പാലരുവി എക്സ്‌പ്രസിനെ രണ്ടു പേരടങ്ങുന്ന ആ പട്രോളിങ് സംഘം ആപത്തിൽ നിന്ന് രക്ഷിച്ച സാഹചര്യം ഇപ്പോഴും അവിശ്വസനീയമാണ്. ഒറ്റക്കല്ല് സ്റ്റേഷനിലെ ട്രാക്ക്മാൻ എസ്.ഹരി , തെന്മല സ്റ്റേഷനിലെ ട്രോളിമാൻ മിക്കി തോമസ് എന്നിവരാണ് റെയിൽവേയുടെ അഭിമാനമായി മാറിയ ആ യുവാക്കൾ.
കൊല്ലം – ചെങ്കോട്ട റെയിൽ പാതയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത് . ഒറ്റക്കല്ലിൽ നിന്ന് ഉറുകുന്ന് സൂപ്പർ ബ്രിജ് വരെയുമാണ് ഇരുവരും സാധാരണയായി പട്രോളിങ് നടത്തേണ്ടത് . രാത്രി പത്ത് മണിയായിക്കാണും. ഇതേസമയത്തു തന്നെ ഇടമൺ സ്റ്റേഷനിൽ നിന്നുള്ള രണ്ടംഗ പട്രോളിങ് സംഘവും പരിശോധനയ്‌ക്കായി പുറപ്പെട്ടിരുന്നു. നാല് കിലോമീറ്ററിലധികം ദൂരം രണ്ടു സംഘങ്ങളും ട്രാക്കിലൂടെ പരിശോധന നടത്തണം.
ആദ്യഘട്ട പരിശോധനയ്‌ക്ക് ഒടുവിൽ ഇരുസംഘങ്ങളും കണ്ടുമുട്ടി, പ്രശ്നങ്ങളൊന്നുമില്ലെന്ന് പരസ്പരം അറിയിച്ചു. അൽപം വിശ്രമിച്ച ശേഷം മിക്കിയും ഹരിയും ഉറുകുന്ന് സൂപ്പർ ബ്രിജിൽ നിന്ന് രണ്ടാംഘട്ട പരിശോധന തുടങ്ങി. അൽപനേരം നടന്ന്, ഇടമൺ ഐഷാപാലത്തിന് സമീപത്ത് എത്തിയപ്പോൾ ഇരുട്ടത്ത് ട്രാക്കിൽ എന്തോ കിടക്കുന്നത് പോലെ തോന്നി. ഓടി അടുത്തിയതോടെ കാര്യം വ്യക്തമായി. ട്രാക്കിലേക്ക് കുന്നിടിഞ്ഞു വീണിരിക്കുന്നു. അപ്പോൾ സമയം 12.45. പാലക്കാടു നിന്നു തിരുനെൽവേലിക്കു വരുന്ന പാലരുവി എക്സ്പ്രസ് എത്തേണ്ട സമയമാകുന്നു. ഇടമണ്ണിൽ നിന്നുള്ള പട്രോളിങ് സംഘത്തെ മൊബൈൽ ഫോണിൽ വിളിച്ചു സംഭവം പറഞ്ഞു . ട്രെയിൻ അടിയന്തിരമായി തടയണമെന്ന് ആവശ്യപ്പെട്ടു.
പക്ഷെ ഇടമണ്ണിൽ നിന്നു വണ്ടി പുറപ്പെട്ടു കഴിഞ്ഞിരുന്നു. മണ്ണിടിഞ്ഞ സ്ഥലത്തേക്ക് ട്രെയിൻ അധികം വൈകാതെ എത്തുമെന്ന് മനസിലായി. അപകടം കണ്ടാൽ കയ്യിലുള്ള പടക്കം അപകടം നടന്നതിന് 10 മീറ്ററിലും 600 മീറ്ററിലും 1200 മീറ്ററിലും ഇരു ഭാഗത്തേക്കും പാളത്തിൽ സ്ഥാപിക്കണമെന്നാണു ചട്ടം. പടക്കത്തിൽ ട്രെയിൻ കയറുമ്പോൾ ഉണ്ടാകുന്ന സ്ഫോടന ശബ്ദം കേട്ട് ട്രെയിൻ നിർത്തണം. എന്നാൽ ഇത്രയും ദൂരം ഇരുഭാഗത്തേക്കും ഓടിയെത്തുക അസാദ്ധ്യമാണ്.
ആലോചിച്ച് നിൽക്കാൻ സമയമില്ല സിഗ്നൽ ലൈറ്റിൽ ചുവപ്പ് വെട്ടം തെളിച്ച് മിക്കിയും ഹരിയും ട്രാക്കിലൂടെ ഓടാൻ തുടങ്ങി. ഒരു കിലോ മീറ്ററോളം ഓടിയപ്പോൾ ട്രെയിൻ വരുന്നത് കണ്ടു . കൈയ്യിലുണ്ടായിരുന്ന വിളക്ക് ഉയർത്തി കാണിച്ചു. ട്രെയിൻ നിർത്തിച്ചു . വിവരം ലോക്കോ പൈലറ്റിനെ ധരിപ്പിച്ചു. ലോക്കോ പൈലറ്റ് മധുര കൺട്രോൾ റൂമുമായി ബന്ധപ്പെട്ട ശേഷം ട്രെയിൻ തിരികെ ഇടമൺ സ്റ്റേഷനിലേക്ക് പിന്നോട്ടെടുത്തു. അപ്പോഴേക്കും സമീപ സ്റ്റേഷനുകളിലെല്ലാം വിവരം ലഭിച്ചിരുന്നു.
സംഭവമറിഞ്ഞ് റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി . ട്രാക്കിലുള്ള പാറയിൽ ട്രെയിൻ ഇടിച്ചാലുണ്ടാകുന്ന ആഘാതം വളരെ വലുതാണെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു .രാത്രി 2ന് തന്നെ പാറയും മണ്ണും നീക്കുന്ന ജോലി ആരംഭിച്ചു. രാവിലെ 7ന് തടസ്സം മാറ്റി 7.30ന് തിരുനെൽവേലി ഭാഗത്തേക്കുള്ള പാലരുവി എക്സ്പ്രസ് കടന്നുപോയതിനു ശേഷമാണ് മിക്കിയും ഹരിയും വീടുകളിലേക്കു മടങ്ങിയത്.