News

വിഷപാമ്പായ ശംഖുവരയനെ ചുട്ടെടുത്ത് മദ്യത്തിനൊപ്പം തൊട്ടുകൂട്ടി; യുവാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കോര്‍ബ: ചുട്ട വിഷപ്പാമ്പിനെ മദ്യത്തിനൊപ്പം തൊട്ടുകൂട്ടിയ യുവാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. പാമ്പിനെ കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഗുഡ്ഡു ആനന്ദ്, രാജു ജാങ്ഡേ എന്നീ യുവാക്കളാണ് ആശുപത്രിയിലുള്ളത്. വിഷപാമ്പായ ശംഖുവരയനെയാണ് യുവാക്കള്‍ ചുട്ടെടുത്ത് കഴിച്ചത്. പിന്നീട് ഇതിനെ മദ്യത്തിനൊപ്പം തൊട്ടുകൂട്ടി. പാമ്പിന്റെ തലയും വാലുമാണ് ഇവര്‍ മദ്യത്തിനൊപ്പം കഴിക്കാന്‍ എടുത്തത്. പാമ്പിനെ കഴിച്ചതിന് പിന്നാലെ യുവാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഇന്ദിരാ നഗര്‍ പ്രദേശത്തെ ദേവാംഗന്‍പരയിലെ ഒരു വീടിന് സമീപമാണ് വിഷപാമ്പിനെ കണ്ടത്. ഇതോടെ വീട്ടുടമ ഇതിനെ പിടികൂടി തീയിലിട്ടു. പിന്നീട് പാതിവെന്ത പാമ്പിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഈ വഴി കടന്നുപോയ ഗുഡ്ഡു ആനന്ദ്, രാജു ജാങ്ഡേ എന്നീ യുവാക്കള്‍ പാതി വെന്ത പാമ്പിനെ എടുത്തുെകാണ്ടുപോവുകയായിരുന്നുവെന്ന് സംഭവത്തില്‍ പോലീസ് പറയുന്നു.

പിന്നീട് ഇവര്‍ മദ്യത്തിനൊപ്പം പാമ്പിനെ ഭക്ഷണമാക്കി ഉപയോഗിച്ചു. രാജുവിന് പാമ്പിന്റെ തലഭാഗവും ഗുഡ്ഡുവിന് വാല്‍ഭാഗവുമാണ് ലഭിച്ചത്. തല ഭാഗം കഴിച്ച രാജുവിന്റെ നിലയാണ് ഇപ്പോള്‍ ഗുരുതരമായി തുടരുന്നത്. പൊലീസ് സ്ഥലത്തെത്തി പാമ്പിന്റെ മറ്റ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button