കല്‍ക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനെ യുവാക്കള്‍ അടിച്ചുകൊന്നു

പ്രസാദത്തെച്ചൊല്ലി തര്‍ക്കം; ഡല്‍ഹി കല്‍ക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനെ യുവാക്കള്‍ അടിച്ചുകൊന്നു

ന്യൂഡല്‍ഹി: കല്‍ക്കാജി ക്ഷേത്രത്തില്‍ പ്രസാദത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി സ്വദേശിയായ യോഗേന്ദ്ര സിങ്ങാണ് കൊല്ലപ്പെട്ടത്. മൂന്ന് യുവാക്കളാണ് ഇയാളെ കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. 15 വര്‍ഷമായി കല്‍ക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനാണ് യോഗേന്ദ്ര സിങ്. ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രതികള്‍ പ്രസാദത്തിനായി യോഗേന്ദ്ര സിങ്ങിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ യുവാക്കളും ജീവനക്കാരനും തമ്മില്‍ തര്‍ക്കം ആരംഭിച്ചു. വൈകാതെ ഇത് അക്രമാസക്തമായി, പ്രതികള്‍ വടികള്‍ ഉപയോഗിച്ച് ഇയാളെ അടിക്കുകയും കൈകൊണ്ട് ഇടിക്കുകയും ചെയ്തു.

കൂടുതല്‍ ആളുകള്‍ എത്തിയതോടെ പ്രതികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ ദക്ഷിണപുരി സ്വദേശിയായ അതുല്‍ പാണ്ഡെ (30) എന്നയാളെ ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ തന്നെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യോഗേന്ദ്ര സിങ്ങിനെ ഉടന്‍തന്നെ സമീപത്തെ എയിംസ് ട്രോമ സെന്ററിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ്, ആക്രമണത്തില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News