ജമ്മുകശ്മീരിൽ മേഘവിസ്‌ഫോടനം; ഒരു കുടുംബത്തിലെ 7 പേര്‍ മരിച്ചു

ജമ്മുകശ്മീരിൽ മേഘവിസ്‌ഫോടനം; അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ 7 പേര്‍ മരിച്ചു

കശ്മീര്‍: നിര്‍ത്താതെ പെയ്ത മഴയെത്തുടര്‍ന്നുണ്ടായ പുതിയ ഉരുള്‍പൊട്ടലുകളിലും മേഘവിസ്‌ഫോടനങ്ങളിലും ജമ്മു കശ്മീരില്‍ 11 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായി അധികൃതര്‍. റിയാസി ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. 4, 6, 8, 10, 12 വയസ്സുള്ള അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേരുടെയും മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെ മണ്‍വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തു.

രാജ്ഗഡിലെ ഉയര്‍ന്ന പ്രദേശങ്ങളിൽ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ റമ്പാനില്‍ നാല് പേര്‍ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തു. കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ വീടുകള്‍ ഒഴുകിപ്പോവുകയും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചിലത് പൂര്‍ണമായും ഒലിച്ചുപോയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ശ്രീനഗറില്‍ നിന്ന് ഏകദേശം 136 കിലോമീറ്റര്‍ അകലെയാണ് റമ്പാന്‍. റമ്പാനിലെ ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.\

ജമ്മു കശ്മീരില്‍ ഒരാഴ്ചയായി കനത്ത മഴ തുടരുകയാണ്. നദികള്‍ കരകവിഞ്ഞൊഴുകി ഒട്ടേറെയിടങ്ങളില്‍ വെള്ളം കയറി. കുന്നിന്‍ ചെരിവിലെ മരങ്ങളും പാറക്കെട്ടുകളും റോഡുകളില്‍ വീണതോടെ ഗതാഗതം സ്തംഭിച്ചു.

270 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതും ജമ്മുകശ്മീര്‍ താഴ്‌വരകളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതുമായ ജമ്മു-ശ്രീനഗര്‍ ദേശീയപാത തുടര്‍ച്ചയായ അഞ്ചാം ദിവസവും അടച്ചിട്ടിരിക്കുകയാണ്. ഉധംപൂര്‍ ജില്ലയിലെ ജഖേനിയ്ക്കും ചെനാനിയ്ക്കും ഇടയില്‍ ഈ ആഴ്ച ആദ്യമുണ്ടായ കനത്ത മഴയിലും മിന്നല്‍പ്രളയത്തിലും 2,000-ൽ അധികം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.

ജമ്മു മേഖലയിലെ ഒമ്പത് അന്തര്‍ജില്ലാ റോഡുകളും ഉരുള്‍പൊട്ടലും മണ്ണൊലിപ്പും കാരണം അടച്ചിട്ടിരിക്കുകയാണ്. ദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് ജമ്മു, സാംബ, കത്വ, ഉധംപൂര്‍ എന്നിവിടങ്ങളിലെ പന്ത്രണ്ടിലേറെ ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു.

ജമ്മുവിലെ കത്രയിലുള്ള വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപം ഉണ്ടായ ഉരുള്‍പൊട്ടലില്‍ 31 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ത്രികൂട കുന്നിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാത, മലയുടെ ഭാഗങ്ങള്‍ ഇടിഞ്ഞുവീണ് തകര്‍ന്നിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News